സംസ്ഥാനത്തെ വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളെ ലക്ഷ്യമിട്ട് നാഷണൽ ഫാർമേഴ്‌സ് പാർട്ടി എന്നൊരു പാർട്ടി പിറവി കൊണ്ടിരിക്കുന്നു. മുൻ കാത്തിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറക്കൽ, മുൻ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി എന്നിവരുടെ സാന്നിധ്യത്തോടും ആശിവാദത്തോടും പുതിയ ക്രീസ്‌തീയ ന്യൂനപക്ഷ പാർട്ടിയുടെ പ്രഖാപനമുണ്ടാവുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിതാക്കൻമാരുടെ അസാന്നിദ്ധ്യം പുതിയ പാർട്ടിക്ക് തുടക്കത്തിലെ കല്ലുകടിയായി.
കേരള കോൺഗ്രസിൻ്റെ മുൻ ചെയർമാനും എം.എൽ.എയുമായിരുന്ന ജോർജ് ജെ. മാത്യുവിന്റെ നേതൃത്വത്തിലാണ് പുതിയ പാർട്ടിയുടെ ഉദയം. മുൻ എം.എൽ.എമാരായ പി.എം. മാത്യുവും എ.വി. മാണിയും ജോർജിനൊപ്പമുണ്ട്. 1964ൽ കേരള കോൺഗ്രസിന്റെ തുടക്കം മുതൽ കേരള കോൺഗ്രസിലായിരുന്ന ജോർജ് മൂവാറ്റുപുഴ എം.പിയും മത്സരിച്ച് ജയിച്ചിട്ടുണ്ട്. ഒരുകാലത്തെ പാർട്ടി ചെയർമാനുമായിരുന്നു.
1983 ൽ കെ.എം. മാണിയുമായി വേർപെട്ട് കോൺഗ്രസിൽ ചേർന്ന് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. വീണ്ടും കാഞ്ഞിരപ്പള്ളിയിൽ നിന്നും മത്സരിച്ച് പരാജയപ്പെട്ട ജോർജ് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
അതേ സമയം കർഷക സംഘടനകളിലും പ്ലാന്റർമാരുടെ അസോസിയേഷനുകളിലും സജീവമായിരുന്ന ജോർജ് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിലൂടെയാണ് പൊതുവേദികളിൽ എത്തുന്നത്.
2013 ഏപ്രിലിൽ യു.ഡി.എഫ് സെക്രട്ടറിയും കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് നേതാവും ഔഷധി മുൻ ബോർഡ് ചെയർമാനുമായിരുന്ന ജോർജ് നെല്ലൂരിനെ കേരള കോൺഗ്രസ് ജേക്കബ് പാർട്ടിയാൽ നിന്ന് രാജി വെപ്പിച്ച് നാഷണൽ പ്രോഗ്രസീവ് പാർട്ടി രൂപീകരിക്കാൻ ജോർജ് പിന്നണിയിൽ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം പിന്മാറിയതായി ജോണി നെല്ലൂർ പറഞ്ഞു.
ജോർജ് ജെ. മാത്യു
വി.വി അഗസ്റ്റിനും മാത്യു സ്റ്റീഫനും ജോണി നെല്ലൂരും സ്ഥാനങ്ങൾ പങ്കിട്ടതിലുള്ള പടലപ്പിണക്കമാണ് ജോർജിന്റെ അന്നത്തെ പിന്മാറ്റത്തിന് കാരണം.
യു.ഡി.എഫിൽ കേരള കോൺഗ്രസ് പി.ജെ. ജോസഫ് വിഭാഗവും കേരള കോൺഗ്രസ് അനൂപ് ജേക്കബ് വിഭാഗവും, ഇടത് മുന്നണിയിൽ കേരള കോൺഗ്രസ് മാണി വിഭാഗവും മുഖ്യ ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പാർട്ടികളായി നിലനിൽക്കുന്നിടത്തോളം കാലം പുതിയ ക്രിസ്ത്യൻ ന്യൂനപക്ഷ പാർട്ടികൾക്ക് ഇരുമുന്നണികളിലും പ്രവേശനം പൊടുന്നനെ സാധ്യമല്ല.
