| Tuesday, 29th September 2026, 7:51 am

പ്രേമലുവിന് തെലുങ്കില്‍ കിട്ടിയ സ്‌നേഹം മറക്കാന്‍ സാധിക്കില്ല, സ്വന്തം സിനിമ പോലെ അവര്‍ ഏറ്റെടുത്തു: ശ്യാം പുഷ്‌കരന്‍

അശ്വിന്‍ രാജേന്ദ്രന്‍

മോളിവുഡില്‍ നിന്നും ഇന്നേവരെ റിലീസായ റോം-കോം ചിത്രങ്ങളില്‍ ടോപ് ടെന്‍ ലിസ്റ്റില്‍ എപ്പോഴും സ്ഥാനമുള്ള ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ പ്രേമലു. ഭാവന സ്റ്റുഡിയോസ് നിര്‍മിച്ച് നസ്ലെന്‍, മമിത ബൈജു തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം 140 കോടിയോളം നേടി വലിയ വിജയമായിരുന്നു തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. ഹൈദരാബാദ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിലെ റീനുവും സച്ചിനും മലയാളത്തിലെ ഏറ്റവും കൂടുതല്‍ റിപ്പീറ്റ് വാല്യൂവുള്ള കഥാപാത്രങ്ങളാണ്.

കേരളത്തിന് പുറത്ത് തെലങ്കാനയിലും ചിത്രത്തിന് ഒരുപാട് ആരാധകരെ സൃഷ്ടിക്കാന്‍ സാധിച്ചിരുന്നു. കേരളത്തിന് പുറത്ത് നിന്നും ചിത്രത്തിന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചതും തെലുങ്ക് ബോക്‌സ് ഓഫീസില്‍ നിന്നുമായിരുന്നു. പതിനഞ്ച് കോടിയോളമായിരുന്നു ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റ വേര്‍ഷന് നേടാന്‍ സാധിച്ചത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള ഭാവന സ്റ്റുഡിയോസായിരുന്നു.

പ്രേമലു. Photo: X.com

ഭാവന സ്റ്റുഡിയോസും ഗിരീഷ് എ.ഡിയും വീണ്ടും ഒന്നിച്ച ബെത്‌ലഹേം കുടുംബ യൂണിറ്റിനും വലിയ വിജയമായിരുന്നു തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. കേരള ബോക്‌സ് ഓഫീസില്‍ നിന്നും 150 കോടിയും ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും 330 കോടിയ്ക്കടുത്തും ചിത്രം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഫഹദ് ഫാസിലിന്റെ പുതിയ തെലുങ്ക് ചിത്രമാായ ഡോണ്ട് ട്രബിള്‍ ദി ട്രബിളിന്റെ ഇവന്റിനിടെ പ്രേമലുവിനെ തെലുങ്ക് ഓഡിയന്‍സ് ഏറ്റെടുത്തതിനെ കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാക്കളിലൊരാളായ ശ്യാം പുഷ്‌കരന്‍.

‘നമ്മള്‍ പ്രേമലു എന്ന ചിത്രവുമായി ഹൈദരാബാദില്‍ ചെന്നപ്പോള്‍ അവരുടെ സ്വന്തം കുട്ടിയെ പോലെയാണ് ചിത്രത്തെ അവര്‍ ഏറ്റെടുത്തത്. അന്ന് നിര്‍മാതാവായ എസ്.എസ് കാര്‍ത്തികേയനാണ് ചിത്രത്തെ മൈക്രോ മാനേജ് ചെയ്ത് ചിത്രത്തിലെ ഗാനങ്ങളെല്ലാം നല്ല രീതിയില്‍ ഡബ്ബ് ചെയ്യാന്‍ നേതൃത്വം നല്‍കിയതും തെലുങ്കില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്ന മലയാള ചിത്രമാക്കി പ്രേമലുവിനെ മാറ്റിയതും.

പ്രേമലു. Photo: X.com

ആ സ്‌നേഹം നമുക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. കാരണം നമ്മള്‍ നമ്മുടെ സിനിമയെ കാണുന്നതിലും ഡിയറസ്റ്റായിട്ടാണ് അവര്‍ പ്രേമലുവിനെ കണ്ടത്. ആ സിനിമയെ സ്വന്തം സിനിമ പോലെ കൊണ്ടാടി. ആ സ്‌നേഹവും കടപ്പാടും എത്ര പറഞ്ഞാലും മറക്കില്ല. ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ എന്ന സിനിമ ഞാന്‍ കണ്ടിരുന്നു. വളരെ ഇമോഷണലായ, നിങ്ങളെ എല്ലാവരെയും ടെച്ച് ചെയ്യുന്ന സിനിമയാണ് ഇത്. ഈ സിനിമ കാരണം ഫഹദിനെ നമ്മള്‍ മലയാളികള്‍ക്ക് ഒരുപാട് കാലം നഷ്ടപ്പെട്ടിരുന്നു. പക്ഷേ അതിന് വേര്‍ത്താണ് ഈ സിനിമ,’ ശ്യാം പുഷ്‌കരന്‍ പറഞ്ഞു.

Content Highlight: Producer Shyam Pushkaran talks about how Telegu audience accepted Premalu

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more