| Wednesday, 4th November 2026, 2:12 pm

'രാമായണ അവതാറിനും അവഞ്ചേഴ്‌സിനും ഒപ്പം നിൽക്കുന്ന സിനിമ’; ഇതുവരെ കാണാത്ത രീതിയിൽ അവതരിപ്പിക്കാനാണ് ശ്രമം: നമിത് മൽഹോത്ര

അജ്മല്‍ കെ

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ മുതൽ മുടക്കിൽ നിർമിച്ചുകൊണ്ട് റിലീസിനൊരുങ്ങുകയാണ് രാമായണ. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന സിനിമ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബജറ്റിലും കാൻവാസിലും ഒരുങ്ങുന്ന ചിത്രമായാണ് വിലയിരുത്തപ്പെടുന്നത്. 4000കോടി മുതൽമുടക്കിൽ രണ്ടുഭാഗങ്ങളായാണ് ചിത്രം റിലീസിനെത്തുന്നത്. രാമനും സീതയുമായി രൺബീർ കപൂറും സായിപല്ലവിയുമെത്തുമ്പോൾ രാവണനായി യഷുമാണ് ചിത്രത്തിൽ എത്തുന്നത്.

ഇപ്പോഴിതാ രാമായണത്തിന്റെ കഥ എല്ലാവർക്കും അറിയാമെങ്കിലും രാമായണം സിനിമയാകുന്നതിന് പല കാരണങ്ങളുണ്ടെന്ന് പറയുകയാണ് നിർമാതാവ് നമിത് മൽഹോത്ര. ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ വലിയൊരു ദൃശ്യവിസ്മയമായി രാമായണത്തെ അവതരിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

രാമായണ. Photo. Screen Grab/ Youtube

‘നിരവധി രാമായണങ്ങൾ നേരത്തെ വന്നിട്ടുള്ളതല്ലേ, നമുക്ക് കഥ അറിയാമല്ലോ എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. പക്ഷേ, ഇതുവരെ ആരും കാണാത്ത രീതിയിലുള്ള രാമായണമാണ് ഞങ്ങൾ ഒരുക്കുന്നത്. ഇത്രയും വലിയ കാൻവാസിലും ദൃശ്യവിസ്മയത്തോടെയും രാമായണം ഇതുവരെ അവതരിപ്പിച്ചിട്ടില്ല. ഒരു ടെലിവിഷൻ പരമ്പരയിലോ തെരുവുനാടകത്തിലോ രാംലീലയിലോ പോലും ഇത്തരമൊരു അവതരണം ഉണ്ടായിട്ടില്ല. അവതാർ, അവഞ്ചേഴ്സ്, സ്പൈഡർമാൻ, ദി ഒഡീസി തുടങ്ങിയ ചിത്രങ്ങളുടെ അതേ നിരയിൽ നിർത്താവുന്ന സിനിമയായിരിക്കും ഞങ്ങളുടേത്,’ നമിത് മൽഹോത്ര പറഞ്ഞു.

ഹോളിവുഡ് ചിത്രങ്ങൾ ഒരുക്കുന്ന തരത്തിലുള്ള വലിയ ദൃശ്യാനുഭവം ഇന്ത്യൻ സിനിമയ്ക്കും സൃഷ്ടിക്കാനാകുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് രാമായണത്തിലൂടെ തങ്ങളുടെ ലക്ഷ്യമെന്നും നമിത് പറഞ്ഞു.

രാമായണ, Photo.Screen Grab/ Youtube

‘വലിയ ഇതിഹാസ കഥകളും ദൃശ്യവിസ്മയങ്ങളും ഇഷ്ടപ്പെടുന്ന പ്രേക്ഷകർ വിദേശ രാജ്യങ്ങളിലുണ്ട്. എന്നാൽ ഹോളിവുഡ് സിനിമകളിൽ കാണുന്നതുപോലെയുള്ള വലിയ കാൻവാസിലുള്ള ചിത്രങ്ങൾ ഇന്ത്യയിൽ അധികം ഉണ്ടായിട്ടില്ല. ബാഹുബലി, ധുരന്ധർ തുടങ്ങിയ വലിയ വിജയചിത്രങ്ങൾ നമുക്കുണ്ട്.

പക്ഷേ, ഹോളിവുഡ് ചിത്രങ്ങളെപ്പോലെയുള്ള ദൃശ്യവിസ്മയം എന്ന നിലയിൽ ആ സിനിമകൾ വ്യത്യസ്തമാണ്. ആ വിടവ് നികത്താനാണ് ഞങ്ങൾ രാമായണയിലൂടെ ശ്രമിക്കുന്നത്. ഹോളിവുഡിന് ചെയ്യാൻ കഴിയുന്നത് ഇന്ത്യയ്ക്കും ചെയ്യാൻ കഴിയും. അവരേക്കാൾ മികച്ച രീതിയിൽ ചെയ്യാനും നമുക്ക് സാധിക്കും. അത് ഹോളിവുഡിലുള്ളവർ അംഗീകരിക്കണമെന്നാണ് ആഗ്രഹം,’ നമിത് കൂട്ടിച്ചേർത്തു.

Content Highlight: Producer Namit Malhotra states that although everyone is familiar with the story of the Ramayana, there are several reasons why it is being adapted into a film

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more