ഈ സാഹചര്യം മുന്നിൽക്കണ്ടാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയിൽ ചേക്കേറാനുള്ള ചെറു ക്രിസ്ത്യൻ പാർട്ടിയുടെ ശ്രമങ്ങൾ കാലങ്ങളായി നടന്നുവരുന്നത്. ജോർജ് മാത്യുവും കൂട്ടരും പ്രഖ്യാപിച്ചിരിക്കുന്ന നാഷണൽ ഫാർമേഴ്സ് പാർട്ടിയും ലക്ഷ്യം വെക്കുന്നത് ഇത് തന്നെ.
ക്രൈസ്തവ ഐക്യവും കർഷകവികാരവും കോർത്തിണക്കി പെന്തക്കോസ്‌തർ, രക്ഷിക്കപ്പെട്ടവർ, സ്‌നാനപ്പെട്ടവർ, വീണ്ടും ജനിക്കപ്പെട്ടവർ, ക്‌നാനായ കത്തോലിക്കർ തുടങ്ങി റോമൻ കത്തോലിക്കർ വരെയുള്ള ക്രിസ്ത്യൻ വിഭാഗങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി എൻ.ഡി.എ മുന്നണിയുടെ ഭാഗമാക്കാനുള്ള ഏറ്റവും ഒടുവിലത്തെ ശ്രമമാണ് പുതിയ പാർട്ടി പ്രഖ്യാപനത്തിലൂടെ ജോർജും കൂട്ടരും ലക്ഷ്യം വെക്കുന്നതും.
ക്രൈസ്ത വിഭാഗങ്ങളെ സംഘപരിവാർ കുടുംബത്തിൽ എത്തിക്കുന്നത് വഴി ക്രൈസ്തവ രാഷ്ട്രീയ ഭുപടത്തിൽ നിന്ന് അപ്രസ്‌ക്തമാക്കപ്പെട്ടരുടെ അധികാര കേന്ദ്രങ്ങളോട് ഇഴകി ചേർന്ന് നിൽക്കാനുള്ള കുറുക്ക് വഴിയായാണ് കേരള കോൺഗ്രസ് നേതാക്കളും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
പി.സി ജോർജ്
ഭാരതീയ ജനത പാർട്ടിയോടും ആർ.എസ്.എസിനോടും ഇഴബന്ധം പുലർത്തുന്ന കാസയും ( ക്രിസ്ത്യൻ അസോസിയേഷൻ ഫോർ ആലിയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ) ചുരുക്കം ചില രാഷ്ട്രീയ നേതാക്കളും കുറെയധികം നാളുകളായി ഒരു ഏകീകരിക്കപ്പെട്ട ക്രിസ്ത്യൻ രാഷ്ടീയ പാർട്ടിക്കായി രംഗത്തുണ്ട്. ഇതിനായി കാസ വിവിധ ക്രിസ്ത്യൻ രാഷ്ട്രീയ നേതൃത്വങ്ങളും മത മേലധ്യക്ഷന്മാരുമായും വിവിധ ഘട്ടങ്ങളിൽ മധ്യസ്ഥ ചർച്ച നടത്തിയിട്ടുണ്ട്.
പ്രസ്തുത ചർച്ചകളൊന്നും ഫലവത്താകാത്തത് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ പിണക്കാൻ സഭാ മേലധ്യഷൻമാർ തയാറാകാത്തത് തന്നെയെന്ന് മുമ്പും വ്യത്യസ്ത പേരുകളിൽ ക്രിസ്‌ത്യൻ പാർട്ടികൾ രൂപീകരിച്ചവർ പറയുന്നു. നിലവിൽ അർ.എസ്.എസിനും ബി.ജെ.പിയിലെ ഭൂരിപക്ഷം നേതാക്കൾക്കും പുതുതായി രൂപം കൊള്ളുന്ന ചെറുപാർട്ടികളോട് ആഭിമുഖ്യകുറവുമാണ്
വരുന്നവർ ബി.ജെ.പിയായി തന്നെ വരട്ടെ എന്ന ഉച്ച നിലപാടിനാണ് പാർട്ടി മുൻതൂക്കം നൽകുന്നത്. ദേശീയ ജനാധിപത്യ സഖ്യത്തിൽ ഘടകകളിയായി വന്ന് മുന്നണിയിൽ വില പേശുന്നതിൽ മനം നൊന്താണ് ബി.ജെ.പി ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ഷോൺ ജോർജ്
തുഷാർ വെള്ളാപ്പള്ളി ദേശീയ ജനാധിപത്യ സഖ്യത്തിലെ മുന്നണി പ്രവേശന സാധ്യത ലക്ഷ്യം കണ്ട് പി.സി. ജോർജും മകൻ ഷോൺ ജോർജും നേതൃത്വം നൽകിയിരുന്ന ജനപക്ഷത്തിന്റെ ഒടുക്കം ചൂണ്ടുന്നതും ഈ ദിശയിലേക്കാണ്. പി.സി ജോർജിനും ഷോൺ ജോർജിനും ഒടുക്കം ബി.ജെ.പി മെമ്പർഷിപ്പിന് അലയേണ്ടി വന്നതും ഇക്കാരണത്താൽ തന്നെ.
