| Monday, 7th September 2026, 7:47 am

'ശൂദ്രര്‍ ഉയര്‍ന്ന വര്‍ഗങ്ങളെ സേവിക്കണം' ഐ.ഐ.ടി മാണ്ഡി ക്യാമ്പസിലെ പോസ്റ്റര്‍ വിവാദത്തില്‍ അന്വേഷണത്തിന് ഉത്തരവ്

നിഷാന. വി.വി

ന്യൂദല്‍ഹി: ഹിമാചല്‍പ്രദേശിലെ ഐ.ഐ.ടി മാണ്ഡി ക്യാമ്പസില്‍ ‘ശൂദ്രര്‍ ഉയര്‍ന്ന വര്‍ഗങ്ങളെ സേവിക്കേണ്ടവരാണ്’ എന്ന വിവാദ പോസ്റ്ററില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഐ.ഐ.ടി അധികൃതര്‍.

വിവാദ പോസ്റ്ററില്‍ സ്ഥാപനത്തിന് പങ്കില്ലെന്നും തങ്ങള്‍ ജാതി വിവേചനത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും ഡയറക്ടര്‍ ലക്ഷ്മീധര്‍ ബെഹെറ പറഞ്ഞു. ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി ‘ഭഗവദ്ഗീത-ദ ടൈംലെസ് വിസ്ഡം’ എന്ന തലക്കെട്ടിലാണ് പോസ്റ്റര്‍ പതിച്ചത്. ഭഗവത് ഗീത പരാമര്‍ശിക്കുന്ന ബ്രാഹ്‌മണര്‍, ക്ഷത്രിയര്‍, ശൂദ്രര്‍, എന്നീ വര്‍ണ്യങ്ങളെക്കുറിച്ച് ഇതില്‍ വിശദീകരിക്കുന്നു.

ബ്രാഹ്‌മണര്‍ ദൈവസന്ദേശം പ്രചരിപ്പിക്കുന്നവരും ക്ഷത്രിയര്‍ സമൂഹത്തെയും ആത്മീയതയെയും സംരക്ഷിക്കുന്നവരും വൈശ്യര്‍ സാമ്പത്തിക മേഖലയെ നയിക്കുന്നവരും ആണെന്ന് പോസ്റ്റര്‍ വിവരിക്കുന്നു. ശൂദ്രരുടെ ധര്‍മമായി ‘ഉയര്‍ന്ന ജാതിക്കാരെ സേവിക്കുക’ എന്നാണ് നല്‍കിയിരിക്കുന്നത്.

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഭഗവത് ഗീത തെറ്റായി വ്യാഖ്യാനിച്ചതാണ് ഇതിന് പിന്നിലെന്നും വിഷയത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഐ.ഐ.ടി അറിയിച്ചു.

വാര്‍ത്തയറിഞ്ഞ് താന്‍ ഞെട്ടിപ്പോയെന്നും ജാതി വിവേചനത്തെ പിന്തുണക്കില്ലെന്നും ഡയറക്ടര്‍ ബെഹെറയുടെ പ്രതികരണം. അതേസമയം ഭഗവത്ഗീത പഠനവുമായി ദീര്‍ഘകാല ബന്ധമുള്ളയാളാണ് ബെഹെറ. ഇസ്‌ക്കോണ്‍ സംഘടനയുമായും ഇദ്ദേഹത്തിന് ദീര്‍ഘകാല ബന്ധമുണ്ട്.

എന്നാല്‍ റോബോട്ടിക്ക്‌സ്, കൃത്രിമ ബുദ്ധി എന്നിവയില്‍ വിദഗ്ധനായ അദ്ദേഹം മുമ്പും വിവാദങ്ങളില്‍പ്പെട്ടിട്ടുണ്ട്. ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ ഭയങ്കരമായ ഉരുള്‍പൊട്ടലുകള്‍ക്കും പ്രകൃതിദുരന്തങ്ങള്‍ക്കും കാരണം മനുഷ്യര്‍ മൃഗങ്ങളെ കൊല്ലുന്നതും മാംസാഹാരം കഴിക്കുന്നതുമാണെന്ന് അദ്ദേഹം പരസ്യമായി പ്രസ്താവിച്ചിരുന്നു.

നല്ല മനുഷ്യരാകാന്‍ മാംസാഹാരം ഉപേക്ഷിക്കണമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളെക്കൊണ്ട് പ്രതിജ്ഞ എടുപ്പിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും വഴിവെച്ചിരുന്നു.

Content Highlight: Probe ordered into poster controversy at IIT Mandi campus stating ‘Shudras must serve the upper castes’.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more