സായ് അഭ്യങ്കറിന് ഇന്നുവരെ മലയാളം ഇന്‍ഡസ്ട്രി കൊടുത്തതില്‍ വെച്ച് ഏറ്റവും വലിയ പ്രതിഫലമാണ് ബള്‍ട്ടിയില്‍ കൊടുത്തതെന്ന് നിര്‍മാതാവ് സന്തോഷ് ടി.കുരുവിള. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത് ഷെയ്ന്‍ നിഗം നായകനാകുന്ന സ്‌പോര്‍ട്‌സ് ആക്ഷന്‍ ഡ്രാമ ചിത്രത്തിലൂടെയാണ് യുവ സംഗീതസംവിധായകന്‍ സായ് അഭ്യങ്കര്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
രണ്ട് കോടിക്ക് മുകളിലാണ് സായ് അഭ്യങ്കറിന്റെ പ്രതിഫലമെന്ന് നിര്‍മാതാവ് വെളിപ്പെടുത്തിയിരിക്കുകയാണ്. ക്ലബ് എഫ്.മ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പുതുമുഖത്തിന് ഇത്രയും വലിയ തുക നല്‍കാന്‍ തങ്ങള്‍ തയ്യാറായതിന്റെ കാരണവും നിര്‍മാതാവ് പരാമര്‍ശിച്ചു.
‘ഈ സിനിമയിലെ ജാലക്കാരി എന്ന ഗാനം തമിഴ് നാട്ടില്‍ ഇതിനോടകം വൈറലാണ്. ദിവസവും നിരവധി ആ പാട്ടുള്ള റീലുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. സായ് ചെയ്താല്‍ സംഗതി ശ്രദ്ധിക്കപ്പെടുമെന്ന് വിശ്വാസമുള്ളതുകൊണ്ടാണ് അദ്ദേഹത്തെ കൊണ്ട് സംഗീതം ചെയ്യിച്ചത്.
കാരണം അദ്ദേഹത്തിന്റെ ആല്‍ബം സോങ്ങുകളൊക്കെ രണ്ട് കോടി മൂന്ന് കോടിക്ക് മുകളില്‍ കാഴ്ച്ചക്കാരുണ്ട്. ബള്‍ട്ടിക്ക് ഒപ്പിട്ട് നാല് മാസം കഴിഞ്ഞ് 14 തമിഴ് സിനിമകളും രണ്ട് തെലുങ്ക് സിനിമയും അദ്ദേഹം ഒപ്പിട്ടു,’ സന്തോഷ് ടി.കുരവിള പറഞ്ഞു.
സിനിമ ഏകദേശം 21 കോടി ബജറ്റിലാണ് നിര്‍മിച്ചിരിക്കുന്നതെന്നും ഷെയ്ന്‍ നിഗത്തിന്റെ കരിയറിലെ തന്നെ മൂന്നിരട്ടി പൈസയായ സിനിമയാണ് ബള്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു. കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ കുഴിഞ്ഞാപാറ എന്ന സ്ഥലത്ത് നടക്കുന്ന കഥയാണ് ഇതെന്നും ആ അതിര്‍ത്തിയില്‍ ആളുകള്‍ സംസാരിക്കുന്നതുപോലെ തന്നെ 60 ശതമാനം മലയാളവും 40 തമിഴുമാണ് ഈ സിനിമയിലെ സംഭാഷണങ്ങളെന്നും സന്തോഷ് ടി.കുരുവിള കൂട്ടിച്ചേര്‍ത്തു.
ഇന്ന് തിയേറ്ററുകളില്‍ എത്തുന്ന സിനിമയില്‍ ഷെയ്ന്‍ നിഗത്തിന് പുറമെ സെല്‍വരാഘവന്‍, ശാന്തനു ഭാഗ്യരാജ്, അല്‍ഫോണ്‍സ് പുത്രന്‍, പ്രീതി അസ്രാണി പൂര്‍ണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും അഭിനയിക്കുന്നു.
Content highlight: Producer Santosh T. Kuravila on Sai Abhyankar’s performance in Balti