| Thursday, 13th November 2025, 12:10 pm

ആദ്യം പൃഥ്വിരാജ്, ഇപ്പോ പ്രിയങ്ക ചോപ്ര, രാജമൗലി മനപൂര്‍വം ആവറേജ് പോസ്റ്ററുകള്‍ പുറത്തുവിടുകയാണോ? ചോദ്യവുമായി ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമ ആകാംക്ഷയോടെ കാത്തിരിക്കുന്ന SSMB 29ലെ പുതിയ അപ്‌ഡേറ്റ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ നായികയായ പ്രിയങ്ക ചോപ്രയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മന്ദാകിനി എന്നാണ് പ്രിയങ്കയുടെ കഥാപാത്രത്തിന്റെ പേര്. കൈയില്‍ തോക്കുമായി നില്‍ക്കുന്ന മന്ദാകിനിയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

പോസ്റ്റര്‍ ശരാശിയാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. രാജമൗലിയുടെ സിനിമ എന്ന ഫീല്‍ പോസ്റ്റര്‍ കാണുമ്പോള്‍ തോന്നുന്നില്ലെന്നാണ് പലരും വിമര്‍ശിക്കുന്നത്. ചിത്രത്തിന്റെ ഹൈപ്പ് കുറക്കാന്‍ മനപൂര്‍വം ചെയ്യുന്നതാണോ എന്നാണ് ചില പോസ്റ്റുകള്‍. മാസ് പോസ്റ്ററിലും നേവല്‍ ഷോ വെക്കാന്‍ തെലുങ്ക് ഇന്‍ഡസ്ട്രി മറന്നിട്ടില്ലെന്നും ചിലര്‍ വിമര്‍ശിക്കുന്നു.

ആര്‍.ആര്‍.ആര്‍ എന്ന ഗ്ലോബല്‍ റീച്ച് സിനിമക്ക് ശേഷം രാജമൗലി ചെയ്യുന്ന സിനിമയാണ് ഇതെന്ന് പോസ്റ്റര്‍ കാണുമ്പോള്‍ തോന്നുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍. എന്നാല്‍ പോസ്റ്ററിനെ അനുകൂലിച്ചുകൊണ്ടും ചിലര്‍ രംഗത്തെത്തുന്നുണ്ട്. ഈയടുത്ത് ഒരു സ്ത്രീ കഥാപാത്രത്തിന് ലഭിച്ച ഏറ്റവും മികച്ച മാസ് പോസ്റ്ററാണ് ഇതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

ഗ്ലോബ്‌ട്രോട്ടര്‍ എന്ന ടാഗ്‌ലൈിനെലത്തുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററും വിമര്‍ശനത്തിന് വിധേയമായിരുന്നു. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കുംഭ എന്ന വില്ലന്‍ കഥാപാത്രത്തിന്റെ പോസ്റ്റര്‍ ട്രോള്‍ മെറ്റീരിയലായി മാറി. വീല്‍ ചെയറിലിരിക്കുന്ന പൃഥ്വിയുടെ പോസ്റ്ററിനെ ട്രോള്‍ പേജുകള്‍ വലിച്ചുകീറി. ആദ്യ അപ്‌ഡേറ്റായാണ് പൃഥ്വിയുടെ പോസ്റ്റര്‍ പുറത്തുവിട്ടത്.

ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചിന് മുമ്പ് ഓരോ കഥാപാത്രത്തെയും പരിചയപ്പെടുത്തുന്ന ക്യാമ്പയിനാണ് അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. നവംബര്‍ 15ന് മഹേഷ് ബാബുവിന്റെ ഫസ്റ്റ് ലുക്കും ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിടും. പൃഥ്വിയുടെയും പ്രിയങ്കയുടെയും പോസ്റ്റര്‍ പോലെയാകുമോ മഹേഷ് ബാബുവിന്റേതെന്നാണ് പലരും ചോദിക്കുന്നത്.

ഹൈദരബാദ് റാമോജി ഫിലിം സിറ്റിയില്‍ വെച്ചാണ് ടൈറ്റില്‍ ലോഞ്ച്. ഇന്ത്യന്‍ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഗ്രാന്‍ഡ് ഇവന്റായാണ് ടൈറ്റില്‍ ലോഞ്ച് ഒരുങ്ങുന്നത്. മൂന്നര മിനിറ്റുള്ള ഗ്ലിംപ്‌സിനൊപ്പമാണ് ടൈറ്റില്‍ പുറത്തുവിടുക. ഹോളിവുഡ് ഇതിഹാസം ജെയിംസ് കാമറൂണാണ് ടൈറ്റില്‍ പുറത്തുവിടുകയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Priyanka Chopra’s poster in SSMB 29 getting criticized

We use cookies to give you the best possible experience. Learn more