| Saturday, 27th December 2025, 1:10 pm

തള്ളി തള്ളി തള്ളി എങ്ങോട്ടിത്.... 40 കോടി കടക്കാത്ത ഭ ഭ ബ 50 കോടി നേടാറായെന്ന് പറഞ്ഞ് സക്‌സസ് ടീസര്‍

അമര്‍നാഥ് എം.

വന്‍ ഹൈപ്പിലെത്തി പ്രേക്ഷകരെ നിരാശയുടെ പടുകുഴിയിലെത്തിച്ച ചിത്രമാണ് ഭ ഭ ബ. ദിലീപ് നായകനായ ചിത്രം ആദ്യദിനം തന്നെ ബോക്‌സ് ഓഫീസില്‍ സമ്മിശ്ര പ്രതികരണങ്ങളായിരുന്നു നേടിയത്. ക്രിസ്മസ് അവധി പോലും മുതലെടുക്കാനാകാതെ ആദ്യ വീക്കെന്‍ഡില്‍ തന്നെ ചിത്രത്തെ പ്രേക്ഷകര്‍ കൈയൊഴിഞ്ഞിരുന്നു.

ആദ്യ മൂന്ന് ദിവസം കൊണ്ട് 33 കോടി നേടിയ ചിത്രം പിന്നീട് കളക്ഷന്റെ കാര്യത്തില്‍ കിതക്കുകയായിരുന്നു. ഇതുവരെ 40 കോടി പോലും കടക്കാത്ത ചിത്രം 50 കോടിയിലേക്ക് കടക്കുകയാണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം പുറത്തുവിട്ട സക്‌സസ് ടീസറിലാണ് ’50 കോടി ക്ലബ്ബിലേക്ക് കുതിക്കുന്നു’ എന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടത്.

ഭ ഭ ബ Photo: Sree Gokulam movies

ടീസറിന് താഴെ 50 കോടി നേട്ടത്തെ കളിയാക്കിക്കൊണ്ട് നിരവധി കമന്റുകളുണ്ട്. ‘തള്ളി തള്ളി 50 കോടി ആക്കിയല്ലേ’, ‘ആള്‍ക്കാര്‍ ഇടിച്ചു കയറുന്നതുകൊണ്ട് എല്ലാ തിയേറ്ററിലും രണ്ട് ഷോയാക്കി കുറച്ചു’, ‘സാധാരണയായി സിനിമ കണ്ടവരാണ് അഴിഞ്ഞാട്ടം എന്നൊക്കെ പറയാറ്. ഇവിടെ സിനിമാക്കാര് തന്നെ വെണ്ടക്കാ വലുപ്പത്തില്‍ അഴിഞ്ഞാട്ടമാണ് എന്ന് എഴുതിവെച്ച് കാണിക്കുന്നുണ്ട്’ എന്നിങ്ങനെയാണ് കമന്റുകള്‍.

ലോജിക്കില്ല, മാഡ്‌നെസ്സ് മാത്രമേയുള്ളൂ എന്ന മുന്‍കൂര്‍ ജാമ്യത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. എന്നാല്‍ സ്പൂഫ് ഴോണറിലൊരുങ്ങിയ ചിത്രം ഒരിടത്തുപോലും പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിക്കുന്നില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ക്രിസ്മസ് വെക്കേഷന്‍ സീസണിലും ബുക്ക്‌മൈഷോയില്‍ ഹരിതവിപ്ലവം തീര്‍ത്ത ഭ ഭ ബയെ പരിഹസിക്കുന്നവരുമുണ്ട്.

ഭ ഭ ബ Photo: Theatrical poster

കഴിഞ്ഞദിവസം ചിത്രത്തിന്റെ സക്‌സസ് മീറ്റും നടന്നിരുന്നു. താരങ്ങളും അണിയറപ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ ഭ ഭ ബക്കെതിരെ മനപൂര്‍വം ഡീഗ്രേഡിങ് നടത്തുന്നെന്ന് ദീലിപ് ആരോപിച്ചു. ഒരു സിനിമക്ക് മോശം റിവ്യൂ നല്‍കുമ്പോള്‍ തിയേറ്ററുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരുപാട് ആളുകളെ അത് ബാധിക്കുമെന്നാണ് ദിലീപ് പറഞ്ഞത്.

തിയേറ്ററിനടുത്തുള്ള ഓട്ടോക്കാരനെയും ചായക്കടക്കാരനെയും ഈ റിവ്യൂ ബാധിക്കുമെന്നും എന്തിനാണ് കാര്യങ്ങളെ ഇങ്ങനെ നെഗറ്റീവാക്കുന്നതെന്നും ദിലീപ് ചോദിക്കുന്നുണ്ട്. ചിത്രത്തിലെ വിവാദമായ ഡയലോഗിനെക്കുറിച്ചും ദിലീപ് സംസാരിച്ചു. അത് ആരെയും വേദനിപ്പിക്കാന്‍ വേണ്ടി എഴുതിയതല്ലെന്നും ആ രംഗത്തെക്കുറിച്ച് ഇത്രയും ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നായിരുന്നു ദിലീപിന്റെ ന്യായീകരണം.

ദിലീപ് Photo: Screen grab/ Cinehoods

രണ്ടാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ടാണ് ഭ ഭ ബ അവസാനിച്ചത്. ടെയ്ല്‍ എന്‍ഡില്‍ തമിഴ് താരം എസ്.ജെ. സൂര്യയുടെ അതിഥിവേഷവും ഉണ്ടായിരുന്നു. രണ്ടാം ഭാഗത്തിന്റെ ഷൂട്ട് അടുത്ത വര്‍ഷം ആരംഭിക്കുമെന്നും ദിലീപ് അറിയിച്ചു.

Content Highlight: Producers claiming that Bha Bha Ba entering to 50 crore club

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more