അഡ്വ. നോബിൾ മാത്യു നേതൃത്വം നൽകിയിരുന്ന കേരള കോൺഗ്രസ് (നാഷണലിസ്റ്റ് ) സ്വപ്നം കണ്ടതും ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടക കക്ഷി സ്ഥാനമായിരുന്നു. ക്രൈസ്‌തവ മേഖലയിലെ സ്വാധീനം എന്നെ ഒറ്റ തുറുപ്പ് ചീട്ടിൽ നോബിൾ മാത്യുവിന് അധികകാലം മുന്നോട്ട് പോരാനായില്ല. നോബിൾ പിന്നീട് ബി.ജെ.പിയിൽ നേരിട്ട് അംഗത്വമെടുത്ത് ദേശീയ വൈസ് പ്രസിഡണ്ടായി തീർന്നു.
ദേശീയ ജനാധിപത്യ സഖ്യത്തിലെ ക്രൈസ്‌തവ പാർട്ടി എന്ന ലേബലിൽ കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പ് വിട്ട് കേരള പോഗ്രസീവ് പാർട്ടിയും എൻ.ഡി.എയിൽ അപ്രധാനികളായി.
അഡ്വ. നോബിൾ മാത്യു
പുതിയ പാർട്ടിക്ക് നൽകാമെന്ന് ഉറപ്പ് നൽകിയിരുന്ന കേന്ദ്രസർക്കാർ ബോർഡ്, ചെയർമാൻ സ്ഥാനങ്ങളിൽ തീരുമാനമാകാത്തതിലും മുന്നണി മര്യാദലംഘനത്തിന്റെ പേരിലും രാഷ്ട്രീയ പ്രവർത്തനം തന്നെ അവസാനിപ്പിക്കാനൊരുങ്ങിയിരിക്കെ സഭാ മേലധ്യക്ഷന്മാരുടെ ഇടപെടലിനെതുടർന്ന് എൽ.ഡി.എഫിന്റെ ഭാഗമായ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ എത്തിയ നെല്ലൂർ ഇന്ന് ഹൈ പവർ കമ്മിറ്റിയംഗമായി തുടരുന്നു. വൈസ് ചെയർമാൻ സ്ഥാനം പാർട്ടി അദ്ദേഹത്തിന് ഉറപ്പ് നൽകിയിരുന്നെങ്കിലും അതും അവഗണിക്കപ്പെട്ട നിലയിലാണ്.
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് അകന്ന് സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടിയെന്ന തീരുമാനത്തോട് ഐക്യപ്പെടാൻ സഭ മേലധ്യക്ഷന്മാരും പൂർണമായി സജ്ജരായിട്ടില്ല.
കേരള കോൺഗ്രസ് സ്ഥാപക നേതാവായിരുന്ന പി.ടി ചാക്കോയുടെ മകൻ പി.സി. തോമസ് നേതൃത്വം നൽകിയ ഐ.എഫ്.ഡി.പി ( ഇന്ത്യൻ ഫെഡറൽ ഡെമോക്രാറ്റിക് പാർട്ടിയും) ക്രൈസ്തവ ന്യുനപക്ഷ പാർട്ടി എന്ന നിലക്ക് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പ്രധാന ഘകകയായായി വന്നെങ്കിലും, ബി.ജെ.പി മുന്നണിയിലെ ക്രൈസ്തവ പാർട്ടി എന്ന സ്ഥാനത്ത് നിന്ന് ഐ.എഫ്.ഡി.പിയും പടിയിറങ്ങി.
