മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ് 1989-ൽ പുറത്തിറങ്ങിയ ‘കിരീടം’. മോഹൻലാലിന്റെ കരിയറിലെ നാഴികക്കല്ലായ ഈ ചിത്രം വർഷങ്ങൾക്ക് ശേഷം ഈ മാസം പത്തിന് തിയേറ്ററുകളിൽ റീ റിലീസിന് ഒരുങ്ങുകയാണ്. ഈ വേളയിൽ, അന്ന് ചിത്രത്തിന്റെ ക്ലൈമാക്സുമായി ബന്ധപ്പെട്ട് നേരിട്ട സമർദ്ദങ്ങളെക്കുറിച്ച് പങ്കുവെക്കുകയാണ് സിനിമയുടെ നിർമാതാക്കളിൽ ഒരാളായ കിരീടം ഉണ്ണി എന്നറിയപ്പെടുന്ന എൻ. കൃഷ്ണകുമാർ. ജിഞ്ചർ മീഡിയ കട്ട്സ് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിരീടം.photo.screen grab/youtube
‘സിബി മലയിലിന്റെ ‘തനിയാവർത്തനവും’ ‘വിചാരണ’യുമൊക്കെ ഇറങ്ങിനിൽക്കുന്ന സമയത്താണ് മോഹൻലാലിനെ വെച്ച് ഒരു സിനിമ ചെയ്യാൻ ഞങ്ങൾ തീരുമാനിക്കുന്നത്. ഞാനും സിബിയും തമ്മിൽ ‘പൂച്ചക്കൊരു മൂക്കുത്തി’ എന്ന സിനിമ മുതൽ നല്ലൊരു ബന്ധമുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ രണ്ടുപേരും കൂടി ലോഹിതദാസിനെ കാണാൻ പോയി. ലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യാനുള്ള പ്ലാൻ പറഞ്ഞപ്പോൾ, ലോഹിയുടെ മനസിൽ മുമ്പ് ചാലക്കുടിയിൽ നടന്ന ഒരു യഥാർത്ഥ സംഭവം ഉണ്ടായിരുന്നു.
ഒരു ഗുണ്ട തന്റെ അച്ഛനെ അടിക്കുന്നത് കണ്ടുനിൽക്കുന്ന മകൻ അതിലേക്ക് ചാടിവീഴുന്നതും തുടർന്ന് അവന്റെ ജീവിതം മാറിമറിയുന്നതുമായിരുന്നു അന്ന് അവിടെ നടന്ന ചർച്ചയിൽ കിട്ടിയ പ്രമേയം. സ്വന്തം അച്ഛനെ മറ്റൊരാൾ അടിക്കുമ്പോൾ ഏതൊരു മകനും പ്രതികരിക്കുമല്ലോ, ആ ഒരു വൈകാരിക ഘടകം എന്നെ ആകർഷിച്ചതുകൊണ്ട് ഉടൻ തന്നെ ഞാൻ ആ പ്രൊജക്റ്റിന് കൈ കൊടുത്തു.
എന്നാൽ പിന്നീട് സിനിമയുടെ കഥ പറഞ്ഞപ്പോൾ എന്റെ പാർട്ണർ ദിനേശ് പണിക്കർക്കും, വിതരണക്കാരായ സെവൻ ആർട്സിനും കഥയുടെ ക്ലൈമാക്സിനോട് വിയോജിപ്പുണ്ടായിരുന്നു. കാരണം സിനിമയുടെ അവസാനം മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഒരു നെഗറ്റീവ് ഷേഡ് വരുന്നുണ്ട്. ലാൽ അന്ന് സൂപ്പർഹിറ്റുകളുമായി ഒരു ഹീറോ ഇമേജിൽ നിൽക്കുന്ന സമയമാണ്, കൂടാതെ ക്ലൈമാക്സ് നെഗറ്റീവ് ആയാൽ പടം ഓടില്ലെന്ന വിഷമം ദിനേശ് പണിക്കർക്കുണ്ടായിരുന്നു. കൂടാതെ സിബി മലയാലിന് വലിയ രീതിയിലുള്ള പ്രഷർ പല ഭാഗത്തുനിന്നും വന്നു.
തുടർന്ന് ക്ലൈമാക്സ് മാറ്റാൻ വേണ്ടി ഒരു മീറ്റിങ് വിളിച്ചെങ്കിലും ഞാനും സിബിയും ലോഹിയും ഒരു കാരണവശാലും ക്ലൈമാക്സ് മാറ്റില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. വേണമെങ്കിൽ പ്രൊജക്റ്റ് മാറ്റിവെച്ച് ലാലിനെ വെച്ച് മറ്റൊന്ന് ചെയ്യാം എന്ന് പറഞ്ഞു പക്ഷെ അപ്പോളും അദ്ദേഹത്തിന്റ തീയതി കിട്ടൽ പ്രശ്നം ആയിരുന്നു. എന്നാൽ മോഹൻലാലിനെ സംബന്ധിച്ച് അദ്ദേഹം ആ കഥയിൽ ഉറച്ചു നിൽക്കുകയും, ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. ലാൽ നൽകിയ ആ ആത്മവിശ്വാസത്തോടെ തൃശൂർ രാമനിലയത്തിൽ ഇരുന്ന് വെറും ഒരാഴ്ച കൊണ്ട് ലോഹി കഥ എഴുതി തീർത്തു.
സിനിമയ്ക്ക് മറ്റൊരു വലിയ പ്രതിസന്ധി വന്നത് ലൊക്കേഷന്റെ കാര്യത്തിലായിരുന്നു. ആദ്യം പാലക്കാട് ആയിരുന്നു ലൊക്കേഷൻ നിശ്ചയിച്ചിരുന്നത്. അവിടുത്തെ കളക്ടർ എന്റെ സുഹൃത്തായതുകൊണ്ട് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ആ സമയത്ത് തിലകൻ ചേട്ടൻ തിരുവനന്തപുരത്ത് മറ്റ് രണ്ട് സിനിമകളുടെ ഷൂട്ടിങ്ങിലായിരുന്നു പാലക്കാട് വന്ന് അഭിനയിക്കാൻ ബുദ്ധിമുട്ടായതുകൊണ്ട് ‘എന്നെ ഒഴിവാക്കി വേറെ ആരെയെങ്കിലും നോക്കിക്കോളൂ’ എന്ന് തിലകൻ ചേട്ടൻ പറഞ്ഞു. പക്ഷേ, ചേട്ടൻ ഇല്ലെങ്കിൽ ഞങ്ങൾ ഈ പടം ചെയ്യുന്നില്ല എന്ന് ഞങ്ങൾ ഉറപ്പിച്ചു പറഞ്ഞു. തുടർന്ന് അദ്ദേഹത്തിന് വേണ്ടി ഞങ്ങൾ സിനിമയുടെ ലൊക്കേഷൻ തിരുവനന്തപുരത്തേക്ക് മാറ്റി. അങ്ങനെ തിരുവനന്തപുരത്ത് വെച്ച് വെറും 23 ദിവസം കൊണ്ടാണ് ഞങ്ങൾ ‘കിരീടം’ സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കിയത്,’ എൻ. കൃഷ്ണകുമാർ പറഞ്ഞു.
കിരീടം.photo.screen grab/youtube