| Thursday, 19th March 2026, 7:22 am

ആ സിനിമ കഴിഞ്ഞപ്പോള്‍ അഭിനയിക്കാന്‍ അറിയുമെന്ന് ബോധ്യപ്പെട്ടു; നൃത്തം എന്റെ രക്തത്തിലുണ്ട്: പ്രിയംവദ

ഐറിന്‍ മരിയ ആന്റണി

ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ മലയാളികള്‍ക്ക് സുപരിചിതമായ മുഖമാണ് പ്രിയംവദയുടേത്. ഷാനവാസ് കെ. ബാവകുട്ടിയുടെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ തൊട്ടപ്പന്‍ എന്ന ചിത്രത്തിലൂടെയാണ് പ്രിയംവദ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന് ആ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ച താരം പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി.

ടൊവിനോ നായകനായെത്തിയ നരിവേട്ടയിലെ കഥാപാത്രമാണ് താരത്തെ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സുപരിചിതയാക്കിയത്. ചിത്രത്തില്‍ ജേക്‌സ് ബിജോയ് സംഗീതം നല്‍കിയ മിന്നല്‍ വള എന്ന ഗാനം കേരളക്കര ഒന്നടങ്കം ഏറ്റുപാടി. അടുത്തിടെ പൃഥ്വിരാജ് നായകനായെത്തിയ വിലായത്ത് ബുദ്ധയിലും പ്രിയംവദ പ്രധാനവേഷത്തിലെത്തിയിരുന്നു.

ഇപ്പോഴിതാ, ആദ്യ സിനിമ കഴിഞ്ഞപ്പോഴാണ് തനിക്ക് അഭിനയിക്കാനറിയാം എന്ന് സ്വയം ബോധ്യപ്പെട്ടതെന്ന് പ്രിയംവദ പറയുന്നു.

‘ഒരു കാര്യത്തില്‍ എത്രമാത്രം ആവേശകരമായി മുന്നോട്ട് പോകാനാകുമെന്ന് എന്റെ അച്ഛന്റെയും അമ്മയുടെയും ജീവിതത്തില്‍ നിന്ന് ഞാന്‍ മനസിലാക്കി. ബംഗാളിയായ അമ്മ പല്ലവി കൃഷ്ണന്‍ കേരളത്തിന്റെ ന്യത്തരൂപമായ മോഹിനിയാട്ടം പഠിക്കാന്‍ മാത്രമായി കേരളത്തില്‍ വന്നയാളാണ്. മോഹിനിയാട്ടത്തിന്റെ മേഖലയില്‍ സ്വന്തമായൊരു ഇടം കണ്ടെത്താനും അതില്‍ ഉറച്ചു നില്‍ക്കാനും അവരെടുത്ത ശ്രമം അത്ഭുതകരമാണ്.

കണ്ണൂര്‍കാരനായ അച്ഛന്‍ കെ.കെ. ഗോപാലകൃഷ്ണന്‍ അതേ ആവേശത്തോടെ എഴുത്തിന്റെ ലോകത്തുണ്ട്. കലാചരിത്രകാരനും ഫോട്ടോഗ്രാഫറും പ്രഭാഷകനുമാണ്. എന്താകണം കരിയര്‍ എന്ന ചിന്തയൊക്കെ എന്റെയുള്ളില്‍ വന്നത് എട്ടിലോ ഒമ്പതിലോ പഠിക്കുമ്പോഴാണ്. അന്നേ മനസില്‍ ഉറപ്പിച്ചതാണ് അഭിനയം ആണ് കരിയറെന്ന്,’ പ്രിയംവദയുടെ വാക്കുകള്‍.

സെലക്റ്റീവ് ആയി സിനിമ ചെയ്യാനുള്ള വളര്‍ച്ച തനിക്ക് വന്നിട്ടുണ്ടെന്ന് കരുതുന്നില്ലെന്നും പക്ഷെ, ഒരേ പോലുള്ള കഥാപാത്രങ്ങള്‍ ഒഴിവാക്കാറുണ്ടെന്നും പ്രിയംവദ പറയുന്നു. സ്‌ക്രീന്‍ സ്‌പേസ് എന്നതിനെക്കാള്‍ കഥാപാത്രത്തിന്റെ കഥയിലെ പ്രാധാന്യം കണക്കിലെടുത്താണ് സിനിമകള്‍ സ്വീകരിക്കുന്നതെന്നും നൃത്തം തന്റെ രക്തത്തിലുള്ളതാണെന്നും നടി പറഞ്ഞു.

താന്‍ ഭരതനാട്യവും മോഹിനിയാട്ടവും പഠിച്ചിട്ടുണ്ടെന്നും അമ്മയുടെ കൂടെ ധാരാളം വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ടെന്നും പ്രിയംവദ കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ ആദ്യമായി നൃത്തം ചെയ്യാന്‍ അവസരം ലഭിച്ചത് വിലായത്ത് ബുദ്ധയിലാണെന്നും സിനിമയില്‍ മുഴുനീള നൃത്ത രംഗങ്ങള്‍ കിട്ടിയെങ്കില്‍ എന്നാഗ്രഹിക്കുന്നുണ്ടെന്നും നടി പറഞ്ഞു. തനിക്ക് ബംഗാളി ഭാഷ നന്നായി കൈകാര്യം ചെയ്യാനറിയാമെന്നും ബംഗാളി സിനിമകളില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും പ്രിയംവദ പറഞ്ഞു.

Content Highlight: Priyamvada talks about choosing films

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more