| Friday, 7th August 2026, 12:30 pm

പ്രണവ് നായകനും ആശിഷ് വില്ലനുമായൊരു പടം എന്ന് ഞാന്‍ പറയുമ്പോള്‍ പ്രണവ് തിരുത്തും; ചേട്ടന്‍ പ്ലാന്‍ ചെയ്യൂ, വില്ലന്‍ ഞാനെന്ന് പറയും: ആന്റണി പെരുമ്പാവൂര്‍

ആര്യ.പി

തുടക്കം എന്ന ചിത്രത്തിലൂടെ വിസ്മയ മോഹന്‍ലാല്‍ മലയാള സിനിമയില്‍ തുടക്കം കുറിക്കുമ്പോള്‍ ഇതേ സിനിമയിലൂടെ തന്നെ നടനായി തുടക്കം കുറിക്കുകയാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ആന്റണി. നേരത്തെ എമ്പുരാനില്‍ ഒരു ചെറിയ സീനില്‍ ആശിഷ് വന്നുപോയിരുന്നെങ്കിലും ഒരു കഥാപാത്രമെന്ന നിലയില്‍ അദ്ദേഹത്തെ അടയാളപ്പെടുത്താന്‍ പോകുന്ന ചിത്രം തുടക്കം തന്നെയാണ്. തുടക്കത്തിലേക്കുള്ള ആശിഷിന്റെ വരവിനെ കുറിച്ചും തന്റെ മനസിലുണ്ടായിരുന്ന ആഗ്രഹത്തെ കുറിച്ചുമൊക്കെ പറയുകയാണ് ആന്റണി പെരുമ്പാവൂര്‍.

പ്രണവ് നായകനും ആശിഷ് വില്ലനുമായൊരു പടം വേണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും എന്നാല്‍ അത് സംഭവിച്ചിരിക്കുന്നത് മായ നായികയായ തുടക്കത്തിലൂടെയാണെന്നും ആന്റണി പറയുന്നു.

‘ഞാനെന്റെ ഇഷ്ടങ്ങളൊക്കെ പറയുന്ന സമയത്ത് അത് കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്ന ആളാണ് ആശിഷ്. സ്വാഭാവികമായും പ്രണവിനൊപ്പം ആശിഷ് ഒരു സിനിമയില്‍ വരണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.

ആന്റണി പെരുമ്പാവൂര്‍ photo: Aashirvad Cinemas

അപ്പു സിനിമയില്‍ അഭിനയിച്ച ശേഷം ഞങ്ങള്‍ തമ്മിലുണ്ടായ പല സംഭാഷണങ്ങളിലും ഞാന്‍ ആ കാര്യം പറഞ്ഞിരുന്നു. പ്രണവ് ഒരു ഹീറോയും ആശിഷ് ഒരു വില്ലനുമായി നമുക്ക് ഒരു പടം ചെയ്യണമെന്ന്. അപ്പോള്‍ പ്രണവ് തിരിച്ചുപറയും, ചേട്ടന്‍ പ്ലാന്‍ ചെയ്‌തോ ഞാന്‍ വില്ലന്‍, ആശിഷ് ഹീറോ ആവട്ടെ എന്ന രീതിയില്‍.

ശരിക്കും എന്നെ അത്ഭുതപ്പെടുത്തിയത് മായ സിനിമയില്‍ വരുന്നു എന്നത് തന്നെയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത് ഞാന്‍ കേള്‍ക്കുന്നുണ്ട്. പക്ഷേ അത് സീരിയസ് ആയി എടുത്തിട്ടേയില്ല. ചേച്ചി ഇത് കൂടുതലായി പറഞ്ഞുകൊണ്ടിരിക്കും. ജൂഡ് ഇത് വിളിച്ചു സംസാരിച്ചപ്പോഴാണ് ഇത് സീരിയസാണെന്ന് എനിക്ക് മനസിലായത്.

അപ്പോഴും ആശിഷിനെ നമ്മള്‍ ഈ സിനിമയില്‍ ആലോചിച്ചിട്ടില്ല. ചിന്തിച്ചിട്ടുമില്ല. ആദ്യം തന്നെ സബ്ജക്ട് കേട്ടോണ്ടിരിക്കുമ്പോള്‍ അതില്‍ ഒരു വേഷം ആശിഷിന് കൊടുത്താല്‍ നല്ലതായിരിക്കുമെന്ന ഒരു അഭിപ്രായം വന്നു. ജൂഡും അത് പറഞ്ഞു, ചേട്ടാ അത് എന്റെ മനസിലുണ്ട് എന്ന്. ചേച്ചിയും ലാല്‍സാറുമായി സംസാരിച്ച ശേഷമാണ് ആശിഷിലേക്ക് എത്തുന്നത്.

ആന്റണി പെരുമ്പാവൂരും മകന്‍ ആശിഷ് ആന്റണിയും photo: Aashirvad Cinemas

ഒരു സിനിമയില്‍ ആശിഷിനെ അഭിനയിപ്പിക്കണം എന്ന് മനസില്‍ ആഗ്രഹമുണ്ടായിരുന്നു. അത് എവിടേയും സംസാരിച്ചിട്ടില്ല. ഇത് ചെറിയ ഒരു കാര്യമല്ല, എന്നെ സംബന്ധിച്ചും എന്റെ കുടുംബത്തെ സംബന്ധിച്ചും ഇത് വലിയൊരു കാര്യമാണ്.

കാരണം മോഹന്‍ലാല്‍ സാറിന്റെ മകള്‍ ഒരു സിനിമയില്‍ അഭിനയിക്കുന്നു. അതേ സ്ഥലത്ത് വെച്ച് അദ്ദേഹം എന്റെ മകനെ ഇന്‍ട്രൊഡ്യൂസ് ചെയ്യുന്നു. ആ വേദിയില്‍ നിന്ന് അവന് സംസാരിക്കാന്‍ പറ്റുന്നു. മായ അഭിനയിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം. ആ സിനിമ നിര്‍മിക്കാന്‍ പറ്റുന്നു എന്നതൊക്കെ വലിയ കാര്യം,’ ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ചിത്രം ഇന്നാണ് (ആഗസ്റ്റ് 7) തിയേറ്ററുകളില്‍ എത്തുന്നത്.

Content Highlight: Producer Antony Perumbavoor about Thudakkam Movie and Son Aashish Antony

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more