ഹോളിവുഡിലെയും ബോളിവുഡിലെയും തിരക്കുള്ള നായികയാണ് പ്രിയങ്ക ചോപ്ര. വിജയ് നായകനായി അഭിനയിച്ച തമിഴന്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. 2000ത്തിലെ ലോക സുന്ദരി പട്ടവും പ്രിയങ്ക ചോപ്ര നേടിയിട്ടുണ്ട്.
ഇപ്പോള്‍ സിനിമയുടെ മാന്ത്രികതയില്‍ മയങ്ങിപ്പോയ ഒരു നിമിഷം ഏതാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് പ്രിയങ്ക ചോപ്ര. 1995ല്‍ മണിരത്‌നത്തിന്റെ ബോംബെ എന്ന ചിത്രം കണ്ടപ്പോഴാണ് തനിക്ക് അത്തരമൊരു അനുഭവമുണ്ടായതെന്ന് നടി പറയുന്നു. പ്രിയങ്കയുടെ ഏറ്റവും പുതിയ ചിത്രമായ ഹെഡ് ഓഫ് സ്റ്റേറ്റിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക ചോപ്ര.
‘ഞാന്‍ അങ്ങനെ സിനിമകളെല്ലാം കാണുന്ന കൂട്ടത്തിലല്ലായിരുന്നു.പക്ഷെ ഇപ്പോഴും പാട്ട് കേള്‍ക്കും. എന്റെ അച്ഛന് ബോളിവുഡ് ഗാനങ്ങള്‍ വളരെ ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ എപ്പോഴും വീട്ടില്‍ പഴയ ഹിന്ദി ഗാനങ്ങള്‍ പ്ലേ ചെയ്തുകൊണ്ടിരിക്കും. എന്നാല്‍ ആദ്യമായി ബോംബെ എന്ന സിനിമ കണ്ടത് ഞാന്‍ ഒരിക്കലും മറക്കില്ല.
ബോംബെ എന്ന ചിത്രം ഞാന്‍ ആദ്യമായി കാണുന്നത് എനിക്ക് പന്ത്രണ്ട് വയസുള്ളപ്പോഴോ മറ്റോ ആണ്. എന്തായാലും ഞാന്‍ എന്റെ കൗമാരത്തിന്റെ തുടക്കത്തിലായിരുന്നു. ആ സിനിമ വലിയ ആളുകള്‍ കാണുമ്പോള്‍ അവരുടെ നെഞ്ചില്‍ ഒരു കനമായിരിക്കുമെന്ന് എനിക്കറിയാം.
എന്നാല്‍ എനിക്ക് ആ സിനിമ കാണുമ്പോള്‍ അത്ഭുതമായിരുന്നു. ഒരു മായാലോകത്ത് അകപ്പെട്ടതുപോലുള്ള തോന്നലായിരുന്നു. ഞാന്‍ ആദ്യമായി തിയേറ്ററില്‍ നിന്ന് കണ്ട സിനിമയായതുകൊണ്ടുതന്നെ ആ സിനിമ കണ്ടപ്പോഴുള്ള അനുഭവവും ഫീലും ഞാന്‍ ഒരിക്കലും മറക്കില്ല,’ പ്രിയങ്ക ചോപ്ര പറയുന്നു.
Content Highlight: Priyanka Chopra Talks Mani Ratnam’s Bombay Movie