ന്യൂദല്‍ഹി: രാജ്യത്ത് വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് നേര്‍ക്കുണ്ടായ പൊലീസ് അതിക്രമങ്ങളിലും അയോധ്യ രാമക്ഷേത്രക്കൊള്ളയിലും മറുപടി പറയാന്‍ വിസമ്മതിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഈ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ മറുപടി പറയാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. രാമക്ഷേത്ര കൊള്ളയെ ഒരു സംസ്ഥാനത്തിന്റെ മാത്രം വിഷയമെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും പ്രിയങ്ക പറഞ്ഞു.
പാര്‍ലമെന്റില്‍ ഈ വിഷയങ്ങളില്‍ കേന്ദ്രത്തിന്റെ പ്രസ്താവനക്കായി പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഭരണപക്ഷം അതിനെ അവഗണിക്കുകയാണ്. അത് സര്‍ക്കാരിന് ജനങ്ങളോടുള്ള ഉത്തരവാദിത്തമില്ലായ്മായാണ് സൂചിപ്പിക്കുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി. ‘സര്‍ക്കാരിന് ജനങ്ങളോട് ഉത്തരവാദിത്തമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്, കാരണം ഇത് അവര്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതും പ്രസ്താവന നടത്തേണ്ടതുമായ വേദിയാണിത്,’ പ്രിയങ്ക പറഞ്ഞു.
രാജ്യത്തെ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് നേര്‍ക്കുണ്ടായ പൊലീസ് അതിക്രമങ്ങളില്‍ മറുപടി പറയേണ്ടെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇവയെല്ലാം എങ്ങനെ സംഭവിച്ചെന്നതിനെക്കുറിച്ച് അവര്‍ക്കൊരു പ്രസ്താവനയിറക്കുക കൂടി ചെയ്യേണ്ടിവരുന്നില്ലെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ക്ക് നേര്‍ക്കുണ്ടായ പെല്ലറ്റ് ഗണ്‍ പ്രയോഗത്തെയും എ.കെ 47 ഉപയോഗിച്ചതിനെയും കുറിച്ചും പ്രിയങ്ക സംസാരിച്ചു.
‘ഇവിടെ വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ദല്‍ഹിയില്‍ മാത്രമല്ല, രാജ്യത്താകെ യുവാക്കള്‍ പ്രതിഷേധിച്ചിരുന്നു. അവരെ മര്‍ദിക്കപ്പെട്ടു, അവര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിക്കപ്പെട്ടു, അവരെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ച് വെടിവച്ചു. ബീഹാറില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ എകെ-47 ഉപയോഗിച്ചിരുന്നു. ഇതിനൊന്നും മറുപടി പറയേണ്ടെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അവ എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് ഒരു പ്രസ്താവന പോലും അവര്‍ക്ക് നടത്തേണ്ടിവരുന്നില്ല. ആരാണ് അതിന് ഉത്തരവിട്ടത്?’ അവര്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ പെല്ലറ്റ് ഗണ്‍ അടക്കം പ്രയോഗിച്ചതിന് ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരം പറയേണ്ടതല്ലേ എന്നും പ്രിയങ്ക ചോദിച്ചു. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് നിശബ്ദരായിരിക്കാന്‍ പറ്റില്ലെന്നും പ്രിയങ്ക പാര്‍ലമെന്റിന് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
‘ഇതിന് ആരാണ് ഉത്തരവാദിയെന്നാണ് നിങ്ങള്‍ കരുതുന്നത്? വിദ്യാര്‍ത്ഥികളെ ലാത്തി ചാര്‍ജ് ചെയ്തതിനും അവര്‍ക്കെതിരെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതിനും ബീഹാറില്‍ അവര്‍ക്കെതിരെ എകെ 47 പ്രയോഗിക്കിച്ചതിനും നിങ്ങള്‍ (ആഭ്യന്തരമന്ത്രി അമിത് ഷാ) ജനങ്ങളോട് ഉത്തരം പറയേണ്ടതില്ലേ? നിങ്ങളെല്ലാവരെയും (മാധ്യമങ്ങളെ) പോലെ ഞങ്ങളും നിശബ്ദമായിരിക്കണോ?’
രാമക്ഷേത്ര വിഷയത്തില്‍ സര്‍ക്കാര്‍ അതിനെ ഒരു സംസ്ഥാനത്തിന്റെ മാത്രം വിഷയമാണെന്ന് പറഞ്ഞ് ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ഈ വിഷയം പ്രചാരണ ആയുധമാക്കുകയും അതില്‍ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കുകയും ചെയ്തവരാണ് ഇപ്പോള്‍ അതിനെ ഒരു സംസ്ഥാനത്തെ വിഷയമാണെന്ന് പറയുന്നതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
‘ആളുകള്‍ അവരുടെ വിശ്വാസം കാരണം സംഭാവനകള്‍ നല്‍കി. ക്ഷേത്രത്തിനുവേണ്ടിയാണെന്ന് പറഞ്ഞതുകൊണ്ടാണ് ദരിദ്രരായ മനുഷ്യര്‍ സംഭാവനകള്‍ നല്‍കിയത്. ഇന്ത്യയില്‍ മാത്രമല്ല, മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലും ശ്രീരാമനെ വിശ്വസിക്കുന്നവരുണ്ട്. നിങ്ങള്‍ പറയുന്നു അത് ഒരു സംസ്ഥാനത്തെ മാത്രം വിഷയമാണെന്ന്.
തെരഞ്ഞെടുപ്പിന് മുമ്പ് നിങ്ങള്‍ക്ക് ആ വിഷയത്തില്‍ പ്രചാരണം നടത്തുകയും അതില്‍ നിന്ന് പൊളിറ്റിക്കല്‍ മൈലേജുണ്ടാക്കുകയും ചെയ്തപ്പോള്‍ നിങ്ങള്‍ക്ക് അത് ഒരു സംസ്ഥാനത്തെ വിഷയമായിരുന്നില്ല. ഇപ്പോള്‍ നിങ്ങള്‍ക്ക് അത് ഒരു സംസ്ഥാനത്തെ വിഷയമായി മാറിയിരിക്കുന്നു,’ പ്രിയങ്ക പറഞ്ഞു,
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത്. അദ്ദേഹം ഒരു സംസ്ഥാനത്തിന്റെ പ്രധാനമന്ത്രിയല്ല, രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ അന്ന് ഉദ്ഘാടനത്തിനായി എത്തിയിരുന്നു. ഇപ്പോള്‍ അവര്‍ ചെയ്യുന്നത് ഇത് ഒരു സംസ്ഥാനത്തിന്റെ വിഷയമാണെന്ന് പറഞ്ഞ് (പാര്‍ലമെന്റില്‍) ഉത്തരം നല്‍കാതിരിക്കലാണ്. സംഭാവനകള്‍ അപ്രത്യക്ഷമായിക്കഴിഞ്ഞു. ഇതെന്താണ് നടക്കുന്നത്?’ പ്രിയങ്ക ഗാന്ധി ചോദിച്ചു.
Content Highlight: Priyanka Gandhi questions Centre over police action against student protesters and Ayodhya Temple Theft