| Thursday, 2nd October 2025, 9:49 pm

ഡ്യൂണിനും ഇന്റര്‍സ്റ്റെല്ലാറിനും വേണ്ടി പ്രവര്‍ത്തിച്ചവരാണ് രാമായണയുടെ വി.എഫ്.എക്‌സ് ചെയ്യുന്നത്, 3000 കോടിയാണ് ചെലവ്: നിര്‍മാതാവ് നമിത് മല്‍ഹോത്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമാചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന പ്രൊജക്ടാണ് രാമായണ. ദംഗല്‍ എന്ന ഇന്‍ഡസ്ട്രി ഹിറ്റൊരുക്കിയ നിതേഷ് തിവാരിയാണ് ഈ ബ്രഹ്‌മാണ്ഡ പ്രൊജക്ട് അണിയിച്ചൊരുക്കുന്നത്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂറാണ് രാമനായി വേഷമിടുന്നത്. കന്നഡ സൂപ്പര്‍ താരം യഷ് രാവണനായി വേഷമിടുമ്പോള്‍ സിനിമാപ്രേമികളും ആകാംക്ഷയിലാണ്.

4000 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ഒരു സിനിമക്ക് ഇത്രയും ബജറ്റ് ഒരു ഇന്ത്യന്‍ സിനിമക്കായി ചെലവഴിക്കുന്നത് ഇതാദ്യമായാണ്. 4000 കോടി ബജറ്റില്‍ 80 ശതമാനവും ഗ്രാഫിക്‌സിന് വേണ്ടിയാണ് ചെലവഴിക്കുന്നതെന്ന് പറയുകയാണ് നിര്‍മാതാവ് നമിത് മല്‍ഹോത്ര. ഹോളിവുഡിലെ മുന്‍നിര വി.എഫ്.എക്‌സ് കമ്പനിയായ ഡി.എന്‍.ഇ.ജിയാണ് രാമായണത്തിന്റെ ഗ്രാഫിക്‌സ് വര്‍ക്ക് ചെയ്യുന്നത്.

ഹോളിവുഡിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളായ ഇന്റര്‍സ്‌റ്റെല്ലാര്‍, ഡ്യൂണ്‍ എന്നീ സിനിമകളില്‍ പ്രവര്‍ത്തിച്ച ഡി.എന്‍.ഇ.ജി ആദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്നത്. ഡി.എന്‍.ഇ.ജിയെ രാമായണത്തിലേക്ക് കൊണ്ടുവന്നതിനെക്കുറിച്ചും അവരുടെ പ്രവര്‍ത്തനത്തെക്കുറിച്ചും സംസാരിക്കുകയാണ് നമിത് മല്‍ഹോത്ര.

‘ബജറ്റിന്റെ 80 ശതമാനവും ഗ്രാഫിക്‌സിന് വേണ്ടിയാണ് മാറ്റിവെച്ചിരിക്കുന്നത്. അതിന്റെ ക്വാളിറ്റിയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. 2028 വരെ മറ്റൊരു ചിത്രവും അവര്‍ പുതിയതായി ഏറ്റെടുത്തിട്ടില്ലെന്നാണ് വിവരം. ക്രിസ്റ്റഫര്‍ നോളന്റെ ഒഡീസി, ഡെന്നിസ് വില്ലന്യൂവിന്റെ ഡ്യൂണ്‍ പാര്‍ട്ട് ത്രീ എന്നീ സിനിമകള്‍ ആദ്യമേ അവര്‍ ഏറ്റെടുത്തതാണ്.

ഈ സിനിമക്ക് വേണ്ടി നാലായിരം കോടിയല്ല, അതിന്റെ മൂന്നിരട്ടി ചെലവാക്കാന്‍ ഞാന്‍ തയാറാണ്. വി.എഫ്.എക്‌സ് വര്‍ക്കുകള്‍ പൂര്‍ത്തിയായ ചില ഭാഗങ്ങള്‍ ഞാന്‍ കണ്ടു. അതിഗംഭീരമെന്നല്ലാതെ മറ്റൊന്നും പറയാനില്ല. ഗ്ലാഡിയേറ്റര്‍, അവതാര്‍ തുടങ്ങിയ ലോക ക്ലാസിക്കുകള്‍ക്കൊപ്പം നിര്‍ത്താന്‍ കഴിയുന്ന ചിത്രമാകും രാമായണ,’ നമിത് മല്‍ഹോത്ര പറയുന്നു.

സായ് പല്ലവിയാണ് രാമായണയില്‍ സീതയായി വേഷമിടുന്നത്. രവി ദൂബേ, സണ്ണി ഡിയോള്‍, അമിതാഭ് ബച്ചന്‍, ലാറാ ദത്ത, കുനാല്‍ കപൂര്‍, കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത് സിങ് തുടങ്ങി വന്‍ താരനിര രാമായണത്തില്‍ വേഷമിടുന്നുണ്ട്. ലോക സിനിമയിലെ ഇതിഹാസ സംഗീതജ്ഞനായ ഹാന്‍സ് സിമ്മറും മദ്രാസിന്റെ മൊസാര്‍ട്ട് എ.ആര്‍ റഹ്‌മാനുമാണ് ചിത്രത്തിന്റെ സംഗീതം. ആദ്യഭാഗം 2026 ദീപാവലിക്കും രണ്ടാം ഭാഗം 2027 ദീപാവലിക്കും തിയേറ്ററുകളിലെത്തും.

Content Highlight: Producer Namit Malhotra saying 80 percent  budget of Ramayana movie spent for VFX works

We use cookies to give you the best possible experience. Learn more