വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് വിനീത് കാസ്റ്റ് ചെയ്തവരെല്ലാം ഏറ്റവും പെട്ടെന്ന് നമുക്ക് കിട്ടുന്ന ആളുകളായിരുന്നെന്നും വിളിച്ച എല്ലാവരും ഉടനെ തന്നെ യെസ് പറഞ്ഞിരുന്നെന്നും നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യം.
പ്രണവിന്റെ കാര്യത്തില്‍ മാത്രമേ ചെറിയൊരു സംശയം ഉണ്ടായിരുന്നുള്ളൂവെന്നും ഹൃദയത്തിന് ശേഷം പ്രണവ് ഏതാണ്ട് 15 സ്‌ക്രിപ്‌റ്റെങ്കിലും റിജക്ട് ചെയ്തിട്ടുണ്ടെന്നും വിശാഖ് പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിശാഖ്.
പ്രണവ് സ്‌ക്രിപ്റ്റുകള്‍ ഓരോന്നായി റിജക്ട് ചെയ്യുന്ന കാര്യം അറിഞ്ഞിരുന്നു. അതോടെ ഞങ്ങള്‍ക്കും ഡൗട്ടായി. നമ്മള്‍ പോകുമ്പോള്‍ നമ്മുടേതും റിജക്ട് ചെയ്യുമോ എന്ന ആശങ്കയുണ്ടായിരുന്നു.
ഈ കഥ കേട്ടപ്പോള്‍ തന്നെ ആ കഥാപാത്രം അപ്പു ചെയ്താല്‍ നന്നാവുമെന്ന് എനിക്ക് തോന്നിയിരുന്നു. അങ്ങനെ അദ്ദേഹത്തെ വിളിച്ച ശേഷമാണ് പോയി കാണുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് പറഞ്ഞപ്പോള്‍ തന്നെ ഓക്കെ, എന്നാണ് ചെയ്യേണ്ടത് എന്ന രീതിയിലായിരുന്നു ചോദിച്ചത്.
പക്ഷേ പോകുന്നതിന് മുന്‍പ് ഡൗട്ടുണ്ടായിരുന്നു,’ വിശാഖ് പറഞ്ഞു.
നെഗറ്റീവ് ഷേഡുള്ള എന്തെങ്കിലും ചെയ്താല്‍ കൊള്ളാമെന്നുണ്ട് എന്ന് അപ്പു തന്നോട് പറയുമായിരുന്നെന്നും എന്നാല്‍ അങ്ങനെയൊരു കഥ തന്റെ മനസില്‍ ഉണ്ടായിരുന്നില്ലെന്നുമായിരുന്നു ഇതോടെ വിനീത് പറഞ്ഞത്.
ഹൃദയത്തില്‍ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു കഥാപാത്രമാണല്ലോ ചെയ്തത്. ഇനി നേരെ ഓപ്പോസിറ്റുള്ള ഒരു സാധനം ചെയ്യാനായിരുന്നു അവന് ഇഷ്ടം. എനിക്കാണെങ്കില്‍ നെഗറ്റീവ് പറ്റുകയുമില്ല, വിനീത് പറഞ്ഞു.
ഒരു വര്‍ഷം മുന്‍പ് തന്നെ അപ്പുവിനെ വെച്ച് ഒരു പടം ചെയ്യണമെന്നുണ്ടായിരുന്നെന്നും ഈ ഴോണറാണ് നോക്കുന്നത് എന്ന് അറിഞ്ഞപ്പോള്‍ വിനീതിനോട് അത്തരം കഥകളെ കുറിച്ച് താന്‍ ചോദിച്ചിരുന്നെന്നും വിശാഖും പറഞ്ഞു.
അത്തരത്തിലൊരു ഴോണര്‍ കയ്യിലില്ലെന്നാണ് വിനീത് പറഞ്ഞത്. ഇത് വന്നപ്പോള്‍ എനിക്കും എക്‌സൈറ്റ്‌മെന്റായി, വിശാഖ് പറഞ്ഞു.
എന്തുകൊണ്ടാണ് സിനിമകളുടെ പ്രൊമോഷന് പ്രണവ് എത്താത്തത് എന്ന ചോദ്യത്തിന് ഹൃദയത്തിന്റെ സമയത്ത് തന്നെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ബുദ്ധിമുട്ട് തന്നോട് പറഞ്ഞിരുന്നെന്നും അതുകൊണ്ട് തന്നെ ഈ തവണ അതിനെ കുറിച്ച് താന്‍ സംസാരിച്ചില്ലെന്നുമായിരുന്നു വിശാഖിന്റെ മറുപടി.
‘പ്രൊമോഷന്റെ കാര്യം അപ്പു എന്നോട് ആദ്യമേ പറഞ്ഞിരുന്നു. ചേട്ടാ ബാക്കി എല്ലാ കാര്യവും ഓക്കെ. പ്രൊമോഷന്റെ കാര്യം മാത്രം ഞാനൊന്നു മാറ്റി വച്ചിരിക്കുകയാണെന്നായിരുന്നു പറഞ്ഞത്. അദ്ദേഹം ഇല്ലെന്ന് പറഞ്ഞ കാര്യത്തില്‍ വീണ്ടും പോയി ചെയ്യാമോ എന്നൊക്കെ ചോദിക്കുന്നത് ശരിയല്ല. അതുകൊണ്ട് ഞാന്‍ ഇത്തവണ അത് ചോദിക്കാനേ പോയിട്ടില്ല,’ വിശാഖ് പറഞ്ഞു.
Content Highlight: Producer Vishakh about Pranav Mohanlal