ഭോപ്പാല്‍: അലീഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരത്തെ തെറ്റായി ചിത്രീകരിച്ചതിന് സീ ന്യൂസ് ചാനലിന് രണ്ട് ലക്ഷം രൂപ പിഴ. ന്യൂസ് ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റിയാണ് (എന്‍.ബി.ഡി.എസ്.എ) പിഴ ചുമത്തി ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.
ഫലസ്തീനുമായുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പ്രകോപനപരമായ ഭാഷ ഉപയോഗിച്ചതായും പ്രതിഷേധത്തിന്റെ സ്വഭാവം വളച്ചൊടിച്ചതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്. സീ ന്യൂസിന്റെ പ്രക്ഷേപണത്തിനെതിരെ എസ്.ഐ.ഒ ദേശീയ സെക്രട്ടറി തല്‍ഹ മന്നന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രതിഷേധത്തിനിടെ ഉയര്‍ന്ന ഫലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങളെ കുറ്റകൃത്യങ്ങളുമായും തീവ്രവാദവുമായും ബന്ധിപ്പിച്ച് വര്‍ഗീയവും പ്രകോപനപരവുമായ രീതിയില്‍ ചാനല്‍ ചിത്രീകരിക്കുകയായിരുന്നു. വാര്‍ത്തയുടെ വീഡിയോയും ഇരു വിഭാഗങ്ങളുടെ വാദങ്ങളും കേട്ട ശേഷമാണ് എന്‍.ബി.ഡി.എസ്.എ പിഴ ചുമത്തിയിരിക്കുന്നത്.
സര്‍വകലാശാല ഫീസ് വര്‍ധനവിനെതിരെ എസ്.ഐ.ഒ സംഘടിപ്പിച്ച സമരത്തിടയിലെ ഫലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ മാത്രം കാണിച്ച് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ചാനല്‍ വാര്‍ത്ത സംപ്രേണം ചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്.
മുദ്രാവാക്യങ്ങളെ സംപ്രേക്ഷകന്‍ കൈകാര്യം ചെയ്ത രീതിയും എന്‍.ബി.ഡി.എസ്.എ പ്രശ്നകരമാണെന്ന് കണ്ടെത്തി. ഉപയോഗിച്ച പദപ്രയോഗങ്ങള്‍ പ്രകോപനപരമാണെന്നും നിഷ്പക്ഷ റിപ്പോര്‍ട്ടിങ്ങിന് പകരം വര്‍ഗീയത വളര്‍ത്തുന്നതാണെന്നും അതോറിറ്റി ചൂണ്ടിക്കാണിച്ചു.
സീ ന്യൂസിന്റെ വെബ്സൈറ്റില്‍ നിന്നും യൂട്യൂബില്‍ നിന്നും ഈ ദൃശ്യങ്ങള്‍, ഹൈപ്പര്‍ലിങ്കുകള്‍, ആക്സസ് എന്നിവ ഏഴ് ദിവസത്തിനകം നീക്കം ചെയ്യാന്‍ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
അതോറിറ്റിയുടെ ഉത്തരവിനെ എസ്.ഐ.ഓ സ്വാഗതം ചെയ്തു. ഫലസ്തീനുമായുള്ള ഐക്യദാര്‍ഢ്യത്തിന്റെ സമാധാനപരമായ പ്രകടനങ്ങളെ വര്‍ഗീയവത്ക്കരിക്കുകയോ, കുറ്റകൃത്യങ്ങളുമായും തീവ്രവാദവുമായും ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രകോപനപരമായ രീതിയില്‍ അവതരിപ്പിക്കുകയോ ചെയ്യരുതെന്ന് സംഘടന വ്യക്തമാക്കി.
Content Highlight: Pro-Palestine slogans during student protests misrepresented: NBDSA imposes ₹2 lakh fine on Zee News.