| Sunday, 6th July 2025, 4:42 pm

എവിടെ നിന്നാണ് ആർ.എസ്.എസിന് ആസ്ഥാന മന്ദിരം പണിയാൻ പണം ലഭിക്കുന്നത്? രൂക്ഷ വിമർശനവുമായി പ്രിയങ്ക് ഖാർഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൽബുർഗി: ആർ.എസ്.എസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കർണാടക ഗ്രാമ വികസന, പഞ്ചായത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ. ആർ.എസ്.എസിന്റെ പാർട്ടി ഓഫീസ് നിർമിക്കുന്നതിന് ലഭിക്കുന്ന പണത്തിന്റെ ഉറവിടത്തെ കുറിച്ചാണ് ഖാർഗെ വിമർശനമുന്നയിച്ചത്. 300 മുതൽ 400 കോടി രൂപ വരെയുള്ള കെട്ടിടങ്ങൾ നിർമിക്കാൻ എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

എന്തുകൊണ്ടാണ് അവരുടെ ഫണ്ടിങ് അവ്യക്തമാകുന്നതെതെന്ന് ചോദിച്ച അദ്ദേഹം കോൺഗ്രസ് മൂന്നക്കമുള്ള സീറ്റ് നേടി അധികാരത്തിൽ വന്നാൽ ഇ.ഡി, ഐ.ടി പോലുള്ള ഏജൻസികളെ ആർ.എസ്.എസ് ആസ്ഥാനത്തേക്ക് അയക്കുമെന്നും കൂട്ടിച്ചേർത്തു. കൽബുർഗിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ഖാർഗെ വിമർശനം ഉന്നയിച്ചത്.

‘300 മുതൽ 400 കോടി രൂപ വരെ വിലമതിക്കുന്ന ഓഫീസ് കെട്ടിടങ്ങൾ നിർമ്മിക്കാൻ ആർ.എസ്.എസിന് എവിടെ നിന്നാണ് പണം ലഭിക്കുന്നത്? എന്തുകൊണ്ടാണ് അവരുടെ ഫണ്ടിങ് ഇത്ര അവ്യക്തമാകുന്നത്? ആർക്കെങ്കിലും ഉത്തരം അറിയാമെങ്കിൽ അവർ എന്നോട് പറയൂ. എന്തായാലും എനിക്ക് ഉത്തരം അറിയാം,’ ഖാർഗെ പറഞ്ഞു.

ആർ‌.എസ്‌.എസും ബി.ജെ.പിയും ഭരണഘടനാ വിരുദ്ധരാണെന്ന് മുമ്പ് നടത്തിയ ആരോപണം ഖാർഗെ വീണ്ടും ആവർത്തിച്ചു. അധികാരത്തിൽ എത്തിയാൽ ഈ രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാകുന്ന, മതപരമായ അടിസ്ഥാനത്തിൽ സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന, ഭരണഘടനയുടെ തത്വങ്ങൾ ലംഘിക്കുന്ന സംഘടനകൾക്കെതിരെ നടപടിയെടുക്കുമെന്നും ഖാർ​ഗെ പറഞ്ഞു. ജാതി, വർഗീയ വിദ്വേഷം പ്രചരിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് ദോഷം വരുത്തുന്നവർ ദേശവിരുദ്ധരാണെന്ന് അംബേദ്കർ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോഷ്യലിസം, സോക്യുലറിസം എന്നീ ആശയങ്ങളെ കുറിച്ചുള്ള ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും നിലപാടിനെയും അദ്ദേഹം വിമർശിച്ചു.

‘തുടക്കം മുതൽ തന്നെ ആർ.എസ്.എസ് ഇന്ത്യൻ ഭരണഘടനയെ എതിർക്കുന്നു. അവരുടെ മാസികയായ ഓർഗനൈസർ ഭരണഘടനയെ എതിർത്തിരുന്നു. മനുസ്മൃതിക്ക് വേണ്ടിയാണ് അവർ വാദിച്ചത്. ബ്രിട്ടീഷ് സൈന്യത്തിൽ ചേർന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സൈന്യത്തിനെതിരെ പോരാടാൻ ഇന്ത്യക്കാരോട് സവർക്കർ ആഹ്വാനം ചെയ്തു. എന്തിനാണ് അദ്ദേഹം ബ്രിട്ടീഷുകാർക്ക് ക്ഷമാപണ കത്തുകൾ എഴുതിയത്? എന്തുകൊണ്ടാണ് അദ്ദേഹം അവരുടെ പെൻഷൻ സ്വീകരിച്ചത്,’ ഖാർ​ഗെ പറഞ്ഞു.

Content Highlight: Priyank Kharge brutally criticizing RSS asking source of 300 crore RSS office

We use cookies to give you the best possible experience. Learn more