| Monday, 8th June 2026, 12:25 pm

'ഇസ്രഈലിലെ നായകള്‍ ഫലസ്തീനികളെ മാത്രമേ ബലാത്സംഗം ചെയ്യൂ എന്ന് കരുതി'; റെഡ് കാര്‍പെറ്റിലെ തമാശക്കെതിരെ പ്രതിഷേധം

ആദര്‍ശ് എം.കെ.

ന്യൂയോര്‍ക്ക്: പ്രശസ്തമായ ട്രൈബെക്ക ഫിലിം ഫെസ്റ്റിവലില്‍ ഇസ്രഈലി ജയിലുകളില്‍ ഫലസ്തീന്‍ തടവുകാര്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളെ പരിഹസിച്ച ഇസ്രഈല്‍ അനുകൂല ഇന്‍ഫ്‌ളുവന്‍സര്‍ ലിസി സാവെറ്റ്സ്‌കിക്കും നടന്‍ എലോണ്‍ ഗോള്‍ഡിനുമെതിരെ പ്രതിഷേധം ശക്തമാകുന്നു.

ഇസ്രഈലില്‍ നിര്‍മിച്ച ‘ദ വെഡ്ഡിങ് എന്റര്‍ടെയ്നര്‍’ എന്ന സിനിമയുടെ പ്രീമിയറിനോട് അനുബന്ധിച്ച് നടന്ന റെഡ് കാര്‍പെറ്റ് അഭിമുഖത്തിനിടെയാണ് ഇരുവരും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

ഇസ്രഈലി സൈനികര്‍ നായകളെ ഉപയോഗിച്ച് ഫലസ്തീന്‍ തടവുകാരെ ലൈംഗികമായി പീഡിപ്പിക്കുന്നു എന്ന റിപ്പോര്‍ട്ടുകളെ മുന്‍നിര്‍ത്തിയായിരുന്നു ഇവരുടെ റെഡ് കാര്‍പെറ്റിലെ സംഭാഷണം.

‘ഞാന്‍ രണ്ട് ഇസ്രഈലി നായകളാല്‍ മാത്രമേ ബലാത്സംഗം ചെയ്യപ്പെട്ടുള്ളൂ’ എന്നാണ് അഭിമുഖത്തിനിടെ എലോണ്‍ ഗോള്‍ഡ് പറഞ്ഞത്. ഇതിന് മറുപടിയായി ലിസി സാവെറ്റ്സ്‌കി, ‘അവര്‍ ഫലസ്തീനികളെ മാത്രമേ ബലാത്സംഗം ചെയ്യൂ എന്നാണ് ഞാന്‍ കരുതിയത്,’ എന്ന് പരിഹസിക്കുകയായിരുന്നു.

തുടര്‍ന്ന് ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ പൊട്ടിച്ചിരിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നത്.

ഇസ്രഈലി തടങ്കല്‍ പാളയങ്ങളില്‍ ഫലസ്തീനികള്‍ നായകളാല്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ടെന്ന് ബിസെലെം, യൂറോ-മെഡിറ്ററേനിയന്‍ ഹ്യൂമന്‍ റൈറ്റ്സ് മോണിറ്റര്‍ തുടങ്ങിയ മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സദെ തൈമാന്‍ തടങ്കല്‍ കേന്ദ്രത്തില്‍ വെച്ച് ഇസ്രഈലി സൈനികര്‍ നായകളെ ഉപയോഗിച്ച് നടത്തിയ അതിക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായ 35 വയസുകാരന്‍ അമീറിന്റെ അനുഭവം ഈ ക്രൂരതകളുടെ ആഴം വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന തെളിവാണ്

തന്നെ വിവസ്ത്രനാക്കി നിര്‍ത്തിയ ശേഷം സൈനികര്‍ നായകളെ വിട്ട് ലൈംഗികമായി പീഡിപ്പിക്കുകയും തന്റെ മേല്‍ മൂത്രമൊഴിപ്പിക്കുകയും ചെയ്തതായി അമീര്‍ വെളിപ്പെടുത്തി.

