| Wednesday, 11th October 2023, 12:07 pm

സായ് കുമാര്‍ മോഹന്‍ലാലിനും മുകളില്‍ എത്തേണ്ട നടന്‍; മമ്മൂട്ടി തന്നോട് സായിയെ പറ്റി പറഞ്ഞിരുന്നു: ബൈജു അമ്പലക്കര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനും മുകളില്‍ എത്തേണ്ട നടനായിരുന്നു സായ് കുമാറെന്ന് ചലച്ചിത്ര നിര്‍മാതാവ് ബൈജു അമ്പലക്കര. മമ്മൂട്ടി തന്നോട് സായിയെ പറ്റി അയാള്‍ വളരെ റേഞ്ചുള്ള നടനാണെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

വാരിവലിച്ച് കുറെ സിനിമയില്‍ അഭിനയിച്ചത് കൊണ്ടാണ് സായ് കുമാറിന് പരാജയം പറ്റിയതെന്നും അത് കണ്‍ട്രോള്‍ ചെയ്യാന്‍ ആളില്ലാതെയായി പോയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബൈജു അമ്പലക്കര. കഥാപാത്രങ്ങള്‍ ശ്രദ്ധിക്കാത്തത് കാരണം സായ് കുമാറിന് നായകപരിവേഷം മാറി വില്ലന്‍പരിവേഷമായതിനെ പറ്റിയും അദ്ദേഹം സംസാരിക്കുന്നു.

‘സായ് ഒരിക്കലെന്നോട് പറഞ്ഞു, ‘ബൈജു, എനിക്കൊരു സിനിമയില്‍ അവസരം ലഭിച്ചിട്ടുണ്ട്,’ എന്ന്. അപ്പോള്‍ ഞാന്‍ ആരുടെ സിനിമയാണെന്ന് ചോദിച്ചു. മറുപടിയായിട്ട് സിദ്ദീഖ്-ലാല്‍ ആണെന്ന് സായ് പറഞ്ഞു. അന്ന് ഈ സിദ്ദീഖ്-ലാല്‍ ആരാണെന്ന് ആര്‍ക്കും അറിയില്ല.

ആരാണ് ഈ സിദ്ദീഖ്-ലാല്‍ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഫാസില്‍ സാറിന്റെ അസിസ്റ്റന്റുമാരാണെന്ന് പറഞ്ഞു. ഫാസില്‍ സാറെന്ന് പറയുമ്പോള്‍ വലിയ ഡയറക്ടറാണ്. മോഹന്‍ലാല്‍ സാറിനെ പോലും സിനിമയില്‍ കൊണ്ടുവന്ന ആളാണ്. അദ്ദേഹത്തിന്റെ അസിസ്റ്റന്റുമാരാണെന്ന് കേട്ടപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി. സായിയോട് ഈ സിനിമ നന്നായിരിക്കുമെന്ന് ഞാന്‍ പറഞ്ഞു.

ഹ്യൂമറാണെന്ന് കേട്ടപ്പോള്‍ കൂടെ അഭിനയിക്കാന്‍ ആരൊക്കെയുണ്ടെന്ന് ചോദിച്ചു. മുകേഷും ഇന്നസെന്റും ഉണ്ടെന്നായിരുന്നു മറുപടി. അന്ന് ഒരു ഓള്‍ ദ ബെസ്റ്റ് പറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു.

ഷൂട്ടിങ്ങിന് ഇടയില്‍ സായി സിനിമയെ പറ്റി പറയാറുണ്ട്. എനിക്കാണെങ്കില്‍ മനസില്‍ സിനിമാഭ്രാന്ത് അങ്ങനെ കിടക്കുകയാണ്. ഞാന്‍ ഇടയ്ക്കിടെ സായിയെ വിളിക്കും. അന്നാണെങ്കില്‍ നമുക്ക് അത്രയെളുപ്പം ആരെയും കോള്‍ ചെയ്യാന്‍ പറ്റില്ല. മൊബൈല്‍ ഒന്നുമില്ല. ലൈന്‍ഫോണില്‍ വല്ലപ്പോഴും കിട്ടിയാല്‍ കിട്ടി.

