ന്യൂദല്‍ഹി: വയനാട്ടിലെ പ്രവര്‍ത്തനങ്ങള്‍ ‘വളരെ നല്ല രീതിയില്‍ പുരോഗമിക്കുന്നു’വെന്ന് ലോക്‌സഭാ സ്പീക്കറുടെ ചായസത്കാരത്തില്‍ പ്രിയങ്ക ഗാന്ധി എം.പി.
‘മണ്ഡലത്തിലെ കാര്യങ്ങള്‍ എങ്ങനെ പോകുന്നു’വെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക. ഇന്നലെ (വെള്ളി) പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം സമാപിച്ചതിന് പിന്നാലെ ഓം ബിര്‍ല നടത്തിയ ചായസത്കാരത്തിലാണ് ഇരുവരുടെയും കൂടിക്കാഴ്ച നടന്നത്.
എന്നാല്‍ വയനാട് പുനരധിവാസത്തിനും മറ്റുമായി കേന്ദ്രം അനുവദിച്ച 500 കോടി രൂപ വായ്പ ഇനത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2025 ഫെബ്രുവരി രണ്ടിനാണ് വയനാട് പുനരധിവാസത്തിനായി 530 കോടിയുടെ പലിശയില്ലാ വായ്പ കേന്ദ്രം അനുവദിച്ചത്.
ഈ വായ്പ 50 വര്‍ഷം കൊണ്ട് സംസ്ഥാനം തിരിച്ചടക്കണമെന്നും 2025 മാര്‍ച്ച് 31നകം തുക ചെലവഴിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. 529.50 കോടി രൂപയാണ് വായ്പ ഇനത്തില്‍ കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ചത്.
ഇത് 16 പദ്ധതികള്‍ക്കാണ് സഹായം നല്‍കുക. സംസ്ഥാന സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പ് പദ്ധതിക്കായി കണ്ടെത്തുന്ന ഭൂമിയില്‍ പൊതുകെട്ടിടങ്ങള്‍, റോഡ് തുടങ്ങിയവയുടെ നിര്‍മാണത്തിനായി തുക വിനിയോഗിക്കാം.
എന്നാല്‍ കേന്ദ്രത്തിന്റെ നിര്‍ദേശമനുസരിച്ച് വായ്പ തുക വിനിയോഗിക്കുക എന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ. രാജന്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തില്‍ കേന്ദ്രം വ്യക്തത നല്‍കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശവും ഉണ്ടായിരുന്നു.
ഇതിനെല്ലാം പുറമെ കേരളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് വന്ന സൈന്യത്തിന്റെ ചെലവുകള്‍ സംസ്ഥാനം തിരിച്ചുനല്‍കണമെന്ന കേന്ദ്ര ഉത്തരവും വിമര്‍ശനം നേരിട്ടിരുന്നു.
അതേസമയം വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്ത നിവാരണത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി 2000 കോടിയുടെ പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നത്. ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്നും റിക്കവറി നടപടികള്‍ ഒഴിവാക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് വയനാട്ടിലെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രിയെ അറിയിച്ചത്. സംസ്ഥാനം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ഒന്നും തന്നെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ അലര്‍ജി തടയാന്‍ വയനാട്ടിലെ ഒരു ഔഷധ സസ്യം കഴിക്കുന്നുണ്ടെന്ന വിവരം എം.പിമാരുമായി പ്രിയങ്ക പങ്കുവെച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രിയങ്ക ഗാന്ധിക്ക് പുറമെ കേരളത്തില്‍ നിന്നുള്ള എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും ചായസത്ക്കാരത്തില്‍ പങ്കെടുത്തിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സമാജ് വാദി പാര്‍ട്ടി എം.പി ധര്‍മേന്ദ്ര യാദവ്, എന്‍.സി.പി എസ്.പി (എം.പി) സുപ്രിയ സുലെ, ഡി.എം.കെ എം.പി എ. രാജ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Content Highlight: Priyanka Gandhi says Wayanad activities are ‘progressing very well’ at Loksabha Speaker’s tea reception