| Thursday, 5th November 2026, 10:01 pm

ആര്‍ടിസ്റ്റിനെ കണ്ട് സിനിമയെടുത്ത് വലിയ നഷ്ടം വന്നപ്പോള്‍ ഒ.ടി.ടിക്കാര്‍ ആ പരിപാടി നിര്‍ത്തി; സിനിമാ വ്യവസായത്തെ കുറിച്ച് വേണു കുന്നപ്പിള്ളി

അശ്വിന്‍ രാജേന്ദ്രന്‍

കോടികളുടെ ബിസിനസ് നടക്കുന്ന മേഖലയാണ് ഫിലിം ഇന്‍ഡസട്രി. മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്ന മലയാള ചിത്രങ്ങള്‍ പോലും ഇന്ന് നൂറും ഇരുനൂറും കോടി പിന്നിടുന്നത് സ്ഥിരം കാഴ്ചയാണ്. നിവിന്‍ പോളി നായകനായ ബെത്‌ലഹേം കുടുംബ യൂണിറ്റടക്കം ഒട്ടനവധി ചിത്രങ്ങളായിരുന്നു ഈ വര്‍ഷം തിയേറ്ററുകളില്‍ നിന്നും മികച്ച കളക്ഷന്‍ സ്വന്തമാക്കിയത്. നൂറ് കോടി ക്ലബ്ബില്‍ ചുരുക്കം ചില ചിത്രങ്ങള്‍ മാത്രം അംഗങ്ങളായിരുന്ന സ്ഥിതിയില്‍ നിന്നും ഇന്ന് മോളിവുഡ് ഏറെ മാറിയിരിക്കുകയാണ്.

ഒ.ടി.ടി. Photo: X.com

തിയേറ്റര്‍ വ്യവസായത്തിന് പുറമെ സിനിമകള്‍ക്ക് വലിയ മാര്‍ക്കറ്റ് നല്‍കിയത് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളായിരുന്നു. കൊവിഡ് കാലഘട്ടത്തില്‍ തിയേറ്ററുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ മിന്നല്‍ മുരളി അടക്കമുള്ള വമ്പന്‍ ചിത്രങ്ങള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തതോടെ മലയാള സിനിമാ പ്രേമികള്‍ക്കിടയിലും ഇവയ്ക്ക് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. പിന്നീട് ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ക്ക് മാത്രമായി ചിത്രങ്ങള്‍ നിര്‍മിക്കുന്നതും സ്ഥിരം കാഴ്ചയായിരുന്നു. തിയേറ്ററില്‍ റിലീസ് ചെയ്ത് വലിയ സ്വീകാര്യത നേടാനാകാതെ പോയ ചിത്രങ്ങള്‍ ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ വലിയ സാധ്യത നല്‍കുകയും സാമ്പത്തികമായി നേട്ടമുണ്ടാക്കുന്നതിന് ചിത്രത്തിന്റെ നിര്‍മാതാക്കളെ സഹായിക്കുകയും ചെയ്തിരുന്നു.

വലിയ ഹൈപ്പിലെത്തുന്ന സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ റിലീസിന് മുമ്പ് തന്നെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വലിയ തുക നല്‍കി സ്വന്തമാക്കുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയായിരുന്നു. എന്നാല്‍ സമീപകാലത്ത് വലിയ ഹൈപ്പിലെത്തുന്ന ചിത്രങ്ങള്‍ പലതും തിയേറ്ററില്‍ പരാജയപ്പെട്ടതോടെ ഒ.ടി.ടികള്‍ക്കും വലിയ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് പറയുകയാണ് നിര്‍മാതാവ് വേണു കുന്നപ്പിള്ളി. ബിസിനസ് ആന്‍ഡ് ബിയോണ്ടിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു സിനിമ ചെയ്യുന്നതിന് മുമ്പ് എത്ര ലാഭം കിട്ടുമെന്ന് ഏകദേശം നമുക്ക് കണക്കാക്കാമായിരുന്നു. അതെല്ലാം ആര്‍ടിസ്റ്റിനെ അനുസരിച്ചായിരുന്നു. ഒരു ആര്‍ടിസ്റ്റിനെ എടുത്ത് കഴിഞ്ഞാല്‍ ഒ.ടി.ടിയില്‍ ഇത്രയും ബിസിനസ് നടക്കുമെന്ന് നമുക്ക് അറിയാന്‍ സാധിക്കും. അത്രയും മാര്‍ക്കറ്റ് ആ ആര്‍ടിസ്റ്റിനുണ്ടാകും. അതേ ആര്‍ടിസ്റ്റിന് എത്ര സാറ്റലൈറ്റ് ഡീല്‍ കിട്ടുമെന്ന് നേരത്തേ അറിയാം. അതുപോലെ തന്നെ ചിത്രത്തിന്റെ മ്യൂസിക്ക് ഡയറക്ടര്‍ ആരാണ്, എത്ര സോങ് ഉണ്ട് എന്നെല്ലാം അറിയുമ്പോള്‍ അതിന്റെ മ്യൂസിക്ക് നമുക്ക് മനസിലാക്കാന്‍ സാധിക്കും.

വേണു കുന്നപ്പിള്ളി. Photo: Manorama Online

ഇതെല്ലാം കൂട്ടുമ്പോള്‍ നമുക്ക് ഒരു കണക്ക് കിട്ടും. ഞാനിപ്പോള്‍ ഒരു പതിനഞ്ച് കോടി ഇന്‍വെസ്റ്റ് ചെയ്താല്‍ ഈ ബിസിനസുകളില്‍ നിന്നും പന്ത്രണ്ട് കോടി കിട്ടും എന്ന് കണക്ക് കൂട്ടും. പിന്നെ തിയേറ്ററിലേക്ക് പോകുമ്പോള്‍ റിസ്‌ക് മൂന്ന് കോടിയാണ്. പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല. ഇപ്പോള്‍ ഒരു ആര്‍ടിസ്റ്റിനും ഈ പറയുന്ന രീതിയില്‍ ഒരു ഡിമാന്‍ഡ് ഇല്ല. ചില സൂപ്പര്‍താരങ്ങളുണ്ടെങ്കിലും കൂടുതല്‍ പേര്‍ക്കും അങ്ങനെയൊരു ഡിമാന്‍ഡില്ല. ഇങ്ങനെ ആര്‍ടിസ്റ്റുകളെ കണ്ട് ചിത്രം എടുത്തതിന് ശേഷം ഭീകരമായ നഷ്ടങ്ങള്‍ വന്നുകഴിഞ്ഞപ്പോള്‍ എല്ലാ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും ഈ പരിപാടി നിര്‍ത്തി. അവര്‍ക്ക് കണ്ട് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും സിനിമ തിയേറ്ററില്‍ വരട്ടെ അതുവരെ കാത്തുനില്‍ക്ക് എന്നാണ് പറയുന്നത്,’ വേണു കുന്നപ്പിള്ളി പറഞ്ഞു.

Content Highlight: Producer Venu Kunnappilli talks about OTT Deal and Cinema Market

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more