മുംബൈ: സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമായി മാറിയ 370 രൂപയുടെ ബിരിയാണി വിവാദവുമായി ബന്ധപ്പെടുത്തി മുബൈ പൊലീസ് പങ്കുവെച്ച പോസ്റ്റിനെതിരെ രംഗത്തെത്തി ശിവസേന (യു.ബി.ടി) നേതാവും എം.പിയുമായ പ്രിയങ്ക ചതുര്‍വേദി.
പോസ്റ്റ് അങ്ങേയറ്റം അപമാനകരമാണെന്ന് ചതുര്‍വേദി പറഞ്ഞു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഇത്രയും ഗൗരവമുള്ളൊരു വിഷയത്തെ മുംബൈ പൊലീസ് തമാശയാക്കി മാറ്റുകയാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ഇത് അങ്ങേയറ്റം അപമാനകരമാണ്. മുംബൈ പൊലീസ് ഇത് നല്ല രീതിയില്‍ കൈകാര്യം ചെയ്യണമായിരുന്നു,’ പ്രിയങ്ക പറഞ്ഞു. എക്‌സിലൂടെയായിരുന്നു അവരുടെ പ്രതികരണം.
ഒരു കോമഡി ഷോയ്ക്കിടെ സ്റ്റാന്‍ഡ്-അപ്പ് കോമഡിയനായ പ്രണീത് മോറെയുടെ മുന്നില്‍ വെച്ച് ഹിമാന്‍ഷു ജാംഗ്ര എന്ന യുവാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഒരു പെണ്‍കുട്ടിയെ താന്‍ ഡേറ്റിന് കൊണ്ടുപോയെന്നും 370 രൂപയുടെ ചിക്കന്‍ ബിരിയാണി വാങ്ങി നല്‍കിയതിനാല്‍ അതിന് പകരമായി ശാരീരിക അടുപ്പം താന്‍ ആഗ്രഹിച്ചുവെന്നുമാണ് ഇയാള്‍ പറഞ്ഞത്.
പെണ്‍കുട്ടിയുടെ താത്പര്യമില്ലായ്മ അവഗണിച്ച് വിജനമായ പാര്‍ക്കിലേക്ക് കൊണ്ടുപോയ കാര്യവും ഇയാള്‍ വിവരിച്ചു. ഇത് കേട്ട് കോമഡിയന്‍ ചിരിക്കുകയും ഇയാള്‍ക്ക് സമ്മാനത്തുക നല്‍കുകയും ചെയ്തു. സ്ത്രീകളുടെ സമ്മതത്തെ വിലകുറച്ചു കാണിക്കുന്ന ഈ വീഡിയോയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഈ വിവാദം മുന്‍നിര്‍ത്തി ബോധവല്‍ക്കരണത്തിനായി മുംബൈ പോലീസ് എക്‌സില്‍ ഒരു പോസ്റ്റ് പങ്കുവെച്ചു. ‘370 രൂപയ്ക്ക് ഒരു പ്ലേറ്റ് ബിരിയാണി ലഭിക്കും, എന്നാല്‍ ഞങ്ങളുടെ ലോക്കപ്പില്‍ ദീര്‍ഘകാലത്തെ താമസത്തോടൊപ്പം സൗജന്യ ഭക്ഷണവും ലഭിക്കും’ എന്നായിരുന്നു പോസ്റ്റിലെ ഉള്ളടക്കം. കൂടാതെ ബിരിയാണി എന്നാല്‍ സമ്മതമല്ല എന്ന ഹാഷ്ടാഗും അവര്‍ ഉപയോഗിച്ചിട്ടുണ്ട്.
ഇതിനെതിരെയായിരുന്നു എം.പിയുടെ പരാമര്‍ശം.
വിവാദങ്ങള്‍ ശക്തമായതോടെ യുവാവും കോമഡിയനും മാപ്പ് പറയുകയും കോമഡിയന്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഡിസേബിളാക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ച് വിടുകയും ചെയ്തിരുന്നു.
Content Highlight: Priyanka Chaturvedi slams Mumbai Police for posting Rs 370 biryani