പാട്‌ന: ബീഹാറിലെ സ്ത്രീ വോട്ടര്‍മാര്‍ക്ക് നിർദേശങ്ങളുമായി കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ എം.പിയുമായ പ്രിയങ്ക ഗാന്ധി. എന്‍.ഡി.എ നല്‍കുന്ന 10,000 രൂപ വാങ്ങിക്കോളൂവെന്നും എന്നാല്‍ വിവേകപൂര്‍വം ചിന്തിച്ചതിന് ശേഷം മാത്രം വോട്ട് ചെയ്യണമെന്നുമാണ് പ്രിയങ്കയുടെ നിര്‍ദേശം.
‘ബീഹാര്‍ മുഖ്യമന്ത്രി മഹിളാ റോജ്ഗര്‍ യോജന’ പ്രകാരം 75 ലക്ഷം സ്ത്രീകള്‍ക്ക് 10,000 രൂപ വീതം വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രസ്താവന.
‘പദ്ധതിയുടെ പ്രയോജനം നേടൂ, എന്നാല്‍ നിങ്ങളുടെ വോട്ടവകാശം വിവേകപൂര്‍വം ഉപയോഗിക്കൂ. നിങ്ങളുടെ കുട്ടികളുടെ ഭാവിക്കും സംസ്ഥാനത്തിന്റെ വികസനത്തിനും വേണ്ടി വോട്ട് ചെയ്യൂ,’ എന്നായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം. സ്ത്രീ വോട്ടര്‍മാരെ ആകര്‍ഷിക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.
മോത്തിഹാരിയില്‍ ഭോജ്പുരിയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഒരുപക്ഷേ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ വാഗ്ദാനം പാലിക്കപ്പെടാന്‍ സാധ്യതയില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ വോട്ട് നേടാന്‍ ബി.ജെ.പി-ജെ.ഡി.യു കൂട്ടുക്കെട്ട് മറ്റൊരു തന്ത്രം പ്രയോഗിക്കാന്‍ ശ്രമിക്കുകയാണ്. അവരുടെ ഗെയിം പ്ലാനിനെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും പ്രിയങ്ക മുന്നറിയിപ്പ് നല്‍കി.
ആദ്യഘട്ടത്തില്‍ മോദിയും ബി.ജെ.പിയും ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ച് തീവ്രവാദം ഉന്നയിച്ചാണ് വിജയിക്കാന്‍ ശ്രമിച്ചത്. ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ നുഴഞ്ഞുകയറ്റ വിഷയമാക്കുന്നുവെന്നും കോണ്‍ഗ്രസ് എം.പി ചൂണ്ടിക്കാട്ടി.
ബീഹാറില്‍ വെറും മൂന്ന് വര്‍ഷത്തിനുള്ളില്‍ തകര്‍ന്നത് 27 പാലങ്ങളാണെന്നും കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.
ബീഹാറിന്റെ വികസനത്തിനും ക്ഷേമത്തിനുമായി നീക്കിവെച്ചിരുന്ന 70,000 കോടി രൂപ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തട്ടിയെടുത്തുവെന്നും പ്രിയങ്ക പറഞ്ഞു. സി.എ.ജി റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് പ്രിയങ്ക പ്രതികരിച്ചത്.
എന്‍.ഡി.എ സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പരാജയപ്പെട്ടു എന്നതിന്റെ തെളിവാണിതെന്നും സംസ്ഥാനത്തെ എല്ലാ തലങ്ങളിലും ബി.ജെ.പി-ജെ.ഡി.യു കൂട്ടുക്കെട്ട് പരാജിതരാണെന്നും പ്രിയങ്ക വിമര്‍ശിച്ചു.
ഒരു യഥാര്‍ത്ഥ ദേശസ്‌നേഹിക്ക് മാത്രമേ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ മനസിലാക്കാന്‍ കഴിയുകയുള്ളുവെന്നും രാഹുല്‍ ഗാന്ധിയെ ചൂണ്ടിക്കാട്ടി പ്രിയങ്ക ഗാന്ധി പറഞ്ഞു.
വോട്ടവകാശം ഉള്‍പ്പെടെ നമ്മുടെ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന ഭരണഘടനയെ സംരക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി നിരന്തരം പോരാടുകയാണ്. രാജ്യത്തെ ദരിദ്രര്‍, ദളിത്, പിന്നോക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ 4000 കിലോമീറ്റര്‍ യാത്ര നടത്താന്‍ രാഹുലിന് കഴിയുമെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
Content Highlight: Priyanka Gandhi says We must be cautious about the NDA government’s game planning