കെ.എം മാണിയുടെ വിശ്വസ്ഥനായിരുന്ന പി.സി. തോമസ് ചുരുങ്ങിയ കാലത്തിനുള്ളിൽ മറുകണ്ടം ചാടി പി.ജെ ജോസഫിനൊപ്പം എത്തി. 2001ൽ ജോസഫിൽ നിന്ന് അകന്നാണ് ഐ.എഫ്.ഡി.പി രൂപീകരിച്ച് ദേശീയ ജനാധിപത്യത്തിന്റെ ഭാഗമാകുന്നത്. വാജ് പേയി മന്ത്രി സഭയിൽ കേന്ദ്ര നിയമ സഹ മന്ത്രി വരെയായിരുന്നു തോമസ് പിന്നീട് എൻ.ഡി.എ വിട്ട് കേരള കോൺഗ്രസ് ലയന വിരുദ്ധ വിഭാഗവുമായി മുന്നോട്ട് പോയി എൻ.ഡി.എയിൽ എത്തി. 2015 ൽ എൻ.ഡി.എയിൽ എത്തിയ തോമസിന് മുൻപോട്ടുള്ള വഴി കല്ലും മുള്ളും നിറഞ്ഞതായിരുന്നു.
പി.സി തോമസ്
2021 ൽ ദേശീയ ജനാധിപത്യ സഖ്യത്തിൽ ഉടലെടുത്ത സീറ്റ് തർക്കത്തെ തുടർന്ന് എൻ.ഡി.എ വിട്ട് പി.സി. തോമസ് യു.ഡി.എഫിന്റെ ഭാഗമായി കേരള കോൺഗ്രസ് പി.ജെ ജോസഫ് ഗ്രൂപ്പിന്റെ വർക്കിങ് ചെയർമാനായി. ഫലത്തിൽ ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം ചേർത്ത് ദേശീയ ജനാധിപത്യ സഖ്യത്തെ ശക്തിപ്പെടുത്താൻ ബി.ജെ.പിക്ക് ഇവിടെയും കഴിഞ്ഞില്ല.
കേരള കോൺഗ്രസ് പി.ജെ ജോസഫ് ഗ്രൂപ്പിന്റെ യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് സ്ഥസ്ഥാന പ്രസിഡണ്ടും യു.ഡി.എഫ് കോട്ടയം ജില്ലാ ചെയർമാനുമായിരുന്ന സജി മഞ്ഞക്കടമ്പനും ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ കപട ക്രിസ്തീയ ന്യൂനപക്ഷ സ്നേഹത്തിന്റെ പടുകുഴിയിൽ വീണു.
ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ കൺവീനർ സ്ഥാനം പറഞ്ഞുറപ്പിച്ചാണ് മഞ്ഞക്കടമ്പൻ കേരളാ കോൺഗ്രസ് ഡമോക്രാറ്റിക് എന്നെ ക്രിസ്തീയ ന്യൂനപക്ഷ പാർട്ടിക്ക് രൂപം നൽകിയത്. പാർട്ടി പ്രഖ്യാപനത്തിന് ശേഷം ബി.ജെ.പി നേതാക്കൾ ഉറപ്പുകളിൽ നിന്ന് പിന്നോട്ടുപോയതിനെ തുടർന്നും ദേശീയ ജനാധിപത്യ സഖ്യത്തിൽ അർഹമായ പരിഗണന കിട്ടാതെയും സജി മഞ്ഞക്കടമ്പൻ പാർട്ടി വിട്ടു. പിന്നീട് സംസ്ഥാനത്ത് പി.വി അൻവർ നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസിന്റെ കോർഡിനേറ്റർമാരിൽ ഒരാളായി.
സജി മഞ്ഞക്കടമ്പൻ
ചുരുക്കത്തിൽ ദേശീയ ജനാധിപത്യ സഖ്യം കാലങ്ങളായി പരീക്ഷിച്ച് പരാജയപ്പെട്ട രാഷ്ട്രീയ തന്ത്രത്തിന് കേരളത്തിലെ രാഷ്ട്രീയ മനസ് വഴങ്ങുന്നതായി കാണുന്നില്ല.
ഈ സാഹചര്യത്തിൽ സംസ്ഥാനം പുതിയ തെരഞ്ഞെടുപ്പ് വർഷത്തിലേക്ക് കടക്കുമ്പോൾ പുതുതായി രൂപം കൊണ്ടിരിക്കുന്ന ഫാർമേഴ്സ് പാർട്ടിയുടെ ഭാവിയും വ്യത്യസ്തമാകാൻ സാധ്യതയില്ല.
