| Saturday, 11th October 2025, 2:56 pm

സായ് പല്ലവിക്ക് പിന്നാലെ പ്രിയങ്ക മോഹന്റെയും എ.ഐ ചിത്രങ്ങള്‍, പോസ്റ്റ് പങ്കുവെച്ച് നടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒ.ജി സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പ്രിയങ്ക മോഹന്‍ എന്ന തലക്കെട്ടോടെ കഴിഞ്ഞദിവസം താരത്തിന്റെ അര്‍ധനഗ്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ബാത്ത് ടവ്വല്‍ മാത്രം ധരിച്ചുകൊണ്ടാണ് ഫോട്ടോയില്‍ താരം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത് യഥാര്‍ത്ഥ ചിത്രമല്ലെന്നും എ.ഐ ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും പറഞ്ഞുകൊണ്ട് പ്രിയങ്ക രംഗത്തെത്തിയിരിക്കുകയാണ്.

‘എന്റേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില ദൃശ്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. ദയവായി ഈ വ്യാജ ചിത്രങ്ങള്‍ പങ്കുവെക്കുന്നതും നിര്‍മിക്കുന്നതും നിര്‍ത്തുക. എ.ഐ എന്നത് ക്രിയേറ്റവിറ്റിക്ക് വേണ്ടി ഉപയോഗിക്കൂ, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കരുത്. നമ്മള്‍ പങ്കുവെക്കുന്ന പോസ്റ്റുകളെക്കുറിച്ച് ശ്രദ്ധാലുക്കളായിരിക്കണം’ എന്നാണ് പ്രിയങ്ക തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പ്രതികരിച്ചത്.

തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്യാണിന്റെ ഒ.ജി എന്ന ചിത്രത്തിലെ ചെറിയൊരു ഭാഗത്തില്‍ നിന്ന് എടുത്ത ചിത്രം വെച്ചാണ് പ്രിയങ്കയുടെ എ.ഐ ഫോട്ടോ സൃഷ്ടിക്കുകയും പ്രചരിക്കുകയും ചെയ്തത്. കഴിഞ്ഞദിവസം പല സിനിമാപേജുകളിലും ചിത്രം വലിയ രീതിയില്‍ ചര്‍ച്ചയായി മാറി. ഇതിനെതിരെ പ്രിയങ്ക പ്രതികരിച്ചതും വാര്‍ത്തയായിരിക്കുകയാണ്.

പ്രിയങ്ക മോഹന് മുമ്പ് നടി സായ് പല്ലവിയുടെയും എ.ഐ ഉപയോഗിച്ച് നിര്‍മിച്ച വ്യാജ ചിത്രങ്ങള്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സായ് പല്ലവിയും സഹോദരിയും ബീച്ചില്‍ സമയം ചെലവഴിക്കുന്ന ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ ചിലര്‍ താരത്തിന്റെ ബിക്കിനി ചിത്രങ്ങള്‍ എ.ഐ ഉപയോഗിച്ച് നിര്‍മിക്കുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

രാമായണ എന്ന ചിത്രത്തില്‍ സീതയായി വേഷമിടുന്ന സായ് പല്ലവിയെ ബിക്കിനിയില്‍ കണ്ട സംഘപരിവാര്‍ അനുകൂലികള്‍ താരത്തിനെതിരെ രംഗത്തെത്തിയതും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇത് വ്യാജ ചിത്രമാണെന്ന വസ്തുത പിന്നീട് പുറത്തുവരികയായിരുന്നു.

തമിഴിലും തെലുങ്കിലും ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ താരമാണ് പ്രിയങ്ക മോഹന്‍. കന്നഡ സിനിമയിലൂടെയാണ് അരങ്ങേറിയതെങ്കിലും തെലുങ്ക് ചിത്രം ഗ്യാങ് ലീഡറാണ് പ്രിയങ്കക്ക് ബ്രേക്ക് ത്രൂവായത്. ഡോണ്‍, ഡോക്ടര്‍, സരിപ്പോത സനിവാരം, ക്യാപ്റ്റന്‍ മില്ലര്‍ എന്നിവയാണ് പ്രിയങ്കയുടെ ഹിറ്റ് ചിത്രങ്ങള്‍.

Content Highlight: Priyanka Mohan reacts against her AI Generated images

We use cookies to give you the best possible experience. Learn more