| Sunday, 9th August 2026, 9:18 pm

ടി.ജി മോഹന്‍ദാസിനെ തള്ളുന്നതായി ആര്‍.എസ്.എസ് അവകാശപ്പെടുമ്പോഴും പിന്തുണച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരും നേതാക്കളും

റെന്വര്‍ പി

കൊച്ചി: ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ ക്രൂരമായ വിദ്വേഷ പരാമര്‍ശം നടത്തിയ സംഘപരിവാര്‍ പ്രചാരകന്‍ ടി.ജി. മോഹന്‍ദാസിനെ അനകൂലിച്ച് പൊലീസ് സ്റ്റേഷന് മുന്നില്‍ സംഘപരിവാര്‍ അനുകൂലികളുടെ മുദ്രാവാക്യം വിളി. മോഹന്‍ദാസിന് അഭിവാദ്യങ്ങളും ഐക്യദാര്‍ഢ്യവും അര്‍പിച്ചാണ് സംഘപരിവാര്‍ അനുകൂലികള്‍ മട്ടാഞ്ചേരി പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ച് കൂടിയത്.

മോഹന്‍ദാസിനെ ഇന്ന് (ഓഗസ്റ്റ് ഒമ്പത്, ഞായര്‍) വൈകിട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് എത്തുകയും തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ മോഹന്‍ദാസിനെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകാനായി ജീപ്പില്‍ കയറ്റുന്നതിനിടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അയാളെ അനുകൂലിച്ച് മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മലയാളം ടി.വി ചാനലുകള്‍ പുറത്തുവിട്ടു. ബി.ജെ.പി പ്രവര്‍ത്തകര്‍ അടക്കമുള്ളവരാണ് മോഹന്‍ദാസിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മോഹന്‍ദാസിനെ തള്ളിപ്പറയുന്നതായി ആര്‍.എസ്.എസ് അവകാശപ്പെടുമ്പോഴാണ് സംഘപരിവാര്‍ അനുകൂലികള്‍ പൊലീസ് സ്റ്റേഷനിലെത്തി അയാളെ അനുകൂലിച്ച് മുദ്രാവാക്യം വിളിക്കുന്നത്. ദല്‍ഹി ജന്തര്‍ മന്തറില്‍ പ്രതിഷേധ വിദ്യാര്‍ത്ഥികളെ താനായിരുന്നെങ്കില്‍ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിടുമെന്നും ആ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്ന പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതിനെ ഇഷ്ടപ്പെടുന്നവരാണെന്നുമുള്ള വിദ്വേഷ പരാമര്‍ശങ്ങളായിരുന്നു മോഹന്‍ദാസ് നടത്തിയത്.

മോഹന്‍ദാസിനെ അനുകൂലിച്ചുകൊണ്ട് സംഘപരിവാര്‍ അനുകൂല സംഘടനകളുടെ നേതാക്കളുടെ പ്രതികരണങ്ങളും പുറത്തുവരുന്നുണ്ട്. ഹിന്ദു ഐക്യവേദി നേതാക്കളായ ആര്‍.വി ബാബുവും പ്രതീഷ് വിശ്വനാഥും അടക്കമുള്ളവരാണ് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ മോഹന്‍ദാസിനെ പിന്തുണച്ചത്.

മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കുന്നുവെന്ന് ബാബു അഭിപ്രായപ്പെട്ടു. വിദ്വേഷ പരാമര്‍ശം നടത്തിയ മോഹന്‍ദാസിനെ അനുകൂലിച്ചുള്ള സംഘപരിവാര്‍ അനുകൂലികളുടെ കമന്റുകളും ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വന്നിട്ടുണ്ട്.

മോഹന്‍ദാസിനെ ഒന്നും ചെയ്യാന്‍ സര്‍ക്കാരിനാവില്ലെന്ന് പ്രതീഷ് അഭിപ്രായപ്പെട്ടു. കേസും ജയിലും ഒന്നും കാണാതെ അല്ല ഇ നാട്ടിലെ ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ വളര്‍ന്നതെന്നും അയാളുടെ പോസ്റ്റില്‍ പറയുന്നു. മോഹന്‍ദാസിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും പ്രതീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മോഹന്‍ദാസിനെ അനുകൂലിക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ‘വിദ്യാര്‍ത്ഥികളെ ബലാല്‍സംഘം ചെയ്യാനും വെടിവെച്ചു കൊല്ലാനും ആഹ്വാനം ചെയ്ത കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ക്കാണ് നൂറ് കണക്കിന് സംഘപരിവാര്‍ അനുയായികള്‍ പോലീസ് സ്റ്റേഷന് മുന്നില്‍ അഭിവാദ്യം അര്‍പ്പിക്കുന്നത്,’ എന്ന് ഇത്തരം ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ജൂലൈ 26നായിരുന്നു പത്രിക യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും മോഹന്‍ദാസിന്റെ വിദ്വേഷ പരാമര്‍ശങ്ങളടങ്ങിയ വീഡിയോ പ്രസിദ്ധീകരിച്ചത്.

താനായിരുന്നു ഭരിക്കുന്നതെങ്കില്‍ ജന്തര്‍ മന്ദറില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും പിരിഞ്ഞ് പോകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്ക് വെടിവെപ്പ് നടത്തുകയും ചെയ്യുമായിരുന്നുവെന്നായിരുന്നു വീഡിയോയില്‍ മോഹന്‍ദാസ് നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളിലൊന്ന്. വെടിവെപ്പില്‍ കുറേ പേര്‍ മരണപ്പെടുമായിരുന്നെന്നും അവരുടെ ശവങ്ങള്‍ പെറുക്കിയെടുത്ത് ആശുപത്രിയില്‍ എത്തിക്കുമായിരുന്നെന്നും മോഹന്‍ദാസ് വിദ്വേഷ പരാമര്‍ശം നടത്തിയിരുന്നു.

പ്രതിഷേധത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് ഇഷ്ടപ്പെടുന്നവരാണെന്ന വിദ്വേഷ പരാമര്‍ശവും വീഡിയോയില്‍ മോഹന്‍ദാസ് നടത്തിയിരുന്നു. ‘വോക്ക് തലയില്‍ കയറിയാല്‍ പിന്നെ അറുതല തുള്ളുന്ന പോലെയാണ്. പിന്നെ എന്തും ചെയ്യും. എന്ത് ഹീനകൃത്യം ചെയ്യും. ഇവരെ ആത്മഹത്യ ചെയ്യിക്കാന്‍ വളരെ എളുപ്പമാണ്,’ എന്ന പരാമര്‍ശവും മോഹന്‍ദാസ് നടത്തിയിരുന്നു.

Content Highlight: Pro Sangh Parivar Workers and Leaders Supports TG Mohandas

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more