| Friday, 20th February 2026, 8:57 am

മുഖ്യമന്ത്രിയും സംഘവും സിന്‍ഡിക്കേറ്റുകളെപോലെ പണം സമ്പാദിക്കുന്നു; അസം സർക്കാരിനെതിരെ ചാർജ് ഷീറ്റുമായി പ്രിയങ്ക ഗാന്ധി

മുഹമ്മദ് നബീല്‍

ദിസ്പൂർ: തെരഞ്ഞെടുപ്പടുത്തിരിക്കുന്ന അസമിൽ സർക്കാരിനെതിരെ ചാർജ്ഷീറ്റ് പുറത്തിറക്കി വയനാട് എം.പി യും കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി.

ബി.ജെ.പി സർക്കാരിന്റെ സിൻഡിക്കേറ്റ് രാജിനെതിരെയും അഴിമതിക്കെതിരെയുമാണ് പ്രിയങ്കയുടെ 20 പേജുള്ള ചാർജ് ഷീറ്റ്.

റാറ്റ് ഹോൾ ഖനനം, ലഹരിവസ്തുക്കളുടെ കടത്ത് അടക്കമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചും ബി.ജെ.പി ഒരു സമാന്തര സമ്പത്ത് വ്യവസ്ഥ ഉണ്ടാക്കിയെടുക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും മന്ത്രിമാരും അവരോട് അടുപ്പമുള്ളവരും ഒരു സിൻഡിക്കേറ്റ് സംവിധാനത്തിലൂടെ നിയമവിരുദ്ധമായി പണം സമ്പാദിക്കുന്നുവെന്നും ആ പണം ഷെൽ കമ്പനികളിലും, റിയൽ എസ്റ്റേറ്റ് കച്ചവടങ്ങളിലും നിക്ഷേപിക്കുന്നുവെന്നും ചാർജ് ഷീറ്റിൽ പറയുന്നു.

സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ദുർവിനിയോഗത്തെകുറിച്ചും, കടമെടുക്കുന്നതിനെ കുറിച്ചും പറയുന്ന ചാർജ് ഷീറ്റിൽ സംസ്ഥാനത്തിന്റെ മൊത്തം കടം രണ്ടുലക്ഷം കോടിയാണെന്നും അത് വരും തലമുറയ്ക്കുമുകളിൽ വലിയ ബാധ്യത സൃഷ്ടിക്കുമെന്നും ആരോപിക്കുന്നു.

‘സർക്കാർ വായ്പയെടുക്കുന്നത് സംസ്ഥാനത്തിന്റെ പുരോഗതിക്കുവേണ്ടിയല്ല മറിച്ച് ഇലക്ഷൻ അടുത്തിരിക്കുന്ന വേളയിൽ സൗജന്യങ്ങൾ നൽകാൻ വേണ്ടി മാത്രമാണ്’ പ്രിയങ്ക പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിനും, കുടിവെള്ള വിതരണത്തിനും, റോഡ് വികസനത്തിനും ഉപയോഗിക്കേണ്ട അസം ജനതയുടെ പണം രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി മാത്രം ഉപയോഗിക്കുന്നുവെന്ന് ചാർജ് ഷീറ്റിൽ പറയുന്നു.

അസമിലെ വെള്ളപ്പൊക്കവും മണ്ണൊലിപ്പും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിന് ബി.ജെ.പിയെ വിമർശിച്ച പ്രിയങ്ക ഗോത്രവിഭാഗങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാത്തതിനെയും വിമർശിച്ചു.

അസമിന്റെ വിദ്യാഭ്യാസ മേഖലയെ ദുർബലപ്പെടുത്തിയ ബി.ജെ.പി 9000 സ്കൂളുകളെ ലയിപ്പിക്കുകയോ പൂട്ടുകയോ ചെയ്‌തെന്നും ചാർജ് ഷീറ്റിൽ പറയുന്നു.

കേരളത്തിനും തമിഴ്നാടിനും പശ്ചിമ ബംഗാളിനുമൊപ്പം അസമിലും ഈ വർഷം തെരഞ്ഞെടുപ്പ്‌ നടക്കും. നിലവിൽ ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരാണ് അസം ഭരിക്കുന്നത്.

Content Highlight: Priyanka gandhi  releases ‘charge sheet’ against Assam BJP government

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more