| Tuesday, 5th May 2026, 4:06 pm

20 കോടി മുടക്കി എങ്ങനെ ബാഹുബലിയ്ക്ക് കിട്ടുന്ന കളക്ഷന്‍ നേടാമെന്നാണ് ഞങ്ങള്‍ നോക്കാറുള്ളത്; ഫഹദ് പറഞ്ഞതിനെക്കിറിച്ച് രവിശങ്കര്‍

അശ്വിന്‍ രാജേന്ദ്രന്‍

താരമൂല്യമോ സംവിധായകരെയോ നോക്കാതെ നല്ല ചിത്രങ്ങള്‍ക്ക് എന്നും അര്‍ഹമായ വിജയം സമ്മാനിക്കുന്ന ഇന്‍ഡസ്ട്രിയാണ് മലയാളത്തിലേത്. മറ്റ് പല ഭാഷകളിലും വമ്പന്‍ ബഡ്ജറ്റിലെത്തുന്ന ചിത്രങ്ങള്‍ പോലും വലിയ മാര്‍ജിനില്‍ പരാജയപ്പെടുമ്പോള്‍ പുതുമുഖ സംവിധായകനെന്നോ പുതുമുഖതാരങ്ങളെന്നോ നോക്കാതെ സിനിമകളുടെ ഗുണമേന്മ മാത്രമാണ് മലയാളി പ്രേക്ഷകര്‍ പലപ്പോഴും മുഖവിലക്കെടുക്കാറുള്ളത്.

അടുത്തിടെ പുറത്തിറങ്ങി ഈ വര്‍ഷത്തെ ഇന്‍ഡസ്ട്രി ഹിറ്റായ വാഴ 2വും കഴിഞ്ഞ വര്‍ഷത്തെ ഇന്‍ഡസ്ട്രി ഹിറ്റായ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയും ഇതിന് ഉദാഹരണങ്ങളാണ്. ഫീമെയ്ല്‍ ലീഡായെത്തുന്ന ചിത്രങ്ങള്‍ക്ക് ഇന്‍ഡസ്ട്രി ഹിറ്റ് പദവി ലഭിക്കുക എന്ന ഇന്ത്യയിലെ മറ്റേത് ഇന്‍ഡസ്ട്രിയ്ക്കും അവകാശപ്പെടാന്‍ സാധിക്കാത്ത നേട്ടമാണ് കല്ല്യാണി പ്രിയദര്‍ശന്‍ നായികയായെത്തിയ ലോകഃയിലൂടെ മോളിവുഡ് സ്വന്തമാക്കിയത്.

വാഴ 2. Photo: IMDB

അതേസമയം ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയരായ ഹാഷിറും കൂട്ടരും പ്രധാനവേഷത്തിലെത്തിയ വാഴ 2വിനും അമ്പരപ്പിക്കുന്ന വിജയമാണ് പ്രേക്ഷകര്‍ നല്‍കിയത്. പറയത്തക്ക മുന്‍നിര താരങ്ങളൊന്നും ഇല്ലാതിരുന്നിട്ടും 200 കോടിയിലധികമായിരുന്നു ചിത്രം സ്വന്തമാക്കിയത്. തെലുങ്കിലും തമിഴിലും വമ്പന്‍ ബജറ്റിലെത്തുന്ന ചിത്രങ്ങള്‍ മുടക്കുമുതലിന്റെ പകുതി പോലും തിരിച്ചുപിടിക്കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ചെറിയ ബജറ്റിലൊരുങ്ങുന്ന മലയാള ചിത്രങ്ങള്‍ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ഈ സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ ഫഹദ് ഫാസില്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് തെലുങ്ക് നിര്‍മാതാവായ മൈത്രി രവിശങ്കര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കേരളത്തിലെ മുന്‍നിര താരമായ ഫഹദ് ഫാസിലിനെ ഒരു ഫങ്ഷനില്‍ വെച്ച് കണ്ടപ്പോള്‍ 20 കോടി ബജറ്റില്‍ എങ്ങനെയാണ് കേരള ഫിലിം ഇന്‍ഡസ്ട്രിയില്‍ ഒരു ചിത്രം നിര്‍മിക്കുകയെന്നും ഇതില്‍ നിന്നും എങ്ങനെയാണ് ബാഹുബലി നേടിയ പോലെ വലിയ കളക്ഷന്‍ നേടാന്‍ സാധിക്കുകയെന്നുമാണ് താരം നിര്‍മാതാവിനോട് പറഞ്ഞത്.

ഫഹദ് ഫാസില്‍. Photo: Th Times Of India

ഫഹദ് ഫാസിലിന് വലിയ രീതിയില്‍ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിക്കൊടുത്ത പുഷ്പ ദ റൈസും, പുഷ്പ ദ റൂളും നിര്‍മിച്ചത് മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ രവി ശങ്കറായിരുന്നു. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മാറാനും ചിത്രത്തിന് സാധിച്ചിരുന്നു. അല്ലു അര്‍ജുനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന aa23 നിര്‍മിക്കുന്നതും മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിലാണ്.

Content Highlight: Producer Mythri Ravi Shankar talks about Fahad Fazil’s views about film production

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more