| Monday, 17th July 2023, 12:47 pm

'അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാന്‍ കഴിയാത്ത തെറ്റാണത്'; പിന്തുണയുമായി നിര്‍മാതാവ് ഹൗളി പോട്ടൂര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ചാക്കോ ബോബന് പിന്തുണയുമായി നിര്‍മാതാവ് ഹൗളി പോട്ടൂര്‍. ഒടുവില്‍ നിര്‍മിച്ച ഭയ്യാ ഭയ്യാ സാമ്പത്തികമായ പരാജയപ്പെട്ടപ്പോള്‍ ഒപ്പം നിന്നത് കുഞ്ചാക്കോ ബോബനായിരുന്നു എന്ന് ഹൗളി പറഞ്ഞു. നിര്‍മാതാവ് എന്ന നിലയില്‍ വലിയ നഷ്ടമാണ് ചിത്രം സമ്മാനിച്ചിരുന്നതെന്നും അന്ന് തന്നെ വിളിച്ച് ഒപ്പമുണ്ടെന്നും ഇനിയും സിനിമ ചെയ്യാമെന്നും പറഞ്ഞ് ആശ്വസിപ്പിച്ചത് കുഞ്ചാക്കോ ബോബനായിരുന്നെന്നും ഹൗളി പറഞ്ഞു.

താന്‍ ഇനിയും സിനിമ ചെയ്യുമെന്നും അതില്‍ കുഞ്ചാക്കോ ബോബനും ഉണ്ടായിരിക്കുമെന്നും ഹൗളി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രമായ പദ്മിനിയുടെ നിര്‍മാതാവ് താരത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് പിന്തുണയുമായി ഹൗളി പോട്ടൂര്‍ എത്തിയത്. പദ്മിനിയുടെ ഒരു പ്രൊമോഷനിലും താരം പങ്കെടുത്തില്ലെന്നാണ് നിര്‍മാതാവ് സുവിന്‍ കെ. വര്‍ക്കി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

ചിത്രത്തിന് വേണ്ടി രണ്ടര കോടി രൂപ പ്രതിഫലമായി കുഞ്ചാക്കോ ബോബന്‍ വാങ്ങിയെന്നും എന്നാല്‍ ഒരു പ്രൊമോഷനില്‍ പോലും നടന്‍ പങ്കെടുത്തില്ല എന്നും സുവിന്‍ ആരോപിച്ചു. സിനിമ പ്രമോട്ട് ചെയ്യുന്നതിനേക്കാള്‍ അദ്ദേഹത്തിന് ആവശ്യം കൂട്ടുകാരുമൊത്ത് യൂറോപ്പില്‍ ഉല്ലസിക്കുന്നതായിരുന്നുവെന്നും 25 ദിവസത്തെ ഷൂട്ടിനു വേണ്ടിയാണ് 2.5 കോടി പ്രതിഫലമായി വാങ്ങിയെന്നും നിര്‍മാതാവ് കുറിപ്പില്‍ പറയുന്നു.

കുഞ്ചാക്കോ ബോബന്റെ ഭാര്യ നിയമിച്ച മാര്‍ക്കറ്റിങ് കണ്‍സല്‍ടന്റ് സിനിമയുടെ റോ ഫൂട്ടേജ് കണ്ട ശേഷം പ്രമോഷനു വേണ്ടി ചാര്‍ട് ചെയ്ത എല്ലാ പ്ലാനുകളും തള്ളിക്കളയുകയായിരുന്നുവെന്ന് നിര്‍മാതാവ് പറയുന്നു.

ഹൗളി പോട്ടൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘അയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാന്‍ കഴിയാത്ത തെറ്റാണത്’. എന്റെ പേര് ഹൗളി പോട്ടൂര്‍. മഞ്ഞുപോലൊരു പെണ്‍കുട്ടി, പളുങ്ക്, പരുന്ത്, ഫോട്ടോഗ്രാഫര്‍, രാപ്പകല്‍ തുടങ്ങി 12 സിനിമകളുടെ നിര്‍മാതാവാണ്. ഒടുവില്‍ ചെയ്ത ചിത്രം ‘ഭയ്യാ ഭയ്യാ’. ഇപ്പോള്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുന്ന കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍.

നിങ്ങള്‍ക്കറിയാം ഭയ്യാ ഭയ്യാ സാമ്പത്തികമായി വിജയമായിരുന്നില്ല. നിര്‍മാതാവ് എന്ന നിലയില്‍ എനിക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു. അന്ന് തകര്‍ന്നുപോയ എന്നെ തേടി ഒരു ഫോണ്‍കോള്‍ വന്നു. കുഞ്ചാക്കോ ബോബന്റെ കോള്‍.

അന്ന് അയാള്‍ പറഞ്ഞ വാക്ക് ഇന്നും മനസിലുണ്ട്. ‘ചേട്ടാ വിഷമിക്കേണ്ട, ഞാന്‍ ഒപ്പമുണ്ട്. നമുക്കിനിയും സിനിമ ചെയ്യണം. വിളിച്ചാല്‍ മതി. ഞാന്‍ വന്ന് ചെയ്യാം’ അന്ന് ആ വാക്കുകള്‍ തന്ന ആശ്വാസം ചെറുതല്ല. തകര്‍ന്നിരുന്ന എനിക്ക് ഉയിര്‍ത്തെണീക്കാനുള്ള ആത്മവിശ്വാസം അതിലുണ്ടായിരുന്നു.

ഒന്നേ പറയുന്നുള്ളൂ. ഞാന്‍ ഇനിയും സിനിമ ചെയ്യും. അതില്‍ കുഞ്ചാക്കോ ബോബനും ഉണ്ടായിരിക്കും.
സ്‌നേഹത്തോടെ
ഹൗളി പോട്ടൂര്‍

Content Highlight: Producer Howly Pottur has come out in support of Kunchacko Boban

Latest Stories

We use cookies to give you the best possible experience. Learn more