| Tuesday, 5th August 2025, 10:26 pm

നിര്‍മാതാവ് മോശമായി പെരുമാറിയെന്ന് പറഞ്ഞപ്പോള്‍ 'ചേച്ചിയുടെ ഡ്രൈവിങ് പരിശോധിച്ചതാണ്' എന്നാണ് ലിസ്റ്റിന്‍ പറഞ്ഞത്: നിര്‍മാതാവ് ഷീല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ നിര്‍മാതാക്കള്‍ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി കൂടുതല്‍ സ്ത്രീ നിര്‍മാതാക്കള്‍ രംഗത്ത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്കുണ്ടായ അനുഭവം തുറന്ന് പറയുകയാണ് നിര്‍മാതാവ് ഷീല. സംഘടനയിലെ എല്ലാവരും തന്റെ സുഹൃത്താണെന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ ഒരു തവണ തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഷീല പറയുന്നു.

ഒരിക്കല്‍ ജനറല്‍ ബോഡി കഴിഞ്ഞ് പോകുന്ന വഴിക്ക് ഒരു നിര്‍മാതാവ് തന്നോട് ലിഫ്റ്റ് ചോദിച്ചെന്നും തന്റെ അടുത്ത സുഹൃത്തായതുകൊണ്ടുതന്നെ കയറിക്കോളാന്‍ പറഞ്ഞുവെന്നും ഷീല പറഞ്ഞു. താനായിരുന്നു ഡ്രൈവ് ചെയ്തിരുന്നതെന്നും വണ്ടി കുറച്ചുദൂരം എത്തിയപ്പോള്‍ മുതല്‍ തനിക്ക് കംഫര്‍ട്ടബിള്‍ അല്ലാത്തരീതിയില്‍ തന്നെ അയാള്‍ സ്പര്‍ശിക്കാന്‍ തുടങ്ങിയെന്നും അവര്‍ പറഞ്ഞു.

പെട്ടന്നയാള്‍ തന്റെ ശരീരത്തില്‍ പിടിച്ചെന്നും ഷോക്കായ താന്‍ വണ്ടി നിര്‍ത്തിയപ്പോള്‍ അയാള്‍ ഇറങ്ങിപ്പോയെന്നും ഷീല കൂട്ടിച്ചേര്‍ത്തു. താന്‍ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. പിന്നീട് നിലവിളിച്ച് കരഞ്ഞുകൊണ്ടാണ് വണ്ടിയോടിച്ചതെന്നും അവര്‍ വെളിപ്പെടുത്തി. താന്‍ അടുത്ത സുഹൃത്തായി കണ്ടയാളുടെ ഭാഗത്തുനിന്ന് അങ്ങനെ ഒരു നീക്കം ഉണ്ടായപ്പോള്‍ അത് തന്നെ വല്ലാതെ തളര്‍ത്തിയെന്നും ആ സംഭവത്തെ കുറിച്ച് ആരോടും പറയാന്‍ പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ലെന്നും ഷീല പറയുകയുണ്ടായി.

‘ഈ അനുഭവം ലിസ്റ്റിന്‍ സ്റ്റീഫനും സുരേഷ് കുമാറും അനില്‍ തോമസും എല്ലാവരും ഇരുന്ന ഒരു ബോഡിയില്‍ എനിക്ക് പറയേണ്ട ഒരു സാഹചര്യം വന്നു. അപ്പോള്‍ ഒരിക്കലും ഒരാള്‍ പറയേണ്ട വാക്കല്ല ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നോട് പറഞ്ഞത്. ‘ചേച്ചിയുടെ ഡ്രൈവിങ് പരിശോധിക്കുകയായിരുന്നു അയാള്‍’ എന്നാണ് ലിസ്റ്റിന്‍ എന്നോട് പറഞ്ഞത്. അത് പറഞ്ഞ് അദ്ദേഹം ചിരിക്കുകയാണ്. അത് കേട്ട് ആ കൂട്ടം മുഴുവനും ചിരിക്കുകയായിരുന്നു. അതില്‍ സ്ത്രീകളും ഉണ്ടായിരുന്നു,’ ഷീല പറഞ്ഞു.

Content Highlight: Producer Sheela Talks About A Sexual Assault She Faced

We use cookies to give you the best possible experience. Learn more