ബെയ്‌റൂത്ത്: ഫലസ്തീന്‍ അനുകൂല പോരാട്ടങ്ങളിലൂടെ ലോക ശ്രദ്ധ നേടിയ ജപ്പന്‍ സ്വദേശിയും ഇടതുപക്ഷ പ്രവര്‍ത്തകനുമായ കൊസോ ഓകാമോട്ടോ അന്തരിച്ചു. ബെയ്‌റൂത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 78 വയസായിരുന്നു. 1972ല്‍ ഇസ്രഈലിലെ ലോധ് വിമാനത്താവളത്തില്‍ 26 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ പങ്കെടുത്ത ഒകാമോട്ടോ ദീര്‍ഘകാലമായി രോഗ ബാധിതനായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അഹ്‌മദ് അല്‍ യാബാനിയെന്നാണ് അദ്ദേഹം ഫലസ്തീന്‍ ജനതയ്ക്കിടയില്‍ അറിയപ്പെടുന്നത്.
വര്‍ഷങ്ങളായി ഒകാമോട്ടോയ്ക്ക് സംരക്ഷണം നല്‍കിയിരുന്ന ഫലസ്തീന്‍ വിപ്ലവ പ്രസ്ഥാനമായ ‘പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍’ ആണ് മരണവാര്‍ത്ത പുറത്തുവിട്ടത്. അദ്ദേഹം പതിറ്റാണ്ടുകളോളം ലെബനനില്‍ രാഷ്ട്രീയ അഭയത്തിലായിരുന്നു.
ലോധ് എയര്‍പോര്‍ട്ട് ആക്രമണവും ജയില്‍വാസവും
1972 മേയ് 30നാണ് ജാപ്പനീസ് റെഡ് ആര്‍മി അംഗമായ ഒകാമോട്ടോയും മറ്റ് രണ്ട് സഹപ്രവര്‍ത്തകരും ചേര്‍ന്ന് ടെല്‍അവീവിന് സമീപമുള്ള ലോധ് എയര്‍പോര്‍ട്ടില്‍ ആക്രമണം നടത്തിയത്. 1968-ല്‍ ബെയ്റത്ത് വിമാനത്താവളത്തില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായായിരുന്നു ഈ നീക്കം.
ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ കൊല്ലപ്പെടുകയും പരിക്കേറ്റ ഒകാമോട്ടോ ഇസ്രഈല്‍ സേനയുടെ പിടിയിലാവുകയും ചെയ്തു. തുടര്‍ന്ന് ഇസ്രഈല്‍ കോടതി അദ്ദേഹത്തിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 12 വര്‍ഷത്തെ കഠിനമായ ജയില്‍വാസത്തിനും ഏകാന്തതടവിനും ശേഷം 1985ലെ തടവുകാരുടെ കൈമാറ്റ കരാറിലൂടെയാണ് അദ്ദേഹം മോചിതനായത്.
ജയില്‍ മോചനത്തിന് ശേഷം ലെബനനിലെത്തിയ ഒകാമോട്ടോയ്ക്ക് രാജ്യം രാഷ്ട്രീയ അഭയം നല്‍കുകയായിരുന്നു. 1997ല്‍ ഇമിഗ്രേഷന്‍ രേഖകളുടെ പേരില്‍ ലെബനന്‍ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും, അദ്ദേഹത്തെ വിട്ടുനല്‍കണമെന്ന ജപ്പാന്റെ ആവശ്യം ലെബനന്‍ ആവര്‍ത്തിച്ച് തള്ളി. വിചാരണ വേളയില്‍ ‘ഞാന്‍ ഒരു അറബ് പ്രതിരോധ പോരാളിയാണ്’ എന്നായിരുന്നു ഒകാമോട്ടോ കോടതിയില്‍ പ്രഖ്യാപിച്ചത്.
സ്വന്തം നാടും കുടുംബവും ഉപേക്ഷിച്ച് ഫലസ്തീന്‍ അധിനിവേശത്തിനെതിരെ പോരാടാനിറങ്ങിയ കോസോ ഒകാമോട്ടോ, അന്താരാഷ്ട്ര വിപ്ലവ പ്രസ്ഥാനങ്ങളുടെയും ഫലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന്റെയും അവിസ്മരണീയമായ പ്രതീകമായിട്ടാണ് ഓര്‍മിക്കപ്പെടുന്നത്.
Content Highlight: Pro-Palestine militant Kozo Okamoto has passed away.