| Monday, 4th August 2025, 6:00 pm

നിര്‍മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പ്; സാന്ദ്ര തോമസിന്റെ പത്രിക തള്ളി, കോടതിയെ സമീപിക്കുമെന്ന് സാന്ദ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിര്‍മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പില്‍ സാന്ദ്ര തോമസിന്റെ നാമനിര്‍ദേശ പത്രിക തള്ളി. സൂക്ഷ്മപരിശോധനയിലാണ് സാന്ദ്രാ തോമസിന്റെ പത്രിക തള്ളിയത്. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്കാണ് സാന്ദ്ര തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

സമര്‍പ്പിച്ച പത്രികകള്‍ മത്സരത്തിന് പര്യാപ്തമല്ല എന്ന് കാണിച്ചുകൊണ്ടാണ് റിട്ടേണിങ് ഓഫീസര്‍ പത്രിക തള്ളിയത്.

സാന്ദ്ര തോമസ്‌

ട്രഷറര്‍ സ്ഥാനത്തേക്കുള്ള പത്രികയാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്കും ഒരേ മാനദണ്ഡമാണുള്ളത് എന്നതിനാല്‍ തന്നെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പത്രികയും സ്വാഭാവികമായി തള്ളപ്പെടും.

സൂക്ഷമപരിശോധനയ്ക്കിടെ റിട്ടേണിങ് ഓഫീസറുമായി സാന്ദ്ര തോമസ് തര്‍ക്കിക്കുകയും ചെയ്തിരുന്നു. മറ്റാരും തന്നെ ആക്ഷേപമുന്നയിക്കാതെ റിട്ടേണിങ് ഓഫീസര്‍ തന്നെ തന്റെ പത്രികയില്‍ മാത്രം സംശയം പ്രകടിപ്പിച്ചതെന്ന് സാന്ദ്ര തോമസ് ചോദിക്കുകയും ചെയ്തു. തന്റെ പത്രിക തള്ളണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെന്നും സാന്ദ്ര കുറ്റപ്പെടുത്തി.

പ്രസിഡന്റ് അടക്കമുള്ള സ്ഥാനങ്ങളിലേക്ക് പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥി തന്റെ പേരിലുള്ള മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നാണ് ചട്ടം. സാന്ദ്ര ഹാജരാക്കിയ മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ രണ്ടെണ്ണം സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ പേരിലുള്ളതും, ഒന്ന് നേരത്തെ പാര്‍ട്ണറായിരുന്ന ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിലുള്ളതുമായിരുന്നു. ഇതിനാല്‍ തന്നെ സാന്ദ്രയുടെ പത്രികയ്ക്ക് സാധുതയില്ല എന്ന കാര്യത്തിലാണ് തര്‍ക്കമുണ്ടായത്.

എന്നാല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്‍ തന്റെ പേരാണുള്ളതെന്നും പിന്നെ എന്ത് കാര്യത്തിന്റെ അടിസ്ഥാനത്തിലാണ് പത്രിക തള്ളിയതെന്നുമാണ് സാന്ദ്ര പറയുന്നത്. തന്റെ പത്രിക തള്ളിയതില്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സാന്ദ്ര തോമസ്‌.

Content Highlight:  Producers’ Association elections; Sandra Thomas’s nomination rejected

We use cookies to give you the best possible experience. Learn more