| Sunday, 10th August 2025, 5:44 pm

വിജയ് ബാബുവിന്റെ സര്‍ട്ടിഫിക്കറ്റല്ല, കോടതി പരിശോധിക്കുന്നത് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ബൈലോ: സാന്ദ്ര തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ മത്സരിക്കാനാകില്ലെന്ന നിര്‍മാതാവ് വിജയ് ബാബുവിന്റെ പ്രതികരണത്തിന് മറുപടിയുമായി നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്.

വിജയ് ബാബുവിന്റെ പ്രതികരണത്തെ ഒരു തമാശയായി മാത്രം കാണാമെന്നാണ് സാന്ദ്ര തോമസ് പ്രതികരിച്ചത്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സാന്ദ്രയുടെ പ്രതികരണം.

ചിലരുടെ നിലനില്‍ക്കാത്ത കുതന്ത്രങ്ങള്‍ മറനീക്കി പുറത്തുവരുന്നുന്നുവെന്നും 2016ന് ശേഷം ഫ്രൈഡേ ഫിലിം ഹൗസില്‍ താന്‍ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും സാന്ദ്ര ചൂണ്ടിക്കാട്ടി.

മറിച്ച് തന്റെ വാദം കേരളാ ഫിലിം പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്റെ നിയമാവലി പ്രകാരം, താന്‍ മാനേജിങ് പാര്‍ട്ണര്‍ ആയിരുന്നപോളുള്ള എല്ലാ സിനിമകളുടെയും സെന്‍സര്‍ഷിപ്പ് ക്രെഡിറ്റ് തന്റെ പേരില്‍ ഉള്ളതെന്നാണെന്നും സാന്ദ്ര തോമസ് പറഞ്ഞു.

‘ഞാന്‍ 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിങ് പാര്‍ട്ണര്‍ ആയിരുന്നുവെന്ന് വിജയ് ബാബു സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു. മറ്റൊരു അര്‍ത്ഥത്തില്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരില്‍ 2016 വരെ പുറത്തുവന്ന സെന്‍സര്‍ഷിപ് ക്രെഡിറ്റും മാനേജിങ് പാര്‍ട്ണര്‍ ആയിരുന്ന എന്റെ പേരിലാണെന്നും ഇതില്‍ നിന്നും വ്യക്തമാണ്,’ സാന്ദ്ര തോമസ് കുറിച്ചു.

കെ.എഫ്.പി.എയുടെ റെഗുലര്‍ മെമ്പറായ തനിക്ക് അസോസിയേഷന്റെ കീപോസ്റ്റില്‍ നിയമപരമായി മത്സരിക്കാമെന്നും അതിനെ നിയമപരമായി ഖണ്ഡിക്കാവുന്ന ഒന്നും തന്നെ വിജയ് ബാബുവിന്റെ പോസ്റ്റിലില്ലെന്നും സാന്ദ്ര ചൂണ്ടിക്കാട്ടി.

താന്‍ പാര്‍ട്ണര്‍ഷിപ് ഒഴിഞ്ഞൊ ഒഴിഞ്ഞില്ലയോ എന്നുള്ളത് ഇവിടെ തര്‍ക്കവിഷയമേ അല്ല. എന്നാല്‍ 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിങ് പാര്‍ട്ണര്‍ ആയിരുന്നു എന്നുള്ളത് തര്‍ക്കമറ്റ വസ്തുതയാണെന്നും സാന്ദ്ര തോമസ് പറഞ്ഞു.

നിയമം പരിശോധിക്കുന്നത് വിജയ് ബാബുവിന്റെ സര്‍ട്ടിഫിക്കറ്റല്ലെന്നും മറിച്ച് അസോസിയേഷന്റെ ബൈലോയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണെന്നും സാന്ദ്രാ തോമസ് കൂട്ടിച്ചേര്‍ത്തു. ആര്‍ക്കോ വേണ്ടി ഓക്കാനിക്കുന്നവര്‍ സൂക്ഷ്മത പുലര്‍ത്തിയാല്‍ സമൂഹത്തില്‍ അപഹാസ്യരാവാതിരിക്കാമെന്നും ഉപദേശമുണ്ട്.

അതേസമയം സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാനും അര്‍ഹതയില്ലാത്ത തസ്തികകളിലേക്ക് മത്സരിക്കാനും കഴിയില്ലെന്നായിരുന്നു വിജയ് ബാബുവിന്റെ പ്രതികരണം. സാന്ദ്രയ്ക്ക് അവരുടെ സ്ഥാപനത്തെ പ്രതിനിധീകരിച്ചുകൊണ്ട് മാത്രമേ എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനത്തേക്ക് മത്സരിക്കാനാകൂ എന്നും വിജയ് ബാബു പ്രതികരിച്ചിരുന്നു.

Content Highlight: Sandra Thomas responds to Vijay Babu’s statement

We use cookies to give you the best possible experience. Learn more