| Wednesday, 19th November 2025, 9:33 am

വണ്‍മാന്‍ ഷോ എനിക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കിയ സിനിമ; റിലീസ് ചെയ്തപ്പോഴുള്ള ക്ലൈമാക്‌സ് ഇതല്ലായിരുന്നു: നിര്‍മാതാവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വണ്‍മാന്‍ ഷോ തനിക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കിയ സിനിമയാണെന്ന് നിര്‍മാതാവ് ഗിരീഷ് വൈക്കം. ഷാഫിയുടെ സംവിധാനത്തില്‍ ജയറാം, ലാല്‍, സംയുക്ത മേനോന്‍, എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തി 2001ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വണ്‍മാന്‍ ഷോ.

ഷാഫിയുടെ ആദ്യ ചിത്രമായ വണ്‍മാന്‍ ഷോ എഴുതിയത് റാഫി മെക്കാര്‍ട്ടിനാണ്. ഇപ്പോള്‍ മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വണ്‍മാന്‍ ഷോ തനിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയ സിനിമയാണെന്ന് പറയുകയാണ് ഗീരീഷ് വൈക്കം.

തെങ്കാശി പട്ടണം കഴിഞ്ഞിട്ടുള്ള  പ്രൊജക്ടായിരുന്നു വണ്‍മാന്‍ ഷോ. തെങ്കാശി പട്ടണം അന്ന് സൂപ്പര്‍ ഹിറ്റായ സിനിമയാണ്. 2001ലാണ് വണ്‍മാന്‍ ഷോ വരുന്നത്. റാഫി മെക്കാര്‍ട്ടിനാണ് അതും എഴുതിയത്. പിന്നെ ഷാഫിയുടെ ആദ്യ സിനിമ കൂടിയാണ്. അതുകൊണ്ട് സിനിമ വിജയിക്കുമെന്നൊരു വിശ്വാസമുണ്ടായിരുന്നു.

ഞാന്‍ വര്‍ക്ക് ചെയ്ത ആദ്യത്തെ കണ്‍മണി എന്ന സിനിമയിലാണ് ഷാഫി ആദ്യമായി അസിസ്റ്റന്റ് ആയി വരുന്നത്. റാഫി ഒരു സിനിമ അവന് വേണ്ടി എഴുതുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പ്രൊഡ്യൂസ് ചെയ്‌തോളാമെന്ന് പറഞ്ഞു,’ ഗീരീഷ് വൈക്കം പറഞ്ഞു.

അവിടെ വെച്ച് തന്നെ ജയറാമിനോട് ചോദിക്കുകയും ഓക്കെ പറയുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ചതിക്കാത്ത ചന്തുവിന്റെ കഥയായിരുന്നു ചെയ്യാനിരുന്നതെന്നും അത് മാറി മറഞ്ഞ് ഈ പ്രൊജക്ടിലേക്ക് വരികയായിരുന്നുവെന്നും ഗിരീഷ് കൂട്ടിച്ചേര്‍ത്തു. ആ സമയം വണ്‍മാന്‍ ഷോയുടെ കഥ വന്നിട്ടില്ലായിരുന്നുവെന്നും പിന്നീട് അവര്‍ കഥ മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘വണ്‍മാന്‍ഷോയുടെ കഥയോട് എനിക്ക് 100 ശതമാനം താത്പര്യമില്ലായിരുന്നു. മാനസിക പ്രശ്‌നമുള്ള ഒരാളില്‍ നിന്നുള്ള കോമഡി ആളുകള്‍ ആസ്വദിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. അത് എനിക്ക് നഷ്ടമുണ്ടാക്കിയ സിനിമയാണ്. എന്നെ സംബന്ധിച്ച് അത് സാമ്പത്തിക ബാധ്യത ഉണ്ടാക്കിയ സിനിമയാണ്. ഹീറോയുടെ താഴെ കാര്യകേടേഴ്‌സ് നിന്നില്ലെങ്കില്‍ സിനിമ വിജയിക്കില്ല. രണ്ടാമത് എഡിറ്റ് ചെയ്ത ക്ലൈമാക്‌സാണ് നിങ്ങള്‍ ഇപ്പോള്‍ കാണുന്നത്. റിലീസ് ചെയ്തപ്പോള്‍ ഉള്ള ക്ലൈമാകസ് ഇതല്ലായിരുന്നു,’ ഗിരീഷ് വൈക്കം പറഞ്ഞു.

Content highlight: Producer Girish Vaikom says that the one-man show has become a financial burden for him and the film

We use cookies to give you the best possible experience. Learn more