| Saturday, 29th October 2022, 8:15 am

ഞാന്‍ ലൊക്കേഷനില്‍ ചെന്നപ്പോള്‍ പത്മപ്രിയ ഇരിക്കുന്നത് കണ്ടു; ബെംഗളൂരിലൊക്കെ പോയിട്ട് ഇതിനെയാണോ കിട്ടിയത് എന്ന് ഞാന്‍ കോ പ്രൊഡ്യൂസറോട് ചോദിച്ചു: സേവി മനോ മാത്യു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി, പത്മപ്രിയ, യഷ് ഗൗലി, സനുഷ, മനോജ് കെ. ജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് കാഴ്ച. 2004ല്‍ പുറത്തിറങ്ങിയ ഈ സിനിമ ബോക്‌സോഫീസിലും വലിയ വിജയമായിരുന്നു.

കാഴ്ച ഷൂട്ട് ചെയ്ത സമയത്തെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ സേവി മനോ മാത്യു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരിക്കല്‍ ചിത്രത്തിന്റെ ഷൂട്ടിനിടെ ലൊക്കേഷനില്‍ ചെന്ന സമയത്ത് നടി പത്മപ്രിയ ഇരിക്കുന്നത് കണ്ടെന്നും, മേക്കപ്പൊന്നുമില്ലാതെ സാധാരണ ലുക്കില്‍ അവര്‍ ഇരിക്കുന്നത് കണ്ട് നടിയാണെന്ന് തോന്നിയില്ലെന്നുമാണ് നിര്‍മാതാവ് പറയുന്നത്.

”കാഴ്ച സിനിമയുടെ എ ടു സെഡ് കാര്യങ്ങള്‍ ചെയ്തത് സംവിധായകനായ ബ്ലെസിയാണ്. ഞങ്ങളുടെ പ്രൊഡക്ഷന്‍ കമ്പനിക്ക്, എന്‍.എക്‌സ് വിഷ്വല്‍ എന്റര്‍ടെയിന്‍മെന്റ്‌സ് എന്ന പേരിട്ടത് പോലും ബ്ലെസിയാണ്.

പടം അങ്ങനെ സൂപ്പര്‍ ഹിറ്റായി. പത്തിരുപത് അവാര്‍ഡും കിട്ടി. ചിത്രത്തിന്റെ ഓഡീഷനും കാര്യങ്ങള്‍ക്കുമൊന്നും ഞാന്‍ പോയിരുന്നില്ല. നൗഷാദും ബ്ലെസിയും കൂടെയാണ് പോയത്.

ഒരു ദിവസം ചങ്ങനാശ്ശേരി മാര്‍ക്കറ്റില്‍ വെച്ച് സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു. ഞാന്‍ അന്ന് അവിടെ ചെന്ന സമയത്ത് പത്മപ്രിയ അവിടെ ഒരു കസേരയില്‍ ഇരിക്കുകയായിരുന്നു. ബ്ലെസിയൊക്കെ അപ്പുറത്ത് ഇരിക്കുന്നുണ്ട്. പത്മപ്രിയയെ കണ്ടപ്പോള്‍ ഒരു നടിയാണെന്നേ എനിക്ക് തോന്നിയില്ല. കാരണം ഒരു മേക്കപ്പുമില്ലാതെ സാധാരണ ഒരു ജീന്‍സുമിട്ട് ഇരിക്കുകയായിരുന്നു.

അപ്പൊ ഞാന്‍ നൗഷാദിനോട് ചോദിച്ചു, ‘നമ്മുടെ നായിക വന്നിട്ടുണ്ടോ,’ എന്ന്. ‘ദേ ഈ ഇരിക്കുന്നതാണ് നായിക,’ എന്ന് പത്മപ്രിയയെ ചൂണ്ടിക്കാട്ടി നൗഷാദ് പറഞ്ഞു.

നൗഷാദും ബ്ലെസിയുമൊക്കെ നായികയെ സെലക്ട് ചെയ്യാന്‍ വേണ്ടി കുറേദിവസം ബെംഗളൂരുവിലൊക്കെ പോയി ഓഡീഷന്‍ നടത്തിയിരുന്നു.

‘ഇതാണോ നായിക, നിങ്ങള്‍ ഇത്രയും പാടുപെട്ട് പത്തിരുപത് ദിവസം ബെംഗളൂരുവിലൊക്കെ കറങ്ങിയിട്ട് ഇതിനെയാണോ കിട്ടിയത്,’ എന്ന് ഞാന്‍ നൗഷാദിനോട് ചോദിച്ചു.

കാരണം പത്മപ്രിയയുടെ അഭിനയമോ ഒന്നും ഞാന്‍ കണ്ടിട്ടില്ല. ആ ലുക്ക് മാത്രം കണ്ട് പറഞ്ഞതായിരുന്നു. കാരണം പത്മപ്രിയ അധികം മേക്കപ്പൊന്നും ചെയ്യാതെ വളരെ കാഷ്വലായി നടക്കുന്ന ആളാണ്. ആ രീതിയില്‍ ഒരു ആര്‍ടിസ്റ്റാണെന്ന് അവരെ കണ്ടാല്‍ തോന്നുകയേ ഇല്ല,” സേവി മനോ മാത്യു പറഞ്ഞു.

നൗഷാദ്, മനോജ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് കാഴ്ച നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ സിത്താരയായിരുന്നു ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത്.

Content Highlight: Producer Xavi Mano Mathew shares an experience with actress Padmapriya

Latest Stories

We use cookies to give you the best possible experience. Learn more