വാഷിങ്ടണ്‍: കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്ത 70 ഓളം വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി. ഈ വര്‍ഷം യൂണിവേഴ്‌സിറ്റിയുടെ ന്യൂയോര്‍ക്ക് സിറ്റി ക്യാമ്പസിലെ ബട്‌ലര്‍ ലൈബ്രറിക്ക് സമീപമുണ്ടായ പ്രതിഷേധത്തിലും അലുമിനി വീക്കിലെ പ്രതിഷേധത്തിലും പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് നടപടി.
പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചിലരെ പുറത്താക്കുകയും ചെയ്തു. അതേസമയം നടപടി നേരിട്ട വിദ്യാര്‍ത്ഥികളുടെ പേരുകള്‍ സര്‍വകലാശാല പുറത്ത് വിട്ടിട്ടില്ല.
അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് തടസങ്ങള്‍ സൃഷ്ടിക്കുന്നത് സര്‍വകലാശാല നയങ്ങളുടെയും നിയമങ്ങളുടെയും ലംഘനമാണെന്നും അത്തരം ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സര്‍വകലാശാല അറിയിച്ചു.
‘നമ്മുടെ സ്ഥാപനം സമൂഹത്തിനായുള്ള അക്കാദമിക ദൗത്യം നിറവേറ്റുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. മികച്ചൊരു അക്കാദമിക് സമൂഹം സൃഷ്ടിക്കുന്നതിന്, പരസ്പരം ബഹുമാനവും സര്‍വകലാശാലയുടെ അടിസ്ഥാന പ്രവര്‍ത്തനങ്ങളെയും നയങ്ങളെയും നിയമങ്ങളെയും ബഹുമാനിക്കണം,’ സര്‍വകലാശാലയുടെ പ്രസ്താവനയില്‍ പറയുന്നു.
ബട്‌ലര്‍ ലൈബ്രറി പ്രതിഷേധം നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിലാക്കിയതായി സര്‍വകലാശാല അവകാശപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളില്‍ നിന്നും മറ്റുള്ള സ്ഥാപനങ്ങളില്‍ നിന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത വ്യക്തികളെ കാമ്പസില്‍ നിന്ന് വിലക്കും. കൊളംബിയയിലെ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഷന്‍ഡ് ചെയ്യുകയും ചെയ്യുമെന്നാണ് സര്‍വകലാശാലയുടെ ഭീഷണി.
മാര്‍ച്ച് 13 ന് യൂണിവേഴ്‌സിറ്റിക്ക് അയച്ച കത്തില്‍, ഫെഡറല്‍ ഫണ്ടിങ് തടഞ്ഞുവെക്കാതിരിക്കണമെങ്കില്‍ ചില നിബന്ധനകള്‍ പാലിക്കണമെന്ന് ട്രംപ് ഭരണകൂടം പറഞ്ഞിരുന്നു. ഒമ്പത് ആവശ്യങ്ങളാണ് ഗവണ്‍മെന്റ് സര്‍വകലാശാലയ്ക്ക് മുന്നില്‍ വെച്ചത്.
ഇതാദ്യമായല്ല ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വകലാശാല നടപടിയെടുക്കുന്നത്. മാര്‍ച്ചില്‍ ഗസയിലെ യുദ്ധത്തിനെതിരെ ഹാമില്‍ട്ടണ്‍ ഹാള്‍ പിടിച്ചെടുത്ത് പ്രതിഷേധിച്ച 22 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യുകയും വിദ്യാര്‍ത്ഥികളുടെ ബിരുദം താത്കാലികമായി റദ്ദാക്കുകയും ചെയ്തിരുന്നു.
കൊളംബിയ യൂണിവേഴ്സിറ്റിയില്‍ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്ത മഹ്‌മൂദ് ഖലീലിനെ കസ്റ്റഡിയില്‍ എടുത്ത് കൊണ്ടാണ് കൊളംബിയയിലെ ഫലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടി ഭരണകൂടം ആരംഭിച്ചത്. മാസങ്ങള്‍ നീണ്ട് നിന്ന തടങ്കലിന് ശേഷം ജൂണ്‍ 20ന് ന്യൂജേഴ്സിയിലെ ഒരു ജഡ്ജി ഖലീലിനെ മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു.
Content Highlight: Pro-Palestinian protest at Columbia University; Action taken against 70 students