| Tuesday, 27th October 2026, 9:43 pm

തിലകന്‍ ചേട്ടന് അച്ഛാ എന്ന് വിളിക്കാന്‍ പറ്റിയ ആള്‍ സിനിമയിലില്ലായിരുന്നു, അങ്ങനെയാണ് എന്‍.എന്‍ പിള്ള സാറിലേക്കെത്തുന്നത്: സ്വര്‍ഗചിത്ര അപ്പച്ചന്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാള സിനിമാ പ്രേമികള്‍ പ്രായഭേദമമന്യേ ഇന്നും ആഘോഷിക്കുന്ന ചിത്രമാണ് സിദ്ദീഖ്-ലാല്‍ രചനയും സംവിധാനവും നിര്‍വഹിച്ച് പുറത്തിറങ്ങിയ ഗോഡ്ഫാദര്‍. എന്‍.എന്‍. പിള്ള, ഫിലോമിന, മുകേഷ്, ജഗദീഷ്, കനക, തിലകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രം മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ്. 1991 ല്‍ പുറത്തിറങ്ങിയ ഗോഡ്ഫാദര്‍ ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായിരുന്നു.

സിനിമയില്‍ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് അഞ്ഞൂറാന്‍. എന്‍.എന്‍. പിള്ള അവതരിപ്പിച്ച കഥാപാത്രത്തിന് ഇന്നും വലിയ ഫാന്‍ബേസുണ്ട്. ഈ കഥാപാത്രത്തിലേക്ക് എന്‍.എന്‍. പിള്ള എത്തിയതിനെ പറ്റി പറയുകയാണ് നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്‍. ചിത്രത്തില്‍ തിലകന്‍, ഇന്നസെന്റ്, ഭീമന്‍ രഘു, മുകേഷ് തുടങ്ങിയവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ അച്ഛനായിട്ടായിരുന്നു എന്‍.എന്‍ പിള്ള വേഷമിട്ടത്.

ഗോഡ്ഫാദര്‍. Photo: X.com

ചിത്രത്തില്‍ അഞ്ഞൂറാനായി ആരെ കാസ്റ്റ് ചെയ്യുമെന്നുള്ള സംശയത്തിലായിരുന്നു ഏവരും എന്ന് പറയുകയാണ് അപ്പച്ചന്‍. അടുത്തിടെ ഫിലിമിഹുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചിത്രത്തിലേക്ക് അഞ്ഞൂറാനായി തിലകന്‍ ചേട്ടന്‍ അച്ഛാ എന്ന് വിളിക്കുന്ന ഒരാളെ വേണമായിരുന്നു. തിലകന്‍ ചേട്ടന്‍ എന്ന് പറഞ്ഞാല്‍ നമ്മുടെ മനസില്‍ പ്രായമുള്ള ആളാണല്ലോ. അദ്ദേഹം ഒരാളെ അച്ഛാ എന്ന വിളിക്കമണമെങ്കില്‍ പിന്നെയും ഇരുപത് വയസിന് മേലെ പ്രായം വേണം. നോക്കുമ്പോള്‍ സിനിമയില്‍ അങ്ങനെ ഒരാളെ കിട്ടില്ല. അങ്ങനെ ആലോചിച്ച് നോക്കുമ്പോഴാണ് നാടകാചാര്യന്‍ എന്‍.എന്‍ പിള്ള സാറുണ്ടല്ലോ എന്ന് ലാല്‍ പറയുന്നത്.

എന്‍.എന്‍. പിള്ള. Photo: X.com

അങ്ങനെ വിജയരാഘവനെ വിളിച്ചപ്പോള്‍ നിങ്ങള്‍ തന്നെ വന്ന് ചോദിച്ചോ, അച്ഛന്‍ എന്താണ് പറയുക എന്ന് അറിയത്തില്ലെന്നും ചീത്ത പറയുക ആണെങ്കില്‍ നിങ്ങള്‍ തന്നെ വന്ന് കേട്ടിട്ട് പൊയ്‌ക്കോളൂ എന്നും പറഞ്ഞു. അങ്ങനെ ഞാനും സിദ്ധിഖും ലാലും കൂടെയാണ് പോയി അദ്ദേഹത്തെ കാണുന്നത്. പുള്ളിയ്ക്ക് ആദ്യം ഒരു താത്പര്യവും ഇല്ലായിരുന്നു. എന്നെ തന്നെ തെരഞ്ഞുവരാന്‍ എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ സാര്‍ ചെയ്താല്‍ മാത്രമേ ആ കഥാപാത്രത്തിന് ഒരു തൃപ്തി വരികയുള്ളൂ എന്ന് പറഞ്ഞു. മനസില്ലാ മനസോടെയാണ് ഏറ്റെടുത്തതെങ്കിലും ലൊക്കേഷനില്‍ വന്നപ്പോള്‍ വേറെയൊരു മനുഷ്യനായി അദ്ദേഹം മാറി.

ഞാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തതാണെന്നും അത് നല്ല രീതിയില്‍ ചെയ്യുമെന്നും പുള്ളി പറഞ്ഞു. എന്നെ കൊണ്ട് നിങ്ങള്‍ കഷ്ടപ്പെടുമെങ്കിലും ഞാനും സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെടാന്‍ തയ്യാറാണെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഡബ്ബിങ്ങിന്റെ സമയത്ത് അദ്ദേഹം കുറച്ച് പ്രയാസപ്പെട്ടെങ്കിലും ഞങ്ങളുമായിട്ട് നല്ല സഹകരണമായിരുന്നു,’ സ്വര്‍ഗചിത്ര അപ്പച്ചന്‍ പറഞ്ഞു.

Content Highlight: Producer of Malayalam Movie Godfather Swargachithra appachan talks about casting of N.N Pillai

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more