| Friday, 19th June 2026, 10:51 pm

റിലീസിന് മുമ്പ് ഒപ്പിട്ട എഗ്രിമെന്റില്‍ നിന്ന് ഒ.ടി.ടി വരെ പിന്മാറി, വിലായത്ത് ബുദ്ധ കൈ പൊള്ളിക്കുക മാത്രമല്ല, വലിയ നഷ്ടമുണ്ടാക്കി: നിര്‍മാതാവ് എ.വി അനൂപ്

അമര്‍നാഥ് എം.

പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു വിലായത്ത് ബുദ്ധ. അയ്യപ്പനും കോശിക്കും ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. ജി.ആര്‍. ഇന്ദുഗോപന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം 2021ലാണ് അനൗണ്‍സ് ചെയ്തത്.

ഒരുപാട് തവണ ഷൂട്ട് നിര്‍ത്തിവെക്കേണ്ടി വന്ന ചിത്രം റിലീസിന് ശേഷം വലിയ വിമര്‍ശനമാണ് നേരിട്ടത്. 30 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ ചിത്രം ആറ് കോടി മാത്രമാണ് സ്വന്തമാക്കിയത്. ചിത്രം തനിക്ക് വരുത്തിവെച്ച നഷ്ടത്തെക്കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് എ.വി. അനൂപ്. ഈയടുത്ത് തനിക്ക് ഒരുപാട് നഷ്ടം വരുത്തിയ ചിത്രമാണ് വിലായത്ത് ബുദ്ധയെന്ന് എ.വി അനൂപ് പറഞ്ഞു.

എ.വി അനൂപ് Photo: Screen grab/ Kaumudy TV

പൃഥ്വിരാജിന്റെ ഈയടുത്ത് വന്നതില്‍ ഏറ്റവും വലിയ പരാജയമാണ് വിലായത്ത് ബുദ്ധയെന്നും അദ്ദേഹം പറയുന്നു. ഒരുപാട് ശ്രദ്ധിക്കപ്പെട്ട നോവലിനെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമായിരുന്നു അതെന്നും എന്നാല്‍ പ്രതീക്ഷിച്ച പെര്‍ഫോമന്‍സ് സിനിമക്ക് ലഭിച്ചില്ലെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സത്യം പറഞ്ഞാല്‍ കൈ പൊള്ളിക്കുകയല്ല, വാഷൗട്ടായിരുന്നു വിലായത്ത് ബുദ്ധ. വലിയ പ്രതീക്ഷയുണ്ടായിരുന്ന പടമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഫസ്റ്റ് ഡേ തന്നെ ഒരുപാട് നെഗറ്റീവ് റെസ്‌പോണ്‍സാണ് ആ സിനിമക്ക് ലഭിച്ചത്. വലിയ എഫര്‍ട്ടും ബജറ്റുമൊക്കെ ഇട്ട് ഒരുക്കിയ പടമായിരുന്നു. പക്ഷേ, വിചാരിച്ച പോലെ ഹിറ്റായില്ല.

ഇതിന് മുമ്പ് പൃഥ്വിയെ നായകനാക്കി ഞാന്‍ പ്രൊഡ്യൂസ് ചെയ്ത എസ്ര വലിയ ഹിറ്റായി. അതുവരെയുള്ള പൃഥ്വിയുടെ കരിയറില്‍ ഏറ്റവും വലിയ ഓപ്പണിങ് കിട്ടിയ പടം എസ്രയായിരുന്നു. പക്ഷേ, വിലായത്ത് ബുദ്ധ പ്രതീക്ഷിച്ചതുപോലെ വന്നില്ല. ഇതുവരെ ആ പടം ഒ.ടി.ടിയിലും വിറ്റുപോയിട്ടില്ല. റിലീസിന് മുമ്പ് ഒരു ഒ.ടി.ടി പ്ലാറ്റ്‌ഫോമുമായി എഗ്രിമെന്റ് ഒപ്പിട്ടതായിരുന്നു. പക്ഷേ, പടം ഫ്‌ളോപ്പായപ്പോള്‍ അവര്‍ അതില്‍ നിന്ന് പിന്മാറി,’ എ.വി അനൂപ് പറഞ്ഞു.

മറയൂരിലെ ചന്ദനക്കടത്തും രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഈഗോ ക്ലാഷുമാണ് വിലായത്ത് ബുദ്ധയുടെ കഥ. ഡബിള്‍ മോഹനന്‍ എന്ന ചന്ദനക്കടത്തുകാരനായി പൃഥ്വിരാജും ഭാസ്‌കരന്‍ മാഷ് എന്ന കഥാപാത്രമായി ഷമ്മി തിലകനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരുവരും തമ്മിലുള്ള ഈഗോ ക്ലാഷ് പ്രേക്ഷകരില്‍ വര്‍ക്കാകാത്തതും അനാവശ്യ വലിച്ചുനീട്ടലും ചിത്രത്തിന് തിരിച്ചടിയായി.

Content Highlight: Producer A V Anoop about the failure of Vilayath Buddha movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more