‘പരിശീലിപ്പിക്കപ്പെട്ട രീതിയില്‍ നായ എന്നെ ലൈംഗികമായി ആക്രമിക്കുമ്പോള്‍ സൈനികര്‍ എന്നെ ക്രൂരമായി മര്‍ദിക്കുന്നുണ്ടായിരുന്നു; ആ നിമിഷങ്ങളില്‍ ഞാന്‍ അങ്ങേയറ്റം അപമാനിതനായാണ് അനുഭവപ്പെട്ടത്’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ, ഇസ്രഈല്‍ തടവറകളിലെ ഇത്തരം ക്രൂരമായ പീഡനങ്ങളെക്കുറിച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ന്യൂയോര്‍ക്ക് ടൈംസ്’ വിശദമായ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് റെഡ് കാര്‍പെറ്റില്‍ ഈ പരിഹാസം അരങ്ങേറിയത്.

സംഘര്‍ഷ മേഖലകളില്‍ ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവരുടെ കരിമ്പട്ടികയില്‍ ഐക്യരാഷ്ട്രസഭ അടുത്തിടെ ഇസ്രഈലി സൈന്യത്തെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

വിവാദ പരാമര്‍ശങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ട്രൈബെക്ക ഫെസ്റ്റിവല്‍ അധികൃതര്‍ ഇവരെ ശക്തമായി അപലപിച്ചുകൊണ്ട് രംഗത്തെത്തി.

‘ലൈംഗികാതിക്രമങ്ങളെയും മനുഷ്യന്റെ ദുരിതങ്ങളെയും ഒരിക്കലും പരിഹസിക്കുകയോ കുറച്ചു കാണുകയോ ചെയ്യരുത്. ഇവരുടെ പരാമര്‍ശങ്ങള്‍ ഫെസ്റ്റിവലിന്റെ മൂല്യങ്ങള്‍ക്ക് പൂര്‍ണമായും വിരുദ്ധമാണ്,’ ഫെസ്റ്റിവല്‍ അധികൃതര്‍ വ്യക്തമാക്കി.

വിമര്‍ശനങ്ങള്‍ രൂക്ഷമായതിനെത്തുടര്‍ന്ന് ലിസി സാവെറ്റ്സ്‌കി ഇന്‍സ്റ്റാഗ്രാമിലൂടെ വിശദീകരണവുമായി രംഗത്തെത്തി. യഥാര്‍ത്ഥ ബലാത്സംഗത്തെക്കുറിച്ചാണ് സംസാരിക്കേണ്ടതെങ്കില്‍ ഒക്ടോബര്‍ ഏഴിന് ഇസ്രഈലി സ്ത്രീകള്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കണമെന്നാണ് ഇവര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

കലയും നര്‍മവും ഗൗരവകരമായ വിഷയങ്ങളിലേക്ക് ആളുകളുടെ ശ്രദ്ധ തിരിക്കാനുള്ള ആയുധങ്ങളാണെന്നും, നടന്‍ എലോണ്‍ ഗോള്‍ഡ് അതുകൂടിയാണ് ലക്ഷ്യമിട്ടതെന്നും അവര്‍ അവകാശപ്പെട്ടു.

വിവാദത്തിലായ ‘ദ വെഡ്ഡിങ് എന്റര്‍ടെയ്നര്‍’ എന്ന സിനിമയില്‍ ലിസി സാവെറ്റ്സ്‌കി അഭിനയിച്ചിട്ടില്ല. സിനിമാ പ്രവര്‍ത്തകര്‍ പ്രത്യേകം ക്ഷണിച്ചതിനെ തുടര്‍ന്നാണ് അവര്‍ ഈ ചടങ്ങില്‍ പങ്കെടുത്തത്.

Content Highlight: Pro-Israel influencer and actor face widespread protests after mocking sexual abuse of Palestinian prisoners

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more