| Monday, 21st September 2026, 11:08 am

ഉണ്ണി മുകുന്ദനെ വെച്ച് സിനിമ ചെയ്യരുതെന്ന് പലരും പറഞ്ഞിരുന്നു, അതുകൊണ്ടാണ് ആ ചിത്രം പരാജയമായത്; നിർമാതാവ് മുഹമ്മദ് ഫൈസൽ

അജ്മല്‍ കെ

ഉണ്ണിമുകുന്ദനെ നായകനാക്കി 2018ൽ കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത സിനിമയാണ് ചാണക്യതന്ത്രം. ചിത്രം തിയേറ്ററുകളിൽ പരാജയമായിരുന്നു. ഇപ്പോഴിതാ സിനിമ പരാജയപ്പെടാനുള്ള കാര്യങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ചിത്രത്തിന്റെ പ്രൊഡ്യൂസറായ മുഹമ്മദ് ഫൈസൽ.

ജീവിതത്തിൽ എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിൽ നിന്നാണ് സിനിമ പ്രൊഡ്യൂസ് ചെയ്യുന്നതിലേക്ക് എത്തിയതെന്നും ആദ്യ സിനിമയുടെ സംവിധായകനായിട്ടുള്ള കണ്ണൻ താമരക്കുളം തന്നെ ഇന്നും ചേർത്തുപിടിച്ച് മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രൊഡ്യൂസറായ മുഹമ്മദ് ഫൈസലിന്റെ പ്രതികരണം.

ഫൈസൽ. Photo. Screen Grab/ Youtube

‘സിനിമ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയത് ഒരു ഭാഗ്യമായിട്ടാണ് ഞാൻ ഇന്നും കാണുന്നത്. എന്റെ ആദ്യ സിനിമയുടെ പ്രൊഡ്യൂസർ എന്നെ അന്നും ഇന്നും ചേർത്തുപിടിച്ചുകൊണ്ടാണ് മുന്നോട്ട് കൊണ്ടുപോയിട്ടുള്ളത്. ജീവിതത്തിൽ നമ്മൾ എന്തെങ്കിലും ഒക്കെ ചെയ്യേണ്ടേ എന്നുള്ള തീരുമാനത്തിൽ നിന്നാണ് സിനിമ പ്രൊഡ്യൂസ് ചെയ്യുക എന്നതിലേക്ക് വന്നത്,’ഫൈസൽ പറഞ്ഞു.

ഒരു സുഹൃത്തുമായി ചേർന്നാണ് സിനിമ നിർമിക്കാനുള്ള ആലോചന തുടങ്ങിയത്. ഇതിനിടെയാണ് സംവിധായകൻ കണ്ണൻ താമരക്കുളത്തെ കാണുന്നതും പുതിയൊരു സിനിമാ പ്രോജക്ടിനെക്കുറിച്ച് സംസാരിക്കുന്നതും അദ്ദേഹം വ്യക്തമാക്കി.

‘ഞാനും എന്റെ ഒരു സുഹൃത്തും കൂടെ ആലോചിച്ചാണ് ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യാം എന്ന് തീരുമാനിക്കുന്നത്. അങ്ങനെ ഞങ്ങൾ ഒരു സ്ഥലത്തേക്ക് യാത്ര പോകുമ്പോൾ കണ്ണൻ താമരക്കുളത്തെ കണ്ടു. ഞങ്ങൾ ഒരു ചായയൊക്കെ കുടിച്ച് സംസാരിച്ചു. അങ്ങനെയാണ് പ്രൊഡ്യൂസറിലേക്ക് എത്തുന്നത്,’ഫൈസൽ കൂട്ടിച്ചേർത്തു.

അന്ന് ഉണ്ണി മുകുന്ദനും കണ്ണൻ താമരക്കുളവും പുതിയൊരു പ്രോജക്ടിന്റെ ഭാഗമായി ബോംബെയിലേക്ക് പോയതിന്റെ ഫോട്ടോ താൻ കണ്ടിരുന്നെന്നും പ്രോജക്ടിന്റെ കാര്യം അന്വേഷിച്ചതോടെയാണ് സിനിമ നിർമിക്കാനുള്ള അവസരം മുന്നിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഉണ്ണിമുകുന്ദനും കണ്ണനും കൂടി പുതിയ പ്രോജക്ടിന്റെ ഭാഗമായി എയർപോർട്ടിലുള്ള ഫോട്ടോ ഞാൻ കണ്ടിരുന്നു. അപ്പോൾ അതൊക്കെ എന്തായി എന്ന് ചോദിച്ചു. ഉണ്ണിയുടെ ഒരു പ്രോജക്ടിന്റെ ഭാഗമായി ബോംബെ പോയതാണ്, ഒരു പ്രൊഡ്യൂസറെ കാണാൻ വേണ്ടിയിട്ട് എന്നാണ് പറഞ്ഞത്. പക്ഷേ പ്രൊഡ്യൂസർ നമ്മൾ ഉദ്ദേശിച്ച പോലെയായില്ല. ആ പ്രോജക്ട് തൽക്കാലം ഡ്രോപ്പ് ആയിരിക്കുകയാണ് എന്നും പറഞ്ഞു.

തമിഴ് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ കഥയാണിതെന്ന് അറിഞ്ഞതോടെ ബജറ്റിനെക്കുറിച്ചായി ചോദിച്ചറിഞ്ഞത്. അങ്ങനെയാണ് സിനിമ ഏറ്റെടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തുന്നത് എന്നും ഫൈസൽ പറഞ്ഞു.

