| Saturday, 4th March 2023, 7:24 pm

അഞ്ച് ദിവസം കൊണ്ട് ഒരു കല്യാണം; വമ്പന്‍ താരനിരയുമായി കരിക്ക്; ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കരിക്കിന്റെ ഏറ്റവും പുതിയ വീഡിയോയായ പ്രിയപ്പെട്ടവന്‍ പിയൂഷിന്റെ ടീസര്‍ പുറത്ത് വിട്ടു. സിനിമ രംഗത്തില്‍ നിന്നുള്ള പ്രമുഖ താരനിരയാണ് രണ്ട് മിനിട്ട് പത്ത് സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ എത്തിയിരിക്കുന്നത്. പിയൂഷ് എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് ടീസര്‍ കടന്നുപോകുന്നത്. അഞ്ച് ദീവസം കൊണ്ട് പിയൂഷിന് കല്യാണം നടത്താനുള്ള ശ്രമങ്ങളാണ് രസകരമായ ടീസറിലുള്ളത്.

ജീവന്‍ സ്റ്റീഫനാണ് പിയൂഷ് എന്ന യുവാവായി എത്തുന്നത്. മാല പാര്‍വതി, അന്നു ആന്റണി, കനി കുസൃതി എന്നിങ്ങനെ വലിയ താരനിര തന്നെയാണ് ടീസറില്‍ എത്തിയിരിക്കുന്നത്.

ഗൗതം സൂര്യയാണ് പ്രിയപ്പെട്ടവന്‍ പിയൂഷ് എഴുതി സംവിധാനം ചെയ്യുന്നത്. കിരണ്‍ വിയ്യത്ത്, വിഷ്ണു വിറ്റ്സ്, ആന്‍ സലീം, അഫ്രീന അസ്സ, അനഘ അശോക്, ജയരാജ് വാര്യര്‍, അനൂപ് മോഹന്‍ദാസ്, ദേവകി രാജേന്ദ്രന്‍, ശ്രീനാഥ് ബാബു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വീഡിയോയുടെ റിലീസ് ഡേറ്റ് പുറത്ത് വിട്ടിട്ടില്ല.

സാമര്‍ത്ഥ്യ ശാസ്ത്രമാണ് ഒടുവില്‍ കരിക്കിന്റേതായി പുറത്ത് വന്ന വെബ് സീരിസ്. ശബരീഷ് സജ്ജിന്‍, കൃഷ്ണ ചന്ദ്രന്‍, നിലീന്‍ സാന്‍ഡ്ര, ഉണ്ണി മാത്യൂസ്, ആനന്ദ് മാത്യൂസ്, കിരണ്‍ വിയ്യത്ത്, റീനു സണ്ണി, ദേവി വര്‍മ, ഷൈനി സാറ, ജിന്‍സ് ഷാന്‍, സ്നേഹ ബാബു തുടങ്ങിയവരാണ് പ്രധാന താരങ്ങളായി എത്തിയത്.

ശ്യാമിന്‍ ഗിരീഷാണ് സാമര്‍ത്ഥ്യ ശാസ്ത്രം സീരിസ് സംവിധാനം ചെയ്തത്. നിലീന്‍ സാന്‍ഡ്ര ആണ് തിരക്കഥ. പല സ്ഥലങ്ങളില്‍ പല സാഹചര്യങ്ങളില്‍ ജീവിക്കുന്ന സാധാരണക്കാരായ അഞ്ച് പേരെ ഒരു തട്ടിപ്പുകാരന്‍ പറ്റിക്കുന്നതും ഇവര്‍ അഞ്ച് പേരും ഇയാളെ കണ്ടെത്തി തങ്ങളുടെ പണം തിരിച്ച് കണ്ടെത്താന്‍ നോക്കുന്നതുമാണ് സീരിസിന്റെ ഇതിവൃത്തം. ആറ് എപ്പിസോഡുകളിലായി വന്ന സാമര്‍ത്ഥ്യ ശാസ്ത്രത്തിന് വലിയ പ്രേക്ഷക പ്രീതി നേടാനായിരുന്നു.

Content Highlight: priyapettavan piyush teaser

Latest Stories

We use cookies to give you the best possible experience. Learn more