| Thursday, 17th July 2025, 1:32 pm

മാസ് ഹീറോയുടെ കൂടെയാണ്, ശ്രദ്ധയോടെ അഭിനയിക്കണമെന്ന് മാതാപിതാക്കള്‍ ഉപദേശിച്ചു: പ്രിയങ്ക മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് പ്രിയങ്ക അരുള്‍മോഹന്‍. 2019ല്‍ കന്നഡ ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നടി കന്നഡയ്ക്ക് പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിരുന്നു.

ശിവകാര്‍ത്തികേയനെ നായകനാക്കി നെല്‍സന്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ഡോക്ടര്‍ ആണ് പ്രിയങ്കയുടെ ആദ്യ തമിഴ് ചിത്രം. ശിവകാര്‍ത്തികേയനൊപ്പം ഡോണ്‍ എന്ന ചിത്രത്തിലും പ്രിയങ്ക അഭിനയിച്ചിരുന്നു. ഇപ്പോള്‍ നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ ശിവകാര്‍ത്തിയെ കുറിച്ച് പറയുകയാണ് നടി.

‘സംവിധായകന്‍ നെല്‍സന്‍ ദിലീപ്കുമാര്‍ എന്നോട് ഡോക്ടര്‍ സിനിമയുടെ കഥ പറയുമ്പോള്‍ ഹീറോ ആരാണെന്ന് ചോദിച്ചതേയില്ലായിരുന്നു. തമിഴില്‍ അഭിനയിക്കണം എന്ന ആഗ്രഹം മാത്രമേ അപ്പോള്‍ എനിക്കുണ്ടായിരുന്നുള്ളൂ.

പക്ഷെ പിന്നീട് ആ സിനിമയിലെ ഹീറോ ശിവകാര്‍ത്തികേയന്‍ ആണെന്ന് ഞാന്‍ അറിഞ്ഞു. ആ കാര്യം അറിഞ്ഞപ്പോള്‍ ആകാശത്ത് കൂടെ പായുന്ന പ്രതീതിയായിരുന്നു എനിക്ക്. ശരിക്കും സന്തോഷം തോന്നി.

ഇതറിഞ്ഞ എന്റെ മാതാപിതാക്കള്‍ ഒരു മാസ് ഹീറോയ്‌ക്കൊപ്പമാണ് നീ അഭിനയിക്കുന്നത്, ശ്രദ്ധാപൂര്‍വ്വം അഭിനയിക്കണം എന്ന് ഉപദേശിച്ചു. ഡോക്ടര്‍ എന്ന സിനിമയില്‍ അദ്ദേഹത്തിന്റെ നായികയായി അഭിനയിച്ചത് വളരെ നല്ല അനുഭവമായിരുന്നു,’ പ്രിയങ്ക മോഹന്‍ പറയുന്നു.

കന്നഡ സിനിമയില്‍ നിന്ന് എങ്ങനെയാണ് താന്‍ തമിഴ് സിനിമ ഇന്‍ഡസ്ട്രിയില്‍ എത്തിയതെന്നും നടി അഭിമുഖത്തില്‍ പറയുന്നുണ്ട്. തന്റെ ആദ്യ ചിത്രം കന്നഡയില്‍ ആയിരുന്നുവെന്നും അത് കണ്ടാണ് തെലുങ്കിലേക്ക് വിളിച്ചതെന്നും പ്രിയങ്ക പറഞ്ഞു. നാനിക്കൊപ്പം തെലുങ്കില്‍ അഭിയിക്കുകയും സിനിമ വിജയമായതോടെ തമിഴില്‍ എത്തുകയായിരുന്നുവെന്നും നടി പറയുന്നുണ്ട്.

‘ഞാന്‍ ജനിച്ചത് ചെന്നൈയില്‍ തന്നെയാണ്. പഠിച്ചത് ബംഗ്ലൂരിലും. അതുകൊണ്ട് കന്നഡ ദേശത്ത് നിന്നുമാണ് എന്റെ സിനിമാ എന്‍ട്രി. ഗിരീഷ് ഗിരിജാ ജോഷി സംവിധാനം ചെയ്ത ഒന്ത് കഥേഹെല്ലാ എന്ന കന്നഡ സിനിമയിലുടെയാണ് എന്റെ അരങ്ങേറ്റം.

ആ സിനിമയുടെ വിജയം എനിക്ക് നല്ല പേര് സമ്പാദിച്ചിരുന്നു. അതുകണ്ടിട്ട് തെലുങ്കില്‍ നിന്നും ഓഫര്‍ കിട്ടി. തെലുങ്കില്‍ നാനിക്കൊപ്പം അഭിനയിച്ച ഗാങ് ലീഡര്‍ എന്ന സിനിമയുടെ വിജയം എന്നെ തമിഴിലെത്തിച്ചു,’ പ്രിയങ്ക മോഹന്‍ പറയുന്നു.

Content Highlight: Priyanka Mohan Talks About Sivakarthikeyan

We use cookies to give you the best possible experience. Learn more