‘ഏത് പടം എന്നൊക്കെ ഞാൻ ചോദിച്ചു. ഏതോ തമിഴ് സിനിമയിൽ നിന്ന് ഇൻസ്പയർ ആയിട്ട് എഴുതിയ പടമാണെന്ന് പറഞ്ഞു. അങ്ങനെ ഉണ്ണി പറഞ്ഞിട്ട് ഞങ്ങൾ പ്ലാൻ ചെയ്ത് ഉണ്ടാക്കിയ ഒരു കഥയാണെന്നും പറഞ്ഞു. അപ്പോൾ എത്ര ബജറ്റ് വരും എന്ന് ചോദിച്ചു. അങ്ങനെയാണ് ആ പടം പ്രൊഡ്യൂസ് ചെയ്യാം എന്ന് പറഞ്ഞ് ഞാൻ ഏറ്റെടുക്കുന്നത്,’ഫൈസൽ വ്യക്തമാക്കി.

ഓഗസ്റ്റ് മാസത്തിലായിരുന്നു ഈ തീരുമാനമെന്നും സെപ്റ്റംബറിൽ ഉണ്ണി മുകുന്ദന്റെ പിറന്നാൾ കണക്കിലെടുത്ത് സിനിമ പ്രഖ്യാപിക്കാമെന്നുമായിരുന്നു അന്നത്തെ പദ്ധതിയെന്നും ഫൈസൽ പറയുന്നു. പ്രതീക്ഷിച്ചതിലും അൽപ്പം കൂടുതൽ ബജറ്റ് വേണ്ടിവന്നെങ്കിലും സംവിധായകൻ കണ്ണൻ താമരക്കുളത്തിലുള്ള വിശ്വാസമാണ് മുന്നോട്ടുപോകാൻ കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ബജറ്റ് നമ്മൾ വിചാരിച്ചതിലും കുറച്ച് കൂടുതലായിരുന്നു. പക്ഷേ എനിക്ക് കണ്ണനിൽ വിശ്വാസമുണ്ടായിരുന്നു. ഉണ്ണിയേക്കാൾ ഞാൻ കണ്ണനെയാണ് വിശ്വസിച്ചത്. കണ്ണൻ ചെയ്ത പടങ്ങളൊക്കെ അത്യാവശ്യം നല്ലതായിരുന്നു. ചെയ്തിട്ടുള്ള മൂന്ന് പടവും ബിസിനസ് ആയിരുന്നു. പിന്നെ കണ്ണന്റെ ഡെഡിക്കേഷനും എന്നെ ഈ സിനിമ പ്രൊഡ്യൂസ് ചെയ്യാൻ കാരണമാക്കിയിരുന്നു,’ഫൈസൽ പറഞ്ഞു.

എന്നാൽ സിനിമയുടെ വിജയം പൂർണമായും തന്റെ കൈയിലുള്ള കാര്യമല്ലെന്നും ഫൈസൽ പറയുന്നു. സിനിമ പുറത്തിറങ്ങിയ ശേഷമാണ് ചാണക്യതന്ത്രം തമിഴ് ചിത്രമായ തെഗിടിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉണ്ണി മുകുന്ദ. Photo. Screen Grab/ Youtube

‘ഒരു സിനിമ ചെയ്തു കഴിഞ്ഞാൽ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്നത് നമ്മുടെ കയ്യിലുള്ള കാര്യമല്ല. ഇതിന്റെ തമിഴ് വേർഷൻ ‘തെഗിടി’ നന്നായി വിജയിച്ച ഒരു പടമായിരുന്നു. ഞാൻ പിന്നീടാണ് അതാണ് സിനിമയെന്ന് അറിയുന്നത്. തമിഴ് പതിപ്പ് അതിന് മുന്നേ ഞാൻ കണ്ടിട്ടുണ്ടായിരുന്നില്ല. ഈ പടം ഇറങ്ങിയതിന് ശേഷം ഫേസ്ബുക്കിൽ ചില ആളുകൾ പറഞ്ഞശേഷമാണ് ആ സിനിമ കാണുന്നതും ഇതാണ് ആ സിനിമയെന്ന് മനസിലാക്കുന്നതും,’ മുഹമ്മദ് ഫൈസൽ പറഞ്ഞു.

ഉണ്ണി മുകുന്ദനെ നായകനാക്കി സിനിമ ചെയ്യുന്നതിനെക്കുറിച്ചും അന്ന് പലരും തന്നോട് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഫൈസൽ പറയുന്നു. ഉണ്ണിയുടെ സിനിമകൾ ബിസിനസ് ആകുന്നില്ലെന്നും അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യരുതെന്നും സിനിമാ മേഖലയിലുള്ള പലരും പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

‘സിനിമ വിജയിക്കാതിരുന്നത് സിനിമാ സമരം അന്നുണ്ടായിരുന്നു അതുകൊണ്ടാണ് എന്നാണ് ഞാൻ മനസിലാകുന്നത്. ഉണ്ണി മുകുന്ദൻ അന്ന് ഒരു സ്റ്റാർ ഒന്നുമല്ലായിരുന്നു. ഞാൻ സിനിമ പ്രൊഡ്യൂസ് ചെയ്യുന്ന സമയത്ത് തന്നെ സിനിമയുമായി ബന്ധപ്പെട്ട പലരും എന്നോട് ഉണ്ണിയെ വെച്ച് പടം ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ട്. ഉണ്ണിയുടെ സിനിമകൾ ബിസിനസ് ആകുന്നില്ലെന്നും പറഞ്ഞു. അവസാനത്തെ പത്ത് ഉണ്ണി സിനിമകളുടെ സാറ്റലൈറ്റ് പോലും വിറ്റുപോയിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് കുറേ പേർ എന്നോട് പറഞ്ഞിരുന്നു,’ഫൈസൽ പറഞ്ഞു.

Content Highlight: Producer Muhammed Faizal opens up about why ‘Chanakya Thanthram’ failed

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more