| Thursday, 1st January 2026, 5:15 pm

രതീഷ് ബാലകൃഷ്ണന്റെ പേര് ഇത്തവണ വെച്ചിട്ടുണ്ട്, ഒരു ദുരൂഹ സാഹചര്യത്തില്‍ പുതിയ പോസ്റ്റര്‍ പുറത്ത്

അമര്‍നാഥ് എം.

കുഞ്ചാക്കോ ബോബനും രതീഷ് ബാലകൃഷ്ണ പൊതുവാളും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഒരു ദുരൂഹ സാഹചര്യത്തില്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുതുവര്‍ഷദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പേര് ഇത്തവണ പോസ്റ്ററിലുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

എന്നാല്‍ സംവിധാനത്തിന് പകരം കണ്‍സപ്റ്റ് എന്നാണ് രതീഷിന്റെ പേരിന് നേരെ കൊടുത്തിട്ടുള്ളത്. ഇത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ക്രിസ്മസ് ദിനത്തില്‍ പുറത്തുവിട്ട പോസ്റ്ററില്‍ സംവിധായകന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതോടെ നിര്‍മാതാക്കളായ കുഞ്ചാക്കോ ബോബനും ലിസ്റ്റിനും സംവിധായകനുമായി അഭിപ്രായവ്യത്യാസം ഉണ്ടായെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും കുഞ്ചാക്കോ ബോബന്റെ ഉദയാ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രതീഷ് ബാലകൃഷ്ണന്റെ സംവിധാനരീതികള്‍ വ്യത്യസ്തമായതുകൊണ്ടാണ് അഭിപ്രായവ്യത്യാസം ഉണ്ടായതെന്നും ചില പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംവിധായകന്റെ മുന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വിജയിച്ചിരുന്നില്ല.

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ സ്പിന്‍ ഓഫായി എത്തിയ സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ ബജറ്റ് പോലും തിരിച്ചുകിട്ടാതെയാണ് ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടത്. പിന്നാലെ ജിസ് ജോയ് നല്‍കിയ അഭിമുഖത്തില്‍ സിനിമയുടെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചതും വലിയ വാര്‍ത്തയായി.

ആദ്യം പറഞ്ഞതിനെക്കാള്‍ മൂന്നിരട്ടി ബജറ്റ് ചെലവായെന്നും എന്നാല്‍ രണ്ടാം ദിനം ചിത്രം വാഷൗട്ടായെന്നുമായിരുന്നു ജിസ് ജോയ് പറഞ്ഞത്. സംവിധായകനോട് നിര്‍മാതാവ് ഇക്കാര്യം പറഞ്ഞപ്പോള്‍ തനിക്കും സുഹൃത്തുക്കള്‍ക്കും ചിത്രം ഇഷ്ടമായെന്ന് മറുപടി നല്‍കിയെന്നും ജിസ് ജോയ് അന്ന് പറഞ്ഞിരുന്നു. ഇത് രതീഷ് ബാലകൃഷ്ണനെക്കുറിച്ചാണെന്ന് ചിലര്‍ അഭിപ്രായപ്പെടുകയും ചെയ്തു.

കുഞ്ചാക്കോ ബോബനൊപ്പം വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, സംവിധായകന്‍ ചിദംബരം എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഡോണ്‍ വിന്‍സെന്റാണ് ചിത്രത്തിന്റെ സംഗീതം. ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Producers added Ratheesh Balakrishna Poduval’s name in Oru Durooha Sahacharyathil movie poster

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more