| Monday, 16th February 2026, 11:55 am

മലയാള സിനിമയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മോഹന്‍ലാല്‍: ബിനു ജോര്‍ജ് അലക്‌സാണ്ടര്‍

അശ്വിന്‍ രാജേന്ദ്രന്‍

2025 ല്‍ പുറത്തിറങ്ങിയ ഷെയ്ന്‍ നിഗം ചിത്രം ബള്‍ട്ടിയിലൂടെയും കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ പെണ്ണും പൊറാട്ടിലൂടെയും സിനിമാ നിര്‍മാണ രംഗത്ത് സജീവമായ വ്യക്തിയാണ് ബിനു ജോര്‍ജ് അലക്‌സാണ്ടര്‍. എന്നാ താന്‍കേസ് കൊട് എന്ന ചിത്രത്തിലൂടെ രാജേഷ് മാധവന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ പെണ്ണും പൊറാട്ടിനും മികച്ച പ്രതികരണമാണ് ഇതിനോടകം തന്നെ തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.

ബിനു ജോര്‍ജ് അലക്‌സാണ്ടര്‍. Photo: screen grab/ Asianet news/ youtube.com

നൂറിലധികം പുതുമുഖങ്ങളെയും നാനൂറിലധികം മൃഗങ്ങളെയും അവതരിപ്പിക്കുന്ന പെണ്ണും പൊറാട്ടിന്റെയും വിശേഷങ്ങള്‍ പങ്കുവെച്ച് കൊണ്ട് ബിനു ജോര്‍ജ് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മലയാളത്തിലെ സൂപ്പര്‍ താരമായ മോഹന്‍ലാലിനെയും ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയും താരതമ്യപ്പെടുത്തിക്കൊണ്ട് പറഞ്ഞ വാക്കുകളാണ് ഇതിന് കാരണം.

ഇന്ത്യന്‍ ക്രിക്കറ്റിന് സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പോലെയാണ് മോഹന്‍ലാല്‍ എന്നാണ് ബിനു ജോര്‍ജ് പറയുന്നത്. ക്രിക്കറ്റ് സച്ചിന് മുമ്പേ ഉണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിനെ ഇത്രയധികം ഗ്ലോബലൈസ് ചെയ്തത് സച്ചിനാണെന്നും അതിന് സമാനമായി ഒരു ഗ്ലോബല്‍ സ്‌കെയിലിലേക്ക് മലയാള സിനിമയെ കൊണ്ടുപോയത് മോഹന്‍ലാലാണെന്നും അദ്ദേഹം പറഞ്ഞു.

‘ലാലേട്ടന്റെ ലൂസിഫറാണ് ഗ്ലോബലി മലയാള സിനിമക്ക് ഒരു മാര്‍ക്കറ്റ് ഓപ്പണ്‍ ചെയ്ത് നല്‍കിയത്. ദുബൈയില്‍ വെച്ച് എമ്പുരാന്‍ സിനിമയുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് പോയിരുന്നു. ദേര സിറ്റി സെന്റര്‍ മാളില്‍ പുലര്‍ച്ചെ നാല് മണിക്ക് പതിനാറ് ഷോകളുണ്ടായിരുന്നു. നാല് മണിയല്ലേ ആരും ഉണ്ടാകില്ലെന്നാണ് ആദ്യം ഞാന്‍ കരുതിയത്. പക്ഷേ മാളിന്റെ പാര്‍ക്കിങ് ഫുള്ളായിരുന്നു. യു.എ.ഇയില്‍ എല്ലായിടത്തും ഇതായിരുന്നു അവസ്ഥ.

ലാലേട്ടനല്ലാതെ മറ്റൊരു താരത്തിനും ഗള്‍ഫില്‍ ഇങ്ങനെ പുള്ള് ഓഫ് ചെയ്യാന്‍ സാധിക്കില്ല. ദുബൈയില്‍ തന്നെ അവഞ്ചേഴ്‌സും ലൂസിഫറും ഒരുമിച്ചായിരുന്നു ഇറങ്ങിയിരുന്നത്. ഒരോ ആഴ്ച്ചയിലും ലൂസിഫറിന്റെ കളക്ഷന്‍ അവഞ്ചേഴ്‌സിനെക്കാളും കൂടുതല്‍ ആയിരുന്നെന്നാണ് പൃഥ്വി പറഞ്ഞത്. അതുകൊണ്ട് തന്നെ ഒരു ഗ്ലോബല്‍ മാര്‍ക്കറ്റ് തുറന്ന് തന്നത് ലാലേട്ടനാണ്.

എമ്പുരാന്‍. Photo: The Hindu

തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം വമ്പന്‍ ഹിറ്റുകളോടെയാണ് മോഹന്‍ലാല്‍ കഴിഞ്ഞ വര്‍ഷം അവസാനിപ്പിച്ചത്. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ പിറന്ന തുടരും, സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വ്വം, ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ താരം ബോക്‌സ് ഓഫീസിനെ പിടിച്ചു കുലുക്കിയിരുന്നു. രജിനികാന്ത് ചിത്രം ജയിലര്‍ 2 വും ദൃശ്യം 3 യും തരുണിന്റെ L366 ഉം അടക്കം മികച്ച ചിത്രങ്ങള്‍ താരത്തിന്റെ ലൈനപ്പിലുണ്ട്.

Content Highlight: Producer Binu George Alexander talks about how Mohanlal opened global market for malayalam cinema

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more