ദേശീയ തലത്തിൽ ക്രിസ്ത്യൻ വോട്ടുകളുടെ ഏകീകരണം ദേശീയ ജനാധിപത്യ സഖ്യത്തിനൊപ്പം നിലനിർത്താൻ ലക്ഷ്യം വെച്ച് മറ്റൊരു നീക്കം കൂടി നടന്നു വരണുണ്ട്. പി.എ. സാങ്മ രൂപീകരിച്ച നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി ) യുടെ സംസ്ഥാനത്തെ പ്രവർത്തങ്ങൾ ചൂടുപിടിക്കുകയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗികരിച്ച ആറ് ദേശീയ പാർട്ടികളിലൊന്നായ എൻ.പി.പി നിലവിൽ ഗോവയുൾപ്പടെ ആറ് സംസ്ഥാനങ്ങളിൽ വേരുറപ്പിച്ച് കഴിഞ്ഞു.
ജോണി നെല്ലൂർ
കേരളത്തിലെ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉദ്‌ഘാടനം മെയ് അവസാനത്തോടെ മേഘാലയയിൽ നിന്ന് ജെയിംസ് സാങ്മ എത്തി നിർവഹിക്കും.
സഭാ മേലധ്യക്ഷന്മാരും സഭയിലെ അൽമായ നേതൃത്വവും ക്രൈസ്‌തവ രാഷ്ട്രീയ പാർട്ടിയെന്ന തീരുമാനത്തിലേക്ക് ഇത് വരെ എത്തിയിട്ടില്ല. ഇടവകകളിലും പാരീഷ് കൗൺസിലുകളിലും പ്രാർത്ഥന സമ്മേളനങ്ങളിലും വിശ്വാസ പ്രഘോഷണ സദസ്സുകളിലും കത്തോലിക്കാ കോൺഗ്രസ് ചർച്ചകളിലും ഇക്കാര്യത്തിൽ ഏകകണ്ഠമായ തീരുമാനമുണ്ടായിട്ടില്ല.
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് അകന്ന് സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടിയെന്ന തീരുമാനത്തോട് ഐക്യപ്പെടാൻ സഭ മേലധ്യക്ഷന്മാരും പൂർണമായി സജ്ജരായിട്ടില്ല.
മറിച്ച് സമ്മർദ ഗ്രൂപ്പുകളിലും കർഷക സംഘടനകളുമായി നില നിന്ന് മുന്നണികളോടും സർക്കാരുകളോടും വിലപേശൽ നടത്തുന്നതാവണം പ്രായോഗിക സമീപനം എന്നവർ വിലയിരുത്തുന്നു. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ക്രിസ്ത്യൻ നാമധാരിയും റോമൻ കത്തോലിക്കനുമായിരിക്കണമെന്ന വിധമുള്ള ഡിമാന്റുകൾ അംഗീകരിക്കാൻ കഴിയുന്നതാണ്, ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലപാടിനെക്കാളും ഫലം ചെയ്യുന്നത് എന്ന് സഭ പിതാക്കന്മാർ തിരിച്ചറിയുന്നുണ്ട്.
ഇൻഫാമും വീഫാമും പശ്ചിമഘട്ട സംരക്ഷണ സമിതികൾ പോലുള്ള വിഷയാധിഷ്ഠിത ഫോറങ്ങളുടെ കാർമികത്വത്തിൽ ഒതുങ്ങി നിൽക്കുന്നതാവണം പ്രത്യക്ഷ രാഷ്ട്രീയത്തെക്കാളും ഗുണം ചെയ്യുന്നതെന്നുമുള്ള വിലയിരുത്തലുണ്ട്.
തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിലും രാഷ്ട്രീയ പാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള കഴിവ് സഭകൾക്ക് കൈവരുന്നത്തിൽ ഒതുങ്ങി നിൽക്കുന്നതാണ് പ്രത്യക്ഷ രാഷ്ട്രീയ ഇടപെടലിനേക്കാളുമേറെ ഗുണം എന്നും ഇവർ കണക്ക് കൂട്ടുന്നു.
Content Highlight: Pro-Christian parties fail to keep pace