പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ ആസ്പദമാക്കിയുള്ള പുതിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മാ വന്ദേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മലയാളി താരം ഉണ്ണി മുകുന്ദനാണ് മോദിയായി വേഷമിടുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ., മലയാളം, ഇംഗ്ലീഷ് തുടങ്ങി ഇന്ത്യയിലെ എല്ലാ ഭാഷയിലും ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.
എന്നാല്‍ മാ വന്ദേയുടെ അനൗണ്‍സ്‌മെന്റിന് പിന്നാലെ മറ്റൊരു ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ മാര്‍ക്കോയുടെ രണ്ടാം ഭാഗമായിരുന്നു ചര്‍ച്ചയായത്. ചിത്രത്തിന്റെ ടൈറ്റില്‍ നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് ഫിലിം ചേംബറില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ലോര്‍ഡ് മാര്‍ക്കോ എന്നാണ് രണ്ടാം ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ഉണ്ണി മുകുന്ദനല്ല നായകനെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിര്‍മാതാവും ഉണ്ണി മുകുന്ദനും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസമാണ് ഇതിന്റെ കാരണമെന്നും സോഷ്യല്‍ മീഡിയയിലെ ചില സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ട് അനൗണ്‍സ് ചെയ്ത അന്നുതന്നെ മാര്‍ക്കോയുടെ രണ്ടാം ഭാഗത്തില്‍ ഉണ്ണി മുകുന്ദന്‍ ഉണ്ടായേക്കില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പടര്‍ന്നത് ഇത്തരം റൂമറുകള്‍ക്ക് ബലം നല്‍കുന്നുണ്ട്. മോദിയുടെ ബയോപിക്കിനെക്കാള്‍ കഴിഞ്ഞ ദിവസം ചര്‍ച്ചയായത് മാര്‍ക്കോയുടെ രണ്ടാം ഭാഗമായിരുന്നു.
മാര്‍ക്കോയുടെ കുടുംബത്തിലെ മൂത്ത കാരണവരായ ലോര്‍ഡ് മാര്‍ക്കോയുടെ കഥയാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോര്‍ഡ് മാര്‍ക്കോയായി യഷ്, പൃഥ്വിരാജ്, ചിയാന്‍ വിക്രം എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. രണ്ടാം ഭാഗം ഒഴിവാക്കിയത് ഉണ്ണി മുകുന്ദന്‍ ചെയ്ത വലിയ മണ്ടത്തരമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഹനീഫ് അദേനി സംവിധാനം ചെയ്ത് കഴിഞ്ഞവര്‍ഷം തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു മാര്‍ക്കോ. ഇന്ത്യയിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമയെന്ന ടാഗ്‌ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിച്ചത്. തിയേറ്ററില്‍ വന്‍ ഹിറ്റായെങ്കിലും ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തെ ട്രോളന്മാര്‍ വലിച്ചുകീറിയിരുന്നു. കെട്ടുറപ്പില്ലാത്ത തിരക്കഥയാണ് ചിത്രത്തിന്റേതെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
Content Highlight: Producer Shareef Muhammed announced Marco movie sequel without Unni Mukundan