അങ്ങനെ പടം റിലീസാകുന്ന ദിവസമടുത്തു. റിലീസാകുന്നതിന്റെ തലേന്ന് ഞങ്ങള്‍ പരസ്പരം കണ്ടു. പിറ്റേന്ന് ഒരുമിച്ച് പടം കാണാന്‍ തീരുമാനിച്ചു. അന്ന് ഞങ്ങള്‍ ഒരുമിച്ചിരുന്ന് സിനിമ കണ്ടു. പടം നല്ല ഹിറ്റ്. ഇത്രയും കോമഡി നിറഞ്ഞ പടം ഞാന്‍ ആദ്യമായിട്ടായിരുന്നു കാണുന്നത്. മാറ്റിനിക്ക് അന്ന് ആളുണ്ടായിരുന്നില്ല. കുറച്ച് പേരെ ഉണ്ടായിരുന്നുള്ളു. ഫസ്റ്റ് ഷോക്ക് നിറയെ ആളുകള്‍ ആയിരുന്നു. ഞങ്ങള്‍ പോയത് ഫസ്റ്റ് ഷോക്കായിരുന്നു. അപ്പോഴാണ് ഞാന്‍ അറിയുന്നത് സിനിമയുടെ പേര് ‘റാംജി റാവു സ്പീക്കിങ്’ ആണെന്ന്.

സായിയെ സംബന്ധിച്ചിടത്തോളം ഒരു ടെന്‍ഷനും ഉണ്ടായിരുന്നില്ല. അയാള്‍ക്ക് സിനിമയില്ലെങ്കില്‍ നാടകം ഉണ്ടായിരുന്നു. ഒരു കലാകാരനാണ്, വലിയ ഒരു കലാകാരന്റെ മകനുമാണ്. അദ്ദേഹത്തിന്റെ മുഖത്ത് അന്ന് ടെന്‍ഷനൊന്നും കണ്ടില്ല. വളരെ ആസ്വദിച്ചായിരുന്നു ഞങ്ങള്‍ ആ സിനിമ മുഴുവന്‍ കണ്ടത്.

സിനിമ കണ്ട് പുറത്തിറങ്ങിയതും സായിയുടെ ചുറ്റും ആളുകള്‍ കൂടി. അതോടെ സായി അയാളുടെ കാറിലും ഞാന്‍ എന്റെ കാറിലുമായിട്ട് അവിടുന്ന് പോയി. പിന്നെ ആള്‍ക്ക് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി. ഫോണ്‍കോളുകള്‍ കൊണ്ട് ബഹളമായി. അങ്ങനെ പിന്നീട് സായ് ഒരുപാട് പടങ്ങള്‍ ചെയ്തു.

ഇടയ്ക്ക് അദ്ദേഹത്തിന് പറ്റിയ അബദ്ധം, സ്വന്തം ശരീരം നോക്കിയില്ലെന്നതാണ്. പിന്നെ പടങ്ങളില്‍ കഥാപാത്രങ്ങള്‍ നോക്കാതെ അഭിനയിച്ചു. അതോടെ രീതിയങ്ങോട്ട് മാറി. ശരിക്കും മോഹന്‍ലാല്‍ സാറിനും മുകളില്‍ എത്തേണ്ട നടനായിരുന്നു സായ്.

സായിക്ക് വെറുതെയൊന്ന് ഡയലോഗ് വായിച്ചു കേള്‍പ്പിച്ചു കൊടുത്താല്‍ മതി. ആള്‍ പെര്‍ഫോം ചെയ്യുന്നത് കണ്ടാല്‍ നമ്മള്‍ തന്നെ അത്ഭുതപെട്ടു പോകും. അത്രയും റേഞ്ചുള്ള നടനാണ്.

മമ്മൂക്കയെന്നോട് സായിയെ പറ്റി പറഞ്ഞിട്ടുണ്ട്. അവന്‍ വളരെ റേഞ്ചുള്ള നടനാണെന്ന്. സായി തന്റെ ശരീരമൊക്കെ നോക്കി നല്ല ഡയറക്ടര്‍മാരുടെ സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കില്‍ സൂപ്പര്‍സ്റ്റാര്‍ ആയേനേ.

വാരിവലിച്ച് കുറെ സിനിമയില്‍ അഭിനയിച്ചത് കൊണ്ടാണ് പരാജയം പറ്റിയത്. അത് കണ്‍ട്രോള്‍ ചെയ്യാന്‍ ആളില്ലാതെയായി പോയി. മറ്റുള്ളവരൊക്കെ വളരെ നോക്കിയും കണ്ടുമാണ് ചെയ്യുന്നത്. സായി കഥാപാത്രങ്ങള്‍ ശ്രദ്ധിക്കാത്തത് കാരണം നായകപരിവേഷം മാറി വില്ലന്‍പരിവേഷമായി. ശരീരം ശ്രദ്ധിക്കാതെയായി,’ ബൈജു അമ്പലക്കര പറഞ്ഞു

Content Highlight: Producer Baiju Ambalakkara Talks About Sai Kumar And Mammootty And Mohanlal

Latest Stories

We use cookies to give you the best possible experience. Learn more