| Tuesday, 19th March 2019, 10:58 am

പ്രിയങ്ക ക്രിസ്ത്യാനിയാണ്, കാശി ക്ഷേത്രത്തില്‍ കയറ്റരുത്; മജിസ്ട്രേറ്റിന് അഭിഭാഷകരുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാരണാസി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരുടെ കത്ത്. പ്രിയങ്ക ഗാന്ധി ക്രിസ്ത്യാനിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാശിജില്ലാ മജിസ്ട്രേറ്റിന് അഭിഭാഷകരുടെ സംഘം കത്തയച്ചത്.

സനാതന ധര്‍മ്മം ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു കത്ത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിസംബോധന ചെയ്തുളള കത്താണ് നല്‍കിയത്. ഇതില്‍ പ്രിയങ്കയുടെ ആരാധനാകേന്ദ്രം പളളിയാണെന്നും ചൂണ്ടിക്കാണിക്കുന്നു.

നേരത്തെ രാഹുല്‍ ഗാന്ധിക്കെതിരെയും സമാന ആരോപണവുമായി കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡ്ഡെ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ അച്ഛന്‍ മുസ്‌ലീമും അമ്മ ക്രിസ്ത്യാനിയുമാണ്. താന്‍ ബ്രാഹ്മണന്‍ ആണെന്ന് രാഹുല്‍ പറയുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നായിരുന്നു കേന്ദ്ര മന്ത്രി ചോദിച്ചത്.

Read Also : “അസലാമു അലൈക്കും” അഭിസംബോധനയോടെ പാര്‍ലമെന്റില്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുടെ പ്രസംഗം: ഭീകരന്റെ പേര് താന്‍ പറയില്ലെന്നും ജസിണ്ട ആര്‍ഡന്‍

രാഹുല്‍ ഗാന്ധിയെ പോലുള്ള സങ്കര സന്താനങ്ങള്‍ കോണ്‍ഗ്രസ് ലബോറട്ടറിയില്‍ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും ലോകത്തെവിടെയും ഇങ്ങനെ കാണാന്‍ സാധിക്കില്ലെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസംഗം.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യമിട്ടുളള പ്രിയങ്ക ഗാന്ധിയുടെ ഗംഗാ യാത്ര ഇന്നും തുടരും. വിന്ധ്യാചല്‍ ക്ഷേത്രദര്‍ശനത്തോടെയാണ് രണ്ടാം ദിവസത്തെ യാത്ര തുടങ്ങുന്നത്. നദിക്കരയില്‍ വിവിധയിടങ്ങളില്‍ സ്വീകരണമൊരുക്കിയിട്ടുണ്ട്.

പ്രസംഗങ്ങളെക്കാള്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് കേള്‍ക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും അതിനായാണ് ഈ യാത്രയെന്നും പ്രിയങ്ക പറഞ്ഞു. കേന്ദ്രത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വരേണ്ടത് രാജ്യത്തെ സാധാരണക്കാരുടെ ആവശ്യമാണെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more