സിബി മലയിൽ സംവിധാനം ചെയ്ത് 1993 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമാണ് ആകാശദൂത്. ഏറെ പ്രശംസകൾ നേടിയ ചിത്രം ദേശീയ തലത്തിലും ശ്രദ്ധ നേടിയിരുന്നു. 1993-ലെ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ചിത്രം സ്വന്തമാക്കിയിരുന്നു. നടൻ മുരളിയും മാധവിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
ചിത്രത്തിലെ നായികയായി മാധവിയെ തീരുമാനിക്കുന്നതിന് മുമ്പ് സുഹാസിനിയെയായിരുന്നു അണിയറപ്രവർത്തകർ പരിഗണിച്ചിരുന്നതെന്ന് നിർമാതാവ് പ്രേം പ്രകാശ്. എന്നാൽ ചിത്രത്തിന്റെ കഥ കേട്ടതിന് പിന്നാലെ സുഹാസിനി സ്വയം പിന്മാറുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആകാശദൂത്. Photo. IMDb
‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെ നേരത്തെ സുഹാസിനിയുമായി സഹകരിച്ചിരുന്നതിനാൽ അവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താനും സിബി മലയിലും ചേർന്ന് സുഹാസിനിയെ നേരിട്ട് കണ്ട് ‘ആകാശദൂതി’ന്റെ കഥ പറയുന്നത്. കഥ സുഹാസിനിക്ക് ഏറെ ഇഷ്ടപ്പെട്ടെങ്കിലും ചില കാരണങ്ങാളാൽ അവർ സമ്മതിക്കില്ലെന്നും നിർമാതാവ് പറഞ്ഞു.
‘കൂടെവിടെ ചെയ്യുന്ന സമയത്ത് സുഹാസിനി അവിവാഹിതയായിരുന്നു. എന്നാൽ ‘ആകാശദൂത്’ കഥ പറയാൻ പോകുമ്പോഴേക്കും അവർ വിവാഹം കഴിച്ച് ഒരു കുഞ്ഞുണ്ടായിരുന്നു അവർക്ക്. കഥ കേട്ടപ്പോൾ അവർക്ക് വളരെ ഇഷ്ടമായി. പക്ഷേ, ‘എനിക്ക് ഇപ്പോൾ ഒരു കുഞ്ഞുണ്ട്. ഈ കഥ എനിക്ക് താങ്ങാൻ പറ്റുന്നില്ല. കുഞ്ഞിനെ കൊടുക്കുന്ന കാര്യങ്ങളൊക്കെ ഉള്ളതുകൊണ്ട് എനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് എന്നെ ഒഴിവാക്കണം’ എന്നാണ് അവർ പറഞ്ഞത്,’ പ്രേം പ്രകാശ് പറഞ്ഞു.
സുഹാസിനിക്ക് പിന്നാലെ ഗീതയെയും ചിത്രത്തിലേക്ക് പരിഗണിച്ചെങ്കിലും ആ ശ്രമവും നടന്നില്ല. ഒടുവിലാണ് മാധവി ‘ആകാശദൂതി’ന്റെ ഭാഗമായത്. എന്നാൽ മാധവിയെ നായികയായി തീരുമാനിച്ചപ്പോഴും അണിയറപ്രവർത്തകർക്ക് ആശങ്കകളുണ്ടായിരുന്നുവെന്ന് പ്രേം പ്രകാശ് പറയുന്നു. ചിത്രത്തിൽ മുരളിയായിരുന്നു നായകൻ. മാധവിയുടെ കഥാപാത്രത്തിന് നാല് കുട്ടികളുമുണ്ട്. പ്രേക്ഷകർ ഈ കാസ്റ്റിങ്ങിനെ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തിൽ അണിയറപ്രവർത്തകർക്ക് സംശയമുണ്ടായിരുന്നു എന്നും പ്രേം പ്രകാശ് കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ ആദ്യ ദിവസങ്ങളിൽ പ്രതീക്ഷിച്ച രീതിയിൽ പ്രേക്ഷകശ്രദ്ധ ലഭിക്കാതിരുന്നതോടെ വ്യത്യസ്തമായ മാർക്കറ്റിങ് തന്ത്രങ്ങളും അണിയറപ്രവർത്തകർ പരീക്ഷിച്ചതായി പ്രേംപ്രകാശ് പറഞ്ഞു.
‘ആദ്യ ദിവസങ്ങളിൽ സിനിമയ്‌ക്ക് അത്രയധികം ജന ശ്രദ്ധ ലഭിക്കാത്തത് കൊണ്ടായിരുന്നു ടിക്കറ്റിന്റെ കൂടെ കർചീഫ് കൊടുക്കുന്ന പരിപാടിയും അങ്ങനെ കുറെ മാർക്കറ്റിങ് തന്ത്രങ്ങളും ഉപയോഗിച്ചിരുന്നത്. അതിന്റെ ഭാഗാമായിട്ട് ഒരു മത്സരം വെച്ചിരുന്നു. നിങ്ങളുടെ മനസിനെ ഏറ്റവും ഇഷ്ടപെട്ട 10 സീൻ ഓർഡറായിട്ട് എഴുതി തരണം എന്ന പറഞ്ഞുകൊണ്ട് പരസ്യം ഒക്കെ ചെയ്തിരുന്നു. ഒന്നാം സമ്മാനം കാർ. പിന്നെ സിംഗപ്പൂർ യാത്ര ഇതൊക്കെയായിരുന്നു സമ്മാനങ്ങളായി പ്രഖ്യാപിച്ചിരുന്നത്,’ പ്രേം പ്രകാശ് പറഞ്ഞു.
പ്രേം പ്രകാശ്. Photo: Screen Grab/ Youtube
മത്സരത്തിന്റെ ജൂറി അംഗങ്ങളായി ലോഹിതദാസിനെയും സുഹാസിനിയെയും ഉൾപ്പെടുത്തി. ഇതിനായി സുഹാസിനിയെ മദ്രാസിൽ എത്തിച്ച് സിനിമ കാണിക്കുകയും ചെയ്തു. ചിത്രം കണ്ട സുഹാസിനി കരയുകയായിരുന്നുവെന്നും പ്രേം പ്രകാശ് പറഞ്ഞു.
‘സിനിമ കണ്ടിട്ട് സുഹാസിനിക്ക് ഭയങ്കര കരച്ചിലായിരുന്നു. കരച്ചിൽ നിർത്താൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. അത് കണ്ടപ്പോൾ ‘എനിക്ക് തന്നെ ഇത് ചെയ്യാമായിരുന്നു’ എന്നായിരുന്നു സുഹാസിനിയുടെ പ്രതികരണം. പിന്നീട് അവർ ആ കഥാപാത്രത്തെ ഒഴിവാക്കിയതിൽ വിഷമം തോന്നിയിട്ടുണ്ടാകാം. എന്നാൽ സിനിമയിൽ അഭിനയിക്കേണ്ടെന്ന് തീരുമാനിച്ച അതേ സുഹാസിനി പിന്നീട് ജൂറി അംഗമായി ഇത് കാണാനെത്തി,’ പ്രേം പ്രകാശ് കൂട്ടിച്ചേർത്തു.
Content Highlight: Producer Prem Prakash talks about the casting of the film ‘Aakashadoothu’