വാഷിങ്ടണ്‍: അമേരിക്കയിലെ വിസ്‌കോണ്‍സിനിലെ ഫലസ്തീന്‍-മുസ്‌ലിം സമുദായ നേതാവായ സലാഹ് സര്‍സൂറിനെ നാടുകടത്താമെന്ന ഉത്തരവിറക്കി യു.എസ് ഇമിഗ്രേഷന്‍ ജഡ്ജി.
ഫലസ്തീന്‍ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്ന സമൂഹ്യ പ്രവര്‍ത്തകനും മുസ്‌ലിം സമുദായ നേതാവുമായ സലാഹ് സര്‍സൂറിനെതിരെ ട്രംപ് ഭരണകൂടത്തിന്റെ ആഗ്രഹ പ്രകാരമാണ് ഇത്തരമൊരു വിധി പുറപ്പെടുവിച്ചതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദേശീയസുരക്ഷയും വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജഡ്ജിയുടെ നടപടി. മില്‍വാക്കി ആസ്ഥാനമായ ഇസ്‌ലാമിക് സൊസൈറ്റി ഓഫ് മില്‍വാക്കിയുടെ പ്രസിഡന്റാണ് സലാഹ് സര്‍സൂര്‍.
1993 മുതല്‍ അമേരിക്കയില്‍ താമസിക്കുന്ന സര്‍സൂറിനെ മാര്‍ച്ചില്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തിരുന്നു. 80 ദിവസത്തിലേറെ ഇമിഗ്രേഷന്‍ കസ്റ്റഡിയില്‍ കഴിഞ്ഞ ശേഷമാണ് ജൂണില്‍ ഫെഡറല്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് അദ്ദേഹം മോചിതനായത്.
ഇസ്രഈല്‍ സൈനിക കോടതികളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ കേസുകളാണ് അമേരിക്കന്‍ അധികൃതര്‍ സര്‍സൂറിനെതിരെ പ്രധാനമായും ഉന്നയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 1988-ലും 1995-ലും നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ ദേശീയസുരക്ഷാ ഭീഷണിയായി അധികൃതര്‍ പറയുന്നത്.
എന്നാല്‍ സര്‍സൂര്‍ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചിട്ടുണ്ട്. ഇസ്രഈല്‍ കസ്റ്റഡിയിലിരിക്കെ സമ്മര്‍ദവും പീഡനവും നേരിട്ടാണ് കുറ്റസമ്മതം നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ വാദം.
അതേസമയം, ഫലസ്തീന്‍ അനുകൂല നിലപാടിന്റെ പേരിലാണ് സര്‍സൂറിനെ ട്രംപ് ഭരണകൂടം ലക്ഷ്യമിട്ടതെന്ന് സര്‍സൂറിന്റെ അഭിഭാഷകന്‍ പറഞ്ഞു.
നേരത്തെ അദ്ദേഹത്തിന്റെ മോചനവുമായി ബന്ധപ്പെട്ട കേസിലും ഫലസ്തീന്‍ അവകാശങ്ങള്‍ക്കായുള്ള അദ്ദേഹത്തിന്റെ നിലപാടിനെ തുടര്‍ന്ന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചതാകാമെന്നും റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വാദങ്ങളില്‍ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.
ജഡ്ജിയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍സൂറിന്റെ അഭിഭാഷകര്‍ അറിയിച്ചു. അമേരിക്കയില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി താമസിക്കുന്ന തനിക്ക് രാജ്യം വിടേണ്ടിവരുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും സര്‍സൂര്‍ പ്രതികരിച്ചു. കേസ് തുടര്‍ന്നും നിയമനടപടികളിലൂടെ മുന്നോട്ടുപോകുമെന്നും റിപ്പോര്‍ട്ടുണ്ട്.
Content Highlight: Pro-Palestine stance: Judge orders deportation of Muslim leader as sought by the Trump administration.