| Saturday, 21st February 2026, 1:11 pm

ബോളിവുഡ് വിടാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല; വാരണാസി വരുന്നതില്‍ ഒരുപാട് സന്തോഷം: പ്രിയങ്ക ചോപ്ര

ഐറിന്‍ മരിയ ആന്റണി

ബോളിവുഡിലും ഹോളിവുഡിലും ആരാധകര്‍ ഏറെയുള്ള താരമാണ് പ്രിയങ്ക ചോപ്ര. 2002ല്‍ പുറത്തിറങ്ങിയ തമിഴന്‍ തമിഴന്‍ എന്ന വിജയ് ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച പ്രിയങ്ക പിന്നീട് ബോളിവുഡില്‍ ശക്തമായ വേഷങ്ങള്‍ ചെയ്തു. മേരി കോം, ബര്‍ഫി എന്നിവ താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളാണ്.
എന്നാല്‍ സമീപകാലത്ത് പ്രിയങ്ക ബോളിവുഡില്‍ അഭിനയിച്ചിരുന്നില്ല.

ഇപ്പോള്‍ ഫസ്റ്റ് പാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍, ബോളിവുഡ് വിടാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും ഹിന്ദി സിനിമകളില്‍ തനിക്ക് പല തരത്തിലുള്ള പരിമിതികള്‍ ഉണ്ടായിരുന്നുവെന്നും പ്രിയങ്ക പറയുന്നു.

‘ബോളിവുഡ് നിര്‍ത്താന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഹിന്ദിയില്‍ വര്‍ക്ക് ചെയ്തിരുന്നപ്പോള്‍ പല കാരണങ്ങളാല്‍ എനിക്ക് പരിമിതികള്‍ തോന്നി. അത് ഞാന്‍ മാറ്റാന്‍ ആഗ്രഹിച്ചിരുന്നു. ഒരു കലാകാരി എന്ന നിലയില്‍ അന്യഭാഷകളിലേക്കും അവസരങ്ങള്‍ തേടാന്‍ ഞാന്‍ നിര്‍ബന്ധിതനായി. എനിക്ക് ഇന്ത്യന്‍ സിനിമകള്‍ വളരെ ഇഷ്ടമാണ്.

വാരണാസി എന്ന സിനിമയിലൂടെ വീണ്ടും ഞാന്‍ ബോളിവുഡിലേക്ക് എത്തിയതില്‍ വളരെ സന്തോഷമുണ്ട്. ഹോളിവുഡ്, ബോളിവുഡ് എന്നിങ്ങനെ രണ്ടില്‍ ഒന്ന് തെരഞ്ഞെടുക്കേണ്ടി വരുന്നതിനോട് എനിക്ക് താത്പര്യമില്ല. എനിക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല, രണ്ട് ഇടത്തും ഞാന്‍ ഒരുപോലെയാണ് സഞ്ചരിക്കുന്നത്,’ പ്രിയങ്ക പറയുന്നു.

രണ്ട് ഇന്‍ഡസ്ട്രിയിലും പ്രവര്‍ത്തിക്കുന്നത് താന്‍ ഒരുപാട് ആസ്വദിക്കുന്നുവെന്നും സംസ്‌കാരങ്ങള്‍ പോലെ, രണ്ട് ഇന്‍ഡസ്ട്രിക്കും അതിന്റേതായ വ്യത്യസങ്ങളുണ്ടെന്നും പ്രിയങ്ക പറഞ്ഞു. ഇപ്പോള്‍ തനിക്ക്
ബോളിവുഡിലും ഹോളിവുഡിലും അതിന്റേതായ വ്യത്യസ്ത രീതികളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും നടി കൂട്ടിച്ചേര്‍ത്തു.

സിനിമാപ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എസ്.എസ്. രാജമൗലി ചിത്രം വാരണാസി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മഹേഷ് ബാബുവും പൃഥ്വിരാജും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്രയും ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ചിത്രത്തിന്റേതായി വന്ന പോസ്റ്ററുകള്‍ സമുഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയക്ക് വഴിവെച്ചിരുന്നു. ചിത്രത്തില്‍ മന്ദാകിനി എന്ന കഥാപാത്രമായാണ് പ്രിയങ്ക എത്തുന്നത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രിയങ്ക ഒരു ഇന്ത്യന്‍ സിനിമയുടെ ഭാഗമാകുന്നത്. 2019ല്‍ പുറത്തിറങ്ങിയ ദി സ്‌കൈ ഇസ് പിങ്ക്’ ആണ് പ്രിയങ്കയുടേതായി ഒടുവില്‍ വന്ന ഹിന്ദി ചിത്രം. അതേസമയം ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന വാരണാസി 2027 ഏപ്രിലില്‍ തിയേറ്ററുകളില്‍ എത്തും.

Content Highlight: Priyanka chopra says  she  never wanted to leave Bollywood 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more