ധ്യാന്‍ ശ്രീനിവാസനെ കുറിച്ചും വിനീത് ശ്രീനിവാസനെ കുറിച്ചും സംസാരിക്കുകയാണ് നിര്‍മാതാവ് വിശാഖ് സുബ്രമണ്യം. ലവ് ആക്ഷന്‍ ഡ്രാമയില്‍ തുടങ്ങി നിര്‍മാണ രംഗത്തേക്ക് വന്ന വിശാഖ് നിരവധി സിനിമകളില്‍ വിനീതിന്റെ കൂടെയും പ്രവര്‍ത്തിച്ചു. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന വിനീത് ചിത്രം കരത്തിന്റെയും നിര്‍മാതാവ് അദ്ദേഹമാണ്.
രണ്ട് പേരും ക്രിയേറ്റീവായ ആളുകളാണെന്ന് വിശാഖ് പറയുന്നു. ധ്യാന്‍ സ്ട്രസ് ഫ്രീ ആയി അവസാന മിനിട്ടില്‍ കാര്യങ്ങള്‍ തീര്‍ക്കുമെന്നും സ്‌ക്രിപ്റ്റിലില്ലാത്ത കാര്യമൊക്കെ ചേര്‍ത്ത് സീനില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുമെന്നും വിശാഖ് പറയുന്നു. പെട്ടെന്നുണ്ടാവുന്ന തമാശകളൊക്കെ ലൊക്കേഷനില്‍ വച്ച് തിരക്കഥയില്‍ ധ്യാന്‍ ചേര്‍ക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിനീത് അവസാന തിരുത്തും വരുത്തി ലോക്ക് ചെയ്ത സ്‌ക്രിപ്റ്റ് വച്ചാണ് ഷൂട്ട് ചെയ്യുന്നതെന്നും കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ പിന്നീട് നടത്താറില്ലെന്നും വിശാഖ് പറഞ്ഞു.
‘അടി കപ്യാരെ കൂട്ടമണി എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ലവ് ആക്ഷന്‍ ഡ്രാമയുടെ കഥ ആദ്യമായി കേട്ടത്. നിവിന്‍ നായകന്‍, നയന്‍താര നായിക. സംവിധാനം ധ്യാന്‍. നിര്‍മാതാവിനെ കിട്ടാന്‍ ഒരു ബുദ്ധിമുട്ടുമില്ലല്ലോ. പ്രൊഡ്യൂസറാകാന്‍ സാധ്യതയുള്ള കുറേ പേരുകള്‍ ഞാന്‍ പറഞ്ഞു.
ധ്യാന്‍ എല്ലാത്തിനും തലയാട്ടി. കുറച്ചു ദിവസം കഴിഞ്ഞ് കൊച്ചിയില്‍ പോയപ്പോള്‍ ധ്യാനിനേയും അജുവിനെയും കാണാന്‍ പോയി. അവിടെ നിന്ന് രണ്ടു കൈയും എന്റെ തോളില്‍ ഇട്ട് ധ്യാന്‍ പറഞ്ഞു ‘അളിയാ നീയാണ് നിര്‍മാതാവ്. ഞാന്‍ ഞെട്ടി.
അപ്പോള്‍ ഒരു സിനിമ നിര്‍മിക്കാനുള്ള സാമ്പത്തിക സ്ഥിതി എനിക്കില്ല. പിന്നെ ആശ്വസിച്ചു എല്ലാം അറിയുന്ന ധ്യാന്‍ ഒപ്പമുണ്ടല്ലോ. അതുമല്ലെങ്കില്‍ അജു വര്‍ഗീസ് ഉണ്ടല്ലോ. ഞാനെടുത്തു ചാടി. അവരുടെ മനസില്‍ ഞാന്‍ ഉണ്ടല്ലോ എന്നതായിരുന്നു ധൈര്യം. അങ്ങനെയാണ് എന്നെ തെരഞ്ഞെടുത്തത്,’ വിശാഖ് പറയുന്നു.
Content highlight: Producer Visakh is talking about Dhyan and Vineeth