ലണ്ടന്‍: ലിവര്‍പൂളില്‍ നടന്ന ലേബര്‍ പാര്‍ട്ടി സമ്മേളനത്തിന് പുറത്ത് ഫലസ്തീന്‍ അനുകൂല സംഘടനയായ ഫലസ്തീന്‍ ആക്ഷനെ പിന്തുണച്ച് പ്രതിഷേധിച്ച അമ്പതിലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്.
നിരോധിത സംഘടനയെ പിന്തുണയ്ക്കുന്ന മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് അറസ്റ്റുകള്‍ നടന്നതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബ്രിട്ടനില്‍ ഫലസ്തീന്‍ ആക്ഷനെ നിരോധിച്ച സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സംഘടനയെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചത്.
അഭിപ്രായ സ്വാതന്ത്രത്തിന് നേരെയുള്ള ലജ്ജാകരമായ ആക്രമണമാണ് ഇത്തരം അറസ്റ്റുകളെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.
അറസ്റ്റിലായവരില്‍ പ്രായമായ മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 94 വയസുള്ള മനുഷ്യാവകാശ അഭിഭാഷക മാര്‍ഗരറ്റ് ഓവനും അറസ്റ്റിലായവരിലുണ്ട്.
പ്രതിഷേധിക്കാനുള്ള അവകാശത്തിന് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം ശക്തമാകുകയാണെന്ന വിമര്‍ശനവും ഇതോടെ ഉയര്‍ന്നു.
അതേസമയം, ഫലസ്തീന്‍ ആക്ഷനെ നിരോധിച്ചത് പ്രതിഷേധം തടയാനല്ലെന്നും സംഘടന നടത്തിയതായി ആരോപിക്കപ്പെടുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്നും ബ്രിട്ടീഷ് സര്‍ക്കാര്‍ പറഞ്ഞു. സംഘടനയുടെ നിരോധനം സംബന്ധിച്ച നിയമപോരാട്ടവും തുടരുകയാണ്.
Content Highlights: Pro-Palestine protest: Over 50 people arrested.