കല്‍പ്പറ്റ: വയനാട് കോണ്‍ഗ്രസില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപ്പെട്ട് വയനാട് എം.പി പ്രിയങ്ക ഗാന്ധി. ജില്ലയിലെ പാര്‍ട്ടിയില്‍ തുടര്‍ച്ചയായി നടക്കുന്ന ആത്മഹത്യകളിലും നിയമന കോഴ വിവാദങ്ങളിലും ഗ്രൂപ്പ് തര്‍ക്കങ്ങളിലും വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വയനാട് ഡി.സി.സി നേതൃത്വത്തിനോടാണ് ഇക്കാര്യങ്ങളില്‍ വിശദീകരണം തേടിയത്.
കഴിഞ്ഞ ദിവസം ഗ്രൂപ്പ് പോരിന്റെ ഭാഗമായി മുള്ളന്‍കൊല്ലി മണ്ഡലം വൈസ് പ്രസിഡന്റും വാര്‍ഡ് അംഗവുമായ ജോസ് നെല്ലേടം ആത്മഹത്യ ചെയ്തിരുന്നു. കോണ്‍ഗ്രസിലെ പ്രാദേശിക നേതാവ് തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും അതില്‍ ജോസിന് പങ്കുണ്ടെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരോപിച്ചതിന് പിന്നാലെയായായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യ. ഈ വിഷയത്തില്‍ ഒരു പ്രാദേശിക നേതാവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
കൂടാതെ, നേരത്തെ ജീവനൊടുക്കിയ മുന്‍ ഡി.സി.സി ട്രഷററായിരുന്ന എന്‍.എം. വിജയന്റെ കുടുംബവും പാര്‍ട്ടിക്കെതിരെ തിരിഞ്ഞിരുന്നു. പിന്നാലെ വയനാട് കോണ്‍ഗ്രസിലെ വിവിധ നേതാക്കള്‍ക്കെതിരെ നിരവധി പരാതികളും ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രിയങ്ക വിശദീകരണം തേടിയിരിക്കുന്നത്.
റിപ്പോര്‍ട്ടില്‍ ഡി.സി.സിയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ നേതൃത്വത്തിനെതിരെ നടപടികള്‍ ഉണ്ടാവുമെന്നാണ് സൂചന. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചനെതിരെ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയേക്കുമെന്നാണ് വിവരം.
കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ വയനാടില്‍ കോണ്‍ഗ്രസ് അനുഭാവികളായ അഞ്ച് പേരാണ് ആത്മഹത്യ ചെയ്തത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര്, നിയമന വിവാദം, ബാങ്ക് തട്ടിപ്പ് എന്നിവയുടെ ഇരകളായാണ് ഇവര്‍ ജീവനൊടുക്കിയത്.
അതേസമയം, ആറ് ദിവസമായി വയനാടില്‍ ഉണ്ടായിട്ടും കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങളുടെ ഭാഗമായി ആത്മഹത്യ ചെയ്തവരുടെ കുടുംബത്തെ പ്രിയങ്ക സന്ദര്‍ശിച്ചിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. ഈ മാസം 12 മുതല്‍ പ്രിയങ്ക ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.
ഇതിനിടെയാണ് മുള്ളന്‍കൊല്ലി മണ്ഡലത്തിലെ വാര്‍ഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചന്റെ വീട്ടില്‍ കര്‍ണാടക മദ്യവും സ്ഫോടകവസ്തുക്കളും കൊണ്ടുവെച്ച് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ മനംനൊന്ത് ജോസ് നെല്ലേടം ആത്മഹത്യ ചെയ്തത്. എന്നാല്‍, അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാനോ കുടുംബത്തെ കാണാനോ പ്രിയങ്ക എത്തിയിരുന്നില്ല.
കള്ളക്കേസില്‍ അറസ്റ്റിലായി 17 ദിവസം ജയിലില്‍ കിടന്ന മുള്ളന്‍കൊല്ലി കോണ്‍ഗ്രസ് പ്രസിഡന്റ് തങ്കച്ചനെയും മുമ്പ് ആത്മഹത്യ ചെയ്ത എം.എന്‍. വിജയന്റെയും കുടുംബത്തെയും പ്രിയങ്ക ഇതുവരെ സന്ദര്‍ശിച്ചിട്ടില്ല. വിജയന്റെ മരുമകള്‍ പത്മജയും ദിവസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
Content Highlight: Priyanka Gandhi seeks explanation over suicides and Group conflicts in Wayanad Congress