വെള്ളം എന്ന ജയസൂര്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് മുരളി കുന്നംപുറം. നദികളില്‍ സുന്ദരി യമുന, സുമതി വളവ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ മുരളി കഴിഞ്ഞ ദിവസം ചിത്രങ്ങളുടെ സംവിധായകരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളോറ, അഭിലാഷ് പിള്ള തുടങ്ങിയവര്‍ക്കെതിരെ ആരോപണമുന്നയിച്ച് കൊണ്ട് ആത്മഹത്യ ഭീഷണി മുഴക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നദികളില്‍ സുന്ദരി യമുന. Photo: IMDB
വെള്ളം എന്ന സിനിമയിലെ ജയസൂര്യ അവതരിപ്പിച്ച മുരളി എന്ന കഥാപാത്രം മുരളി കുന്നം പുറത്തിന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു ഒരുക്കിയിരുന്നത്. മുരളി തന്നെയായിരുന്നു ചിത്രം നിര്‍മിച്ചത്. പിന്നീട് നിര്‍മിച്ച ചിത്രങ്ങളായ അര്‍ജുന്‍ അശോകന്‍ നായകനായ സുമതിവളവില്‍ ഏഴ് കോടി രൂപയുടെ നഷ്ടവും ധ്യാന്‍ ശ്രീനിവാസന്‍ പ്രധാനവേഷത്തിലെത്തിയ നദികളില്‍ സുന്ദരി യമുനയില്‍ ഒരു കോടി രൂപയുമാണ് നഷ്ടം സംഭവിച്ചതെന്ന് മുരളി പറയുന്നു.
എന്നാല്‍ ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോ താന്‍ വിഷുവിന് മുമ്പ് പോസ്റ്റ് ചെയ്തത് ആയിരുന്നുവെന്നും അപ്പോഴത്തെ മാനസികാവസ്ഥയിലായിരുന്നു അത്തരത്തിലൊരു വീഡിയോ ചെയതതെന്നും അദ്ദേഹം പറഞ്ഞു. ഉടന്‍ തന്നെ വീഡിയോ റിമൂവ് ചെയതെങ്കിലും ത്രെഡ്‌സ് എന്ന പ്ലാറ്റ്‌ഫോം വഴി വീഡിയോ കൂടുതല്‍ പേരിലേക്കെത്തുകയായിരുന്നു. വീഡിയോ എടുത്തതിന് ശേഷം സ്ലീപ്പിങ്ങ് പില്‍സ് കഴിച്ച് ഉറങ്ങിപ്പോയ തന്നെ വീട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും മൂന്ന് ദിവസത്തെ ചികിത്സയക്ക് ശേഷമാണ് ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നതെന്നും മുരളി കൂട്ടിച്ചേര്‍ത്തു.
സുമതിവളവ്. Photo: Ott PLay
വീഡിയോ പുറത്തിറങ്ങിയതോടെ സിനിമാ മേഖലയില്‍ ഒരുപാട് പേര്‍ തന്നെ വിളിച്ചിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍, ജയസൂര്യ, സംവിധായകനായ ജൂഡ് ആന്തണി ജോസഫ് തുടങ്ങിയവര്‍ തനിക്ക് പിന്തുണ അറിയിച്ചുകൊണ്ട് വിളിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. തനിക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന് കാരണക്കാരായവര്‍ക്കെതിരെ സിനിമാ സംഘടനകള്‍ക്കും മറ്റും പരാതി നല്‍കിക്കൊണ്ട് നിയമപരമായി തന്നെ നേരിടുമെന്നും മുരളി അറിയിച്ചു.
Content Highlight: Producer Murali talks about the financial loss he